മഞ്ചേരി- മുസ്ലിം ലീഗ് പ്രവർത്തകനായ താനൂർ കുപ്പന്റെപുരക്കൽ ഇസ്ഹാഖ് എന്ന റഫീഖി(36)നെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ഒമ്പതാം പ്രതിയായ സിപിഎം പ്രവർത്തകന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. താനൂർ അഞ്ചുടി പുതിയകടപ്പുറം ഏനീന്റെ പുരക്കൽ അഫ്സലി(24)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഒക്ടോബർ 24ന് രാത്രി 7.45ന് അഞ്ചുടിയിലാണ് സംഭവം. പള്ളിയിലേക്ക് നമസ്‌കാരത്തിനായി പോകുകയായിരുന്ന ഇസ്ഹാഖിനെ സംഘം ചേർന്നെത്തിയ പ്രതികൾ മഴു, വാൾ എന്നിവ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ 1,4,5 പ്രതികളെ 2019 ഒക്ടോബർ 26നും 2,3,6,8 പ്രതികളെ 31നും 7,9 പ്രതികളെ നവംബർ ആറിനും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നം പ്രതിയുടെ പിതൃസഹോദരനും അഞ്ചാം പ്രതിയുടെ സഹോദരനുമായ ഷംസുവിനെ മുസ്ലിം ലീഗ് പ്രവർത്തകർ നേരത്തെ സംഘം ചേർന്ന് അക്രമിച്ചിരുന്നു. തുടർന്ന് 5,6 പ്രതികൾ വീട്ടിൽ കയറി അതിക്രമം നടത്തിയതിൽ ഇസ്ഹാഖിന്റെ ഭാര്യ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.