മക്ക - സന്ദർശകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ശരീര താപനില പരിശോധിക്കുന്നതിനും വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളിൽ ഹറംകാര്യ വകുപ്പ് തെർമൽ ക്യാമറകൾ സ്ഥാപിച്ചു. വിശുദ്ധ ഹറമിലെ സുരക്ഷാ കൺട്രോൾ റൂമുമായി ക്യാമറകളെ ബന്ധിപ്പിച്ചിട്ടുണ്ട്. കൊറോണ രോഗലക്ഷണങ്ങളുള്ളവരെ വേഗത്തിൽ കണ്ടെത്തി അകറ്റി നിർത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും തെർമൽ ക്യാമറകൾ സഹായിക്കും.
എന്നാൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഹറമിൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചതെന്നും ഇത് പിന്നീട് നീക്കം ചെയ്തതായും ബന്ധപ്പെട്ടവർ പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിശുദ്ധ ഹറമിൽ ശുചീകരണ, അണുനശീകരണ ജോലികൾ ഊർജിതമാക്കിയിട്ടുണ്ട്.