അജ്മാന്‍- കൊറോണ മുന്‍കരുതലിന്റെ ഭാഗമായി എമിറേറ്റില്‍ ഈ റമദാനില്‍ ഇഫ്താര്‍ തമ്പുകള്‍ക്കും ഭക്ഷണ വിതരണത്തിനും വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അജ്മാന്‍ ചാരിറ്റി കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. റമദാന്‍ തമ്പുകള്‍ക്ക് നല്‍കിയ പെര്‍മിറ്റുകള്‍ റദ്ദാക്കി. പള്ളി അങ്കണങ്ങളില്‍ ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നോമ്പ് തുറക്കാനുള്ള ഭക്ഷണം വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത സന്നദ്ധ സംഘടനകളുമായി സഹകരിച്ചു നടത്തണം. ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ചാരിറ്റി, അല്‍ ഇഹ്‌സാന്‍ ചാരിറ്റി അസോസിയേഷന്‍, ഇന്റര്‍നാഷനല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷന്‍, അജ്മാന്‍ ചാരിറ്റി, ദാറുല്‍ ബിര്‍, ബൈത്തുല്‍ ഖൈര്‍, റെഡ് ക്രസന്റ്, അല്‍ നഫഅ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ വര്‍ക്‌സ് ആന്‍ഡ് ചാരിറ്റി തുടങ്ങിയ സര്‍ക്കാര്‍ സന്നദ്ധ സംഘടകള്‍ വഴിമാത്രം ഇഫ്താര്‍ വിഭവ വിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട്.