മക്ക- പ്രവാസികളുടെ അനുഭവത്തിൽ ജുമുഅ നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമായിരിക്കും ഇന്നത്തേത്. ലോകം മുഴുവൻ കൊറോണ പടർന്നുപിടിക്കുമ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായാണ് സൗദിയിൽ ഇന്ന് ജുമുഅക്ക് നിരോധനം ഏർപ്പെടുത്തിയത്. മക്കയിലെയും മദീനയിലെയും ഹറമുകളിൽ ഒഴികെ ഒരിടത്തും ജുമുഅ നടന്നില്ല. സൗദിയിലുള്ള ഒരു ലക്ഷത്തിലേറെ പള്ളികളിലും ജുമുഅ നടന്നില്ല. മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഖുതുബയും നിസ്‌കാരവും ഇരുപത് മിനിറ്റിനകം പൂർത്തീകരിച്ചു. മക്കയിൽ ഹറം ഇമാം ശൈഖ് ഉസാമ ഖയ്യാത്തും മദീനയിൽ ശൈഖ് അഹമദ് താലിബ് ബിൻ ഹുമൈദും ജുമുഅക്കും നിസ്‌കാരത്തിനും നേതൃത്വം നൽകി.
ജീവിതത്തിന്റെ അലകുംപിടിയും പൊളിച്ചെഴുതി, സ്രഷ്ടാവുമായി ഉറ്റബന്ധം ഊട്ടിയുറപ്പിക്കാനുള്ള സുവർണാവസരമായാണ് കൊറോണ പരീക്ഷണത്തെ ഉപയോഗപ്പെടുത്തേണ്ടതെന്ന് ശൈഖ് ഉസാമ ഉണർത്തി. എല്ലാ വിപത്തുകളിൽനിന്നും രക്ഷ നൽകാൻ സ്രഷ്ടാവിനുമാത്രമേ സാധിക്കൂവെന്ന ഉറച്ച വിശ്വാസത്തോടെ, അവനോട് ഭയഭയക്തിയോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്നും ഇമാമുമാർ ഉപദേശിച്ചു. പ്രയാസത്തിനുപിറകെ ആശ്വാസത്തിന്റെ നാളുകൾ സമാഗതമാകുമെന്ന് വിശുദ്ധ ഖുർആൻ തുടരെത്തുടരെ ആവർത്തിച്ചുപറയുന്നത് നമുക്ക് ഏറെ പ്രത്യാശയേകുന്നതാണെന്നും അദ്ദേഹം ഉണർത്തി.