Sorry, you need to enable JavaScript to visit this website.

പകർച്ചവ്യാധികളും  ഇസ്ലാമിക ജാഗ്രതയും

ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി അടച്ച പള്ളിക്കു പുറത്ത് ഒരാൾ നമസ്‌കാരം നിർവഹിക്കുന്നു.

കൊറോണ വൈറസ് ലോകത്തെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികളുടെ വിഷയത്തിൽ ഇസ്ലാം നൽകുന്ന അധ്യാപനങ്ങൾ കൂടുതൽ  പ്രസക്തമാവുകയാണ്.  മതത്തിൽ ആരാധനകളും അനുഷ്ഠാനങ്ങളും നിർബന്ധവും സമയബന്ധിതവുമാണെങ്കിലും അവയുടെ അടിസ്ഥാനപരമായ ലക്ഷ്യം മനുഷ്യന്റെ ഇഹപര നന്മകളാണ്.  ഇഹലോകത്തെ മുഴുവൻ നഷ്ടപ്പെടുത്തി പരലോകം  നേടിയെടുക്കണമെന്നല്ല മതം പഠിപ്പിക്കുന്നത്.  ഇഹത്തിലും പരത്തിലും നന്മ ഉണ്ടാകണമെന്ന ആത്മാർത്ഥമായ ആഗ്രഹം ഓരോ വിശ്വാസിയിലും ഉണ്ടായിരിക്കണമെന്നാണ് ഖുർആനിക വചനങ്ങൾ ബോധ്യപ്പെടുത്തുന്നത്.  വിശ്വാസികൾ നിർവഹിക്കേണ്ട പ്രാർത്ഥന ഇങ്ങനെയാണെന്ന് ഖുർആൻ പറയുന്നു. 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ'.  (ഖുർആൻ 2-201).

 

മനുഷ്യൻ അവന്റെ സ്രഷ്ടാവിന്റെ നിയമനിർദേശങ്ങൾ പാലിച്ച് ജീവിക്കുക എന്നതാണ് ഇസ്ലാമിക നിയമങ്ങളുടെ ആകെത്തുക.  മനുഷ്യന്റെ കഴിവുകളും ആരോഗ്യസ്ഥിതികളും വ്യത്യസ്തമായതുകൊണ്ടു തന്നെ നിയമനിർദേശങ്ങൾ പാലിക്കുന്നേടത്ത് വളരെയേറെ ഇളവുകളും സ്രഷ്ടാവ് മനുഷ്യന് നൽകിയിട്ടുണ്ട്.  ആരോഗ്യവാനായ മനുഷ്യനാണെങ്കിൽ പോലും പരിതഃസ്ഥിതികൾ മാറുമ്പോൾ ആരാധനകളിൽ ഇളവ് നൽകിയതായി കാണാം.  യാത്രാവേളകളിൽ നമസ്‌കാരം ചുരുക്കി നമസ്‌കരിക്കാൻ നിർദേശിക്കപ്പെട്ടപ്പോൾ ആരോഗ്യമല്ല, അവസ്ഥകളും പരിതഃസ്ഥിതികളുമാണ് പരിഗണിച്ചത്.  ഇസ്ലാം കാര്യങ്ങൾ എന്നറിയപ്പെടുന്ന അഞ്ചു നിർബന്ധകാര്യങ്ങളിൽ ശഹാദത്ത് ഒഴികെയുള്ള  നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ   കാര്യങ്ങളിലെല്ലാം ധാരാളം ഇളവുകൾ നൽകിയതായി കാണാം.  ഹജ്ജിനെ കുറിച്ച് പറഞ്ഞപ്പോൾ 'അങ്ങോട്ട് എത്താൻ മാർഗ്ഗം സിദ്ധിക്കുന്നവർക്ക്' എന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞതിലൂടെ ആരാധനകൾക്ക് ഒരു പ്രായോഗികവശം കൂടി ഉണ്ടെന്നും മനുഷ്യപ്രകൃതിയോട് യോജിക്കാത്ത യാതൊന്നും നിർബന്ധമാക്കി അടിച്ചേൽപ്പിക്കാൻ സാധ്യമല്ലെന്നും വ്യക്തമാക്കുകയാണ് ചെയ്യുന്നത്. 

