Sorry, you need to enable JavaScript to visit this website.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം- വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ച വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്ന്  ക്രൈംബ്രാഞ്ച് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. അമിതവേഗത്തെ തുടര്‍ന്ന് കാറിനു നിയന്ത്രണം വിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരിക്കുന്നത്.  2018 സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം മംഗലപുരത്തിന് സമീപമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവസ്ഥലത്തുവെച്ചും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.

തൃശൂരില്‍നിന്ന് പുറപ്പെട്ടത് മുതല്‍ കാര്‍ അമിതവേഗത്തിലായിരുന്നു. മൂന്നര മണിക്കൂറിനുള്ളില്‍ 260 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ കുടുംബം അന്ന് രാത്രി തന്നെ മടങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ ബാലഭാസ്‌കര്‍ തീരുമാനിച്ചിരുന്നു.

രാത്രി തന്നെ മടങ്ങുന്നതിനാല്‍ നിരക്ക് കുറച്ചുതരണമെന്ന് ബാലഭാസ്‌കര്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് രാത്രി യാത്രയില്‍ അസ്വാഭാവികതയില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അപകടസ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ ചിലരെ കണ്ടുവെന്ന കലാഭവന്‍ സോബിയുടെ വാദങ്ങളും ക്രൈംബ്രാഞ്ച് തള്ളി. പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിയതെന്നും അപകടത്തില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണസംഘം പറയുന്നു.
ബാലഭാസ്‌കറിന്റെ പിതാവ് ഉന്നയിച്ച എല്ലാ സംശയങ്ങളും അന്വേഷിച്ചെന്നും അപകടത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.  ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തതിനാല്‍ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് സിബിഐ ഉദ്യോഗസ്ഥരും പരിശോധിച്ചുവരികയാണ്.

 

 

 

 

Latest News