-രണ്ടാമത്തെ വലിയ കരാറിൽ
ഫ്രഞ്ച് താരം ബാഴ്‌സയിൽ
ബാഴ്‌സലോണ - സങ്കീർണമായ ട്രാൻസ്ഫർ ചർച്ചകൾക്കു വിരാമമിട്ട് ബൊറൂഷ്യ ഡോർട്മണ്ടിന്റെ ഫ്രഞ്ച് താരം ഉസ്മാനു ദെംബെലെ ബാഴ്‌സലോണയിൽ ചേർന്നു. 10.5 കോടി യൂറോയാണ് (800 കോടി രൂപ) ഇരുപതുകാരനായി ബാഴ്‌സലോണ ചെലവിട്ടത്. 15 കോടി യൂറോയെങ്കിലും നൽകാതെ വിട്ടുതരില്ലെന്ന നിലപാടിലായിരുന്നു ബൊറൂഷ്യ. നെയ്മാർ പി.എസ്.ജിയിലേക്ക് ചേക്കേറിയ ഒഴിവിലാണ് ലിവർപൂളിന്റെ കൗടിഞ്ഞോയെയും ദെംബെലെയെയും ബാഴ്‌സലോണ വലവീശിയത്. നെയ്മാർ ധരിച്ചിരുന്ന പതിനൊന്നാം നമ്പറായിരിക്കും ദെംബെലെ അണിയുക.
ബാഴ്‌സലോണയുമായുള്ള ചർച്ചകൾ എങ്ങുമെത്തായതോടെ ബൊറൂഷ്യയിലെ സഹകളിക്കാരുമായി ഉടക്കുകയും ട്രയ്‌നിംഗ് ബഹിഷ്‌കരിക്കുകയും ചെയ്ത ദെംബെലെയെ ജർമൻ ക്ലബ് സസ്‌പെന്റ് ചെയ്തിരുന്നു.
പ്രകടനത്തിനനുസരിച്ചുള്ള ബോണസ് കണക്കിലെടുത്താൽ 4.2 കോടി യൂറോ കൂടി ദെംബെലെക്ക് ലഭിക്കും. ട്രാൻസ്ഫർ തുകയുടെ റെക്കോർഡിൽ രണ്ടാം സ്ഥാനം ലഭിക്കും ഇതിന്. നെയ്മാർ 22.2 കോടി യൂറോക്കാണ് പി.എസ്.ജിയിലേക്കു പോയത്. 10.5 കോടി യൂറോക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തിയ പോൾ പോഗ്ബയുടേതാണ് നിലവിൽ രണ്ടാം സ്ഥാനം.
അതിനിടെ, തങ്ങളുമായുള്ള കരാർ ലംഘിച്ച നെയ്മാരർ 85 ലക്ഷം യൂറോ നഷ്ടപരിഹാരം നൽകണമെന്ന് ബാഴ്‌സലോണ ആവശ്യപ്പെട്ടു. ബോണസ് കിട്ടിയില്ലെന്നാരോപിച്ച് നെയ്മാറും കേസ് കൊടുത്തിട്ടുണ്ട്. ഒക്‌ടോബറിൽ കരാർ പുതുക്കിയപ്പോഴാണ് 85 ലക്ഷം യൂറോ നെയ്മാറിന് ബാഴ്‌സ നൽകിയത്. കരാർ ഒരു വർഷം തികയും മുമ്പെ താരം ക്ലബ് വിട്ട് പി.എസ്.ജിയിൽ ചേർന്നു. ഈ മാസം 11 ന് ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും തുക കിട്ടാൻ വൈകുന്നതിനാൽ 10 ശതമാനം അധികം നൽകണമെന്നുമാണ് ബാഴ്‌സയുടെ ആവശ്യം. പരാതി ബാഴ്‌സലോണ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന് കൈമാറിയിട്ടുണ്ട്. ഫിഫക്കും അതിന്റെ കോപ്പി കൈമാറി