ഇടുക്കി - ജില്ലയിൽ അടുത്തിടെ ഉണ്ടായ ഭൂചലനങ്ങളെക്കുറിച്ച് പഠിക്കാൻ നാഷണൽ സീസ്മോളജി സെന്ററിൽ നിന്നുള്ള വിദഗ്ധ സംഘം ജില്ലയിലെത്തി. സാങ്കേതിക വിദഗ്ധരായ കുൽവീർ സിംഗ്, എം.എൽ ജോർജ് എന്നിവരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് ആന്റ് റിസ്‌ക് അനലിസ്റ്റ് വിദഗ്ധൻ ജി.എസ് പ്രദീപും ഉൾപ്പെടുന്നതാണ് സംഘം. സംഘം ഇന്നലെ ജില്ലാ കലക്ടർ എച്ച്.ദിനേശനുമായി ചർച്ച നടത്തി.
ആദ്യഘട്ടത്തിൽ ജില്ലയിൽ എന്തുകൊണ്ട് ഇത്തരം ചലനങ്ങൾ ഉണ്ടാകുന്നുവെന്ന് വിലയിരുത്തും. ഇതിന്റെ ഭാഗമായി ഇടുക്കി ഡാം, ആലടി, ചോറ്റുപാറ എന്നിവിടങ്ങളിൽ ഡിജിറ്റൽ സീസ്മോഗ്രാഫ് സ്ഥാപിക്കും. മൂന്നു മാസമെങ്കിലും ഉപകരണങ്ങൾ ഇവിടങ്ങളിൽ നിലനിർത്തും. പിന്നീട് ദൽഹിയിലെ ആസ്ഥാനത്ത് ഇതിൽ നിന്നുള്ള റിപ്പോർട്ട് നിരീക്ഷിക്കും. ഇടുക്കി പൊതുവെ ഭ്രംശ മേഖലയിൽ ഉൾപ്പെടുന്ന സ്ഥലമാണെങ്കിലും ഇപ്പോഴുണ്ടായ ചലനങ്ങൾ റിക്ടർ സ്‌കെയിലിൽ 2.5 പോയിന്റിൽ താഴെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ആദ്യഘട്ട നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർ പഠനം വേണമോ എന്ന് തീരുമാനിക്കും. കൊടൈക്കനാൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പ മാപിനി സ്റ്റേഷനുകളിലാണ് ചലനങ്ങൾ രേഖപ്പെടുത്തുന്നത്. ഇടുക്കിയിൽ വളരെ കുറഞ്ഞ തീവ്രതയിലുള്ള ചലനങ്ങൾ ആയതിനാൽ ഒരു തരത്തിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സംഘം വിലയിരുത്തുന്നു.
വിദഗ്ധ സംഘം ഇടുക്കിയിൽ;