കുവൈത്ത് സിറ്റി-കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി കുവൈത്തില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പ്രഖ്യാപിച്ച അവധി ഓഗസ്റ്റ് നാലുവരെ നീട്ടി. പഠനം പുനരാരംഭിക്കുന്നതിനു മുമ്പായി പ്രവാസികളായ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നാട്ടില്‍ പോയി വരാന്‍ സമയം അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സൗദ് അല്‍ ഹര്‍ബി പറഞ്ഞു.
ഗ്രേഡ് 12 വിദ്യാര്‍ത്ഥികളുടെ പഠനം ഓഗസ്റ്റ് നാലിന് പുനരാരംഭിക്കുമെങ്കിലും ഗ്രേഡ് ഒന്നു മുതല്‍ 11 വരെയുള്ള പഠനം ഒക്ടോബര്‍ നാലിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കുന റിപ്പോര്‍ട്ട് ചെയ്തു.
12-ാം ഗ്രേഡിലെ 38,000 വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് പഠനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സൗദ് അല്‍ ഹര്‍ബിയും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മെസറാമും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിഷ്‌കരിച്ച പാഠ്യപദ്ധതി പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ അവസാനംവരെ വിദ്യാര്‍ഥികള്‍ക്ക് അഞ്ചാറ് ആഴ്ചകളുണ്ട്. ഒന്ന് മുതല്‍ 11 വരെ ഗ്രേഡുകള്‍ക്ക് ഒക്ടോബര്‍ നാലിന് മാത്രമേ പഠനം പുനരാരംഭിക്കുകയുള്ളൂ.
അടുത്ത അധ്യയനവര്‍ഷത്തിന്റെ ആരംഭം 2020 ഡിസംബറിലായിരിക്കുമെന്നും സൗദ് അല്‍ ഹര്‍ബി പറഞ്ഞു.