റിയാദ്- സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് അടുത്ത മൂന്നു മാസത്തെ ലെവി ഒഴിവാക്കിത്തുടങ്ങി. ഇഖാമ പുതുക്കുന്നതിന് മുന്നോടിയായി തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സദാദ് നമ്പർ എടുക്കുമ്പോഴാണ് മൂന്നു മാസത്തെ ലെവി ആനുകൂല്യം ലഭ്യമാകുന്നത്. കോവിഡ് വൈറസ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായ സ്വകാര്യസ്ഥാപനങ്ങൾക്ക് ധനമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിച്ച ആശ്വാസ പാക്കേജുകളുടെ ഭാഗമാണ് മൂന്നു മാസത്തെ ലെവി റദ്ദാക്കൽ.
മാർച്ച് 20 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ഇഖാമയുടെ കാലാവധി അവസാനിക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. അഥവാ ഇക്കാലയളവിൽ പുതുക്കുന്നവർക്ക് 12 മാസത്തെ ലെവി അടക്കുന്നതോടെ 15 മാസത്തേക്ക് ഇഖാമയുടെ കാലാവധി ലഭിക്കും. ഇഖാമ പുതുക്കാനുള്ള ലെവി സംഖ്യ അടുത്ത മൂന്നു മാസം കഴിച്ച് 12 മാസത്തേക്കാണ് കണക്കുകൂട്ടുന്നത്. സ്വദേശിവത്കരണതോതനുസരിച്ച് 800 റിയാൽ, 700 റിയാൽ എന്നിങ്ങനെയാണ് ഓരോ ജീവനക്കാരനും ഇഖാമ പുതുക്കുന്നതിനുള്ള പ്രതിമാസ ലെവി. ഇതുപ്രകാരം 2400, 2100 റിയാൽ തോതിലാണ് ഒരു ജീവനക്കാരന്റെ ഇഖാമ പുതുക്കുമ്പോൾ സ്ഥാപനത്തിന് ആനുകൂല്യമായി ലഭിക്കുക. പണമായി സ്ഥാപനങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെങ്കിലും തൊഴിലാളിയുടെ ഇഖാമയുടെ മൂന്നു മാസത്തെ അധിക കാലാവധി സൗജന്യമായി ലഭിക്കും.
അതേസമയം വെള്ളിയാഴ്ചക്ക് മുമ്പ് ഇഖാമയുടെ കാലാവധി അവസാനിച്ച് പുതുക്കാത്തവർക്ക് ആനുകൂല്യം ലഭ്യമാകില്ലെന്ന് ജവാസാത്ത് ചോദ്യത്തിനുത്തരമായി പറഞ്ഞു. നേരത്തെ പുതുക്കാത്തതിനുള്ള പിഴയും ഒഴിവാകില്ല. ആശ്രിത ലെവിയും ഒഴിവാകില്ലെന്ന് ജവാസാത്ത് അറിയിച്ചു.