 

ഇസ്ലാം ഒരു സാമൂഹിക ജീവിത വ്യവസ്ഥിതിയെയാണ് മുമ്പോട്ട് വെക്കുന്നത്.  സാമൂഹിക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും മനുഷ്യർ പരസ്പരമുള്ള ബന്ധങ്ങൾക്ക് വലിയ വില കൽപിക്കാനുമാണ് ഇസ്ലാം ഉൽബോധിപ്പിക്കുന്നത്.  ഇസ്ലാമിൽ ആരാധനകൾ കേവലം ചടങ്ങുകളല്ല.  ആരാധനകൾക്ക്  വ്യക്തിഗത ഭാവങ്ങളുണ്ടെങ്കിലും അവ സാമൂഹികമായി നിർവഹിക്കപ്പെടുമ്പോൾ മാത്രമേ അതിനു യഥാർത്ഥ ജീവനുണ്ടാവുകയുള്ളൂ എന്നാണ് ഇസ്ലാം മുമ്പോട്ട്  വെക്കുന്നത്.  അഞ്ചു നേരവും അയൽവാസികളെയും നാട്ടുകാരെയും കൂട്ടുകാരെയും കണ്ടു അവരുടെ വിഷമങ്ങളിലും സന്തോഷങ്ങളിലും പങ്കു ചേരാൻ വിശ്വാസിക്ക് സാധിക്കുന്നു.  ഇത്തരം നന്മകൾ നിലനിൽക്കേണ്ടതുള്ളതു കൊണ്ടാണ് നമസ്‌കാരങ്ങൾ ജമാഅത്തായി (സംഘമായി) നിർവ്വഹിക്കുവാനും ആഴ്ചയിലൊരിക്കൽ ഉദ്‌ബോധനത്തോട് കൂടി ജുമുഅയിൽ ഒരുമിച്ചുകൂടാനും നിർബന്ധിക്കപ്പെട്ടിട്ടുള്ളത്.  നമസ്‌കാരത്തിനുള്ള വിളി കേട്ടുകഴിഞ്ഞാൽ ശാരീരികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും ആരോഗ്യകരമായ പ്രശ്‌നങ്ങളില്ലെങ്കിൽ പള്ളികളിലേക്ക് കുതിക്കണമെന്ന് കൽപിക്കപ്പെട്ടിട്ടുള്ളത് ഇഹത്തിലും പരത്തിലും ലഭിക്കുന്ന നന്മകളെ ലക്ഷ്യമിട്ടുകൊണ്ടാണ്. ഈ ലക്ഷ്യങ്ങളെ മറന്നുകൊണ്ട് അക്ഷരവായനകളിലൂടെ കേവലം ചടങ്ങുകളും  മത്സരങ്ങളുമായി ആരാധനകൾ മാറുമ്പോൾ അത് വ്യക്തികൾക്കും സമൂഹത്തിനും ഭാരമായി മാറുന്നു. 

 

മനസ്സിനും ശരീരത്തിനുമുള്ള ആരോഗ്യമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.  അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഇസ്ലാം വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. പ്രാർത്ഥനകൾക്ക് വലിയ സ്ഥാനമാണ് രോഗങ്ങൾ സുഖപ്പെടുന്നതിലും രോഗങ്ങൾ വരാതിരിക്കുന്നതിലും.  എന്നാൽ അതേസമയം രോഗം പിടിപെട്ടവരെ ചികിത്സിക്കലും രോഗവും വരാതിരിക്കാനുള്ള പ്രതിരോധം ഉണ്ടാക്കിയെടുക്കലും ഇസ്ലാം നിർബന്ധമാക്കിയ കാര്യങ്ങളിൽ പെട്ടതാണ്.   'നിങ്ങൾ ഭൗതിക ചികിത്സ നടത്തുക , നിങ്ങൾ നിഷിദ്ധമായവ കൊണ്ട് ചികിത്സിക്കാതിരിക്കുക' എന്ന നബിവചനം ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.  സഹാബികൾക്കിടയിൽ ചികിത്സയിൽ പ്രാവീണ്യം നേടിയവരുണ്ടായിരുന്നു.  ബദ്ർ യുദ്ധാനന്തരം സഹാബികളെ ചികിൽസിച്ചിരുന്നത് റുഫൈദ ബിൻത് സഅദ് അൽ അസ്ലമിയ്യ ആയിരുന്നു.  ഖന്ദക്ക് യുദ്ധം കഴിഞ്ഞപ്പോൾ സഅദ് ബ്നു മുആദ് (റ) വിന് മുറിവേറ്റപ്പോൾ പ്രത്യേകമായ കൂടാരമുണ്ടാക്കി അദ്ദേഹത്തെ ചികിൽസിക്കാൻ നബി (സ) റുഫൈദയോട് ആവശ്യപ്പെട്ടതായി ആഇശ (റ) പറഞ്ഞത് ഹദീസുകളിൽ കാണാം.   ഹാരിഥ് ബ്നു കലാദ അൽഥഖഫി ഇസ്ലാമിലെ പ്രഥമ ഭിഷഗ്വരനായി അറിയപ്പെടുന്നു.  ഹാരിഥ് യമനിലേക്ക് പോയി അവിടെ പഠിക്കുകയും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് ആതുര രംഗത്ത് പ്രാവീണ്യം നേടുകയും ചെയ്തത്. സഅദ്  ബ്നു അബീ വഖാസ് (റ) സുഖമില്ലാതിരുന്നപ്പോൾ ഹാരിഥിനെയായിരുന്നു നബി (സ) വിളിച്ചിരുന്നത് എന്നും ചരിത്രത്തിൽ കാണാം. ഇതെല്ലാം സൂചിപ്പിക്കുന്നത് കാലത്തിനനുസൃതമായ ചികിത്സകളെ കണ്ടുപിടിക്കണമെന്നും വൈദ്യവിദ്യാ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും വിദഗ്ധരായ ഭിഷഗ്വരന്മാരെ വാർത്തെടുക്കണമെന്നുമാണ്.  പ്രവാചകൻ പഠിപ്പിച്ച ആരോഗ്യ-രോഗ പ്രതിരോധ  കാഴ്ചപ്പാടുകൾ പ്രയോഗവൽക്കരിക്കാൻ ആദ്യകാല മുസ്ലിംസമൂഹം മുമ്പോട്ടുവരികയുണ്ടായി. 

