അയല്‍ സംസ്ഥാനങ്ങളിലേക്ക് പൊതുഗതാഗതം നിലയ്ക്കുന്നു

കല്‍പറ്റ-കൊറോണ വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍നിന്നു കര്‍ണാടകയിലെ കുടക്, ചാമരാജ്‌നഗര്‍, തമിഴ്‌നാട്ടിലെ നീലഗിരി ജില്ലകളിലേക്കുള്ള പൊതുഗതാഗതം നിലയ്ക്കുന്നു. കുടകില്‍ കൊറോണ ബാധ സ്ഥീരികരിച്ചതിനു പിന്നാലെ അവിടേക്കുള്ള ഹ്രസ്വദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. മാനന്തവാടിയില്‍നിന്നുളള ബസുകള്‍ തോല്‍പ്പെട്ടിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. കുടകില്‍നിന്നുള്ള ഹ്രസ്വദൂര സര്‍വീസുകള്‍ക്കു കേരളത്തിലേക്കു പ്രവേശനം അനുവദിക്കുന്നില്ല. അതേസമയം ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കുടകിലേക്കുള്ള യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നു  ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി ആവശ്യത്തിനും മറ്റുമായി   കുടകിലേക്കു പോകുന്നവരെ  അതിര്‍ത്തിയില്‍ പോലീസ് തടയുന്നുണ്ട്. പുറമേനിന്നു ചാമരാജ്‌നഗര്‍ ജില്ലയിലേക്കുള്ള പൊതുഗതാഗതം നേരത്തേ വിലക്കിയിരുന്നു. വിലക്കിനു  നാളെ വരെ ഇളവ് ആവശ്യപ്പെട്ടു വയനാട് കലക്ടര്‍ ചാമരാജ് നഗര്‍ ജില്ലാ കലക്ടര്‍ക്കു കത്ത് നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. കേരളത്തില്‍നിന്നുള്ള പാട്ടകൃഷിക്കാര്‍ ചാമരാജ്്‌നഗര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

വയനാട്ടില്‍നിന്നു നീലഗിരിയിലേക്കും തിരിച്ചുമുള്ള പൊതുവാഹന ഗതാഗതം നാളെ മുതല്‍ അനിശ്ചിതകാലത്തേക്കു ഉണ്ടാകില്ല. ബത്തേരി ഡിപ്പോയില്‍നിന്നു ഗൂഡല്ലൂരും ഊട്ടിയും  അടക്കം നീലഗിരിയുടെ വിവധ ഭാഗങ്ങളിലേക്കും കോയമ്പത്തുരിലേക്കുമുള്ള  സര്‍വീസുകള്‍  കെ.എസ്.ആര്‍.ടി.സി നിര്‍ത്തി. കല്‍പറ്റ ഡിപ്പോയില്‍നിന്നു ഗൂഡല്ലൂര്‍, നാടുകാണി വഴി തൃശൂരിലേക്കുള്ള സര്‍വീസും റദ്ദാക്കി. മാനന്തവാടി-കോയമ്പത്തൂര്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസും റദ്ദാക്കിയതില്‍ ഉള്‍പ്പെടും. കോഴിക്കോടുനിന്നു നീലഗരിയിലേക്കുള്ള സി.ഡബ്ല്യു.എം.എസ്  ബസ് ഇന്നു സര്‍വീസ് നിര്‍ത്തും.

നീലഗിരിയില്‍നിന്നു കേരളത്തിലേക്കുള്ള മുഴുവന്‍ ബസുകളും അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. വയനാട്ടില്‍നിന്നു നീലഗിരിയിലേക്കുള്ള പൊതുഗതാഗതം നാളെ മുതല്‍ അനുവദിക്കില്ലെന്നു ജില്ലാ കലക്ടര്‍ ജെ. ഇന്നസന്റ് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റുകളായ ചോലാടി, കോട്ടൂര്‍, കക്കുണ്ടി, താളൂര്‍, നൂല്‍പ്പുഴ, ചീരാല്‍ എന്നിവിടങ്ങളിലൂടെ വയനാട്ടിലെക്കു ചരക്കു വാഹനങ്ങള്‍ ഒഴികെ വാഹനങ്ങള്‍ക്കു നിയന്ത്രിത പ്രവേശനമായിരിക്കുമെന്നു ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു.

 

Latest News