Sorry, you need to enable JavaScript to visit this website.

വാന്‍കൂവറില്‍നിന്ന് പുറപ്പെട്ട ഇന്ത്യന്‍ ബാലിക ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ കുടുങ്ങി

ദുബായ്- കൊറോണ മൂലം യു.എ.ഇയില്‍ പ്രവേശന നിയന്ത്രണം കാരണം യാത്ര അനുവദിക്കാത്തതിനെ തുടര്‍ന്ന് 24 മണിക്കൂറിലേറെ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 18 വയസ്സുള്ള മകളെ നാട്ടിലേക്ക് വരാന്‍ സഹായിക്കാന്‍ അധികാരികളുടെ സഹായം തേടി.

ഇന്ത്യന്‍ പ്രവാസികളും ദീര്‍ഘകാലമായി ദുബായ് നിവാസികളുമായ അര്‍ഷാദ്- ഉര്‍വി സഹീര്‍ ദമ്പതികളുടെ മകളാണ് മിഹ. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. വാന്‍കൂവറില്‍നിന്ന് ദുബായിലേക്ക് ഒരു യൂറോപ്യന്‍ എയര്‍ലൈന്‍ വഴി വരികയായിരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ നാലു മണിക്കൂര്‍ ട്രാന്‍സിറ്റിലാണ് മിഹ കുടുങ്ങിയത്.
കൊറോണ വൈറസ് പടരുന്നതിനെതിരായുള്ള പ്രതിരോധ നടപടിയെന്ന നിലയില്‍ മിഹയുടെ സ്‌കൂള്‍ പൂട്ടിയിരുന്നു. ഒപ്പം എല്ലാ വിദ്യാര്‍ഥികളോടും അതത് നാടുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു.

മിഹയുടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ അവളുടെ ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രാ നിയന്ത്രണങ്ങളുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. മാര്‍ച്ച് 19 വ്യാഴാഴ്ച പുലര്‍ച്ചെ 1.15 ന് (യു.എ.ഇ സമയം) വാന്‍കൂവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് യൂറോപ്യന്‍ എയര്‍ലൈന്‍ വിമാനത്തില്‍ മിഹ കയറി. ഇതിനിടെ, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം താമസവിസയിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതോടെയാണ് മിഹ ഫ്രാങ്ക്ഫര്‍ട്ടില്‍ കുടുങ്ങിയത്. ട്രാന്‍സിറ്റിലുള്ള യാത്രക്കാരെ യാത്ര തുടരാന്‍ അനുവദിക്കുമെന്നാണ് തങ്ങള്‍ക്ക് വിവരം കിട്ടിയതെന്നും എന്നാല്‍ അവസാന നിമിഷം തനിക്ക് വിമാനത്തിലേക്ക് പ്രവേശനം കിട്ടിയില്ലെന്നും എമിറാത്തികളെയും നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവരേയും മാത്രം കൊണ്ടുപോകാനാണ് എയര്‍ലൈനിന് നിര്‍ദേശം കിട്ടിയതെന്ന് അറിയിച്ചതായും മിഹ പറഞ്ഞു.
അതിര്‍ത്തികള്‍ അടച്ചതു കാരണം വാന്‍കൂവറിലേക്കും പോകാനാവാത്ത സ്ഥിതിയാണ്. ഷെന്‍കന്‍ വിസ ഇല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തേക്ക് വരാനും കഴിയില്ല. യൂറോപ്യന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കും നിരോധനമാണ്. സഹായം അഭ്യര്‍ഥിച്ച് ഫ്രാങ്ക്ഫര്‍ട്ടിലേയും വാന്‍കൂവറിലേയും ഇന്ത്യന്‍ എംബസികളെ സമീപിച്ചിരിക്കുകയാണ് അര്‍ഷദ്.

 

Latest News