 

യൂറോപ്പും മറ്റു രാജ്യങ്ങളും ചികിത്സാരംഗത്ത് പിച്ച വെച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ ഇസ്ലാമിക രാജ്യങ്ങൾ വളരെയേറെ മുമ്പോട്ട് പോയിരുന്നു.  ഉമവീ കാലഘട്ടത്തിൽ വലീദ് ബ്നു അബ്ദുൽമലിക്ക് സ്ഥാപിച്ച 'ബീമാരിസ്ഥാൻ'  എന്ന കുഷ്ഠരോഗ ചികിത്സാകേന്ദ്രം മുസ്ലിം ഭരണാധികാരികൾ ആരംഭിച്ച ആശുപത്രികളിൽ വളരെ പ്രസിദ്ധമായിരുന്നു.  ഒട്ടകങ്ങളുടെ പുറത്ത് മരുന്നുകളും ആവശ്യമായ ഉപകരണങ്ങളും കെട്ടി വെച്ച് വിദൂര പ്രദേശങ്ങളിൽ പോയി രോഗികളെ ചികിത്സിക്കുന്ന 'മൊബൈൽ' രീതികളും അവർ ആവിഷ്‌കരിച്ചിരുന്നു. 

 

കൊറോണയടക്കമുള്ള പകർച്ചവ്യാധികൾ പെരുകിക്കൊണ്ടിരിക്കുന്ന ലോകത്ത് പ്രവാചകൻ പഠിപ്പിച്ച അധ്യാപനങ്ങൾ കൂടുതൽ പ്രസക്തമാകുകയാണ്.  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചു പിടിക്കാൻ അദ്ദേഹം നിർദേശിച്ചു.  വായയിൽ നിന്നും മൂക്കിൽ നിന്നും പുറത്തേക്ക് വരുന്ന സ്രവങ്ങൾ മറ്റുള്ളവരിലേക്ക് എത്താതിരിക്കാൻ അതാവശ്യമാണെന്നു പിന്നീടാണ് ലോകത്തിന് മനസ്സിലായത്. അതിലൂടെ പുറത്തേക്ക് വരുന്ന ബാക്ടീരിയ, വൈറസ് എന്നിവ സംക്രമിക്കാതിരിക്കാൻ അദ്ദേഹം പഠിപ്പിച്ച മര്യാദ അവലംബിക്കൽ അനിവാര്യമാണ്.    രോഗബാധിതനായ ഒരാൾ ചുമയ്ക്കുകയോ   തുമ്മുകയോ ചെയ്യുമ്പോൾ ഉൽപാദിപ്പിക്കുന്ന ശ്വസന തുള്ളികളാണ് അഥവാ ഡ്രോപ്ലെറ്റ്‌സാണ് കോവിഡ് വൈറസ് ഏറ്റവും എളുപ്പത്തിൽ പകരുന്നതിന് കാരണമാകുന്നത്. രോഗം ബാധിച്ച ഒരാളുടെ ചുമയിൽ നിന്നോ തുമ്മലിൽ നിന്നോ ഉള്ള തുള്ളികൾ വായുവിലൂടെ ഒരു ചെറിയ ദൂരം (മൂന്ന് അടി വരെ) മുന്നോട്ട് കൊണ്ടുപോകുകയും വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ പതിയുകയും രോഗം പകരാൻ കാരണമാകുകയും ചെയ്യും. തുമ്മുമ്പോൾ അൽഹംദു ലില്ലാഹ് (അല്ലാഹുവിനു സ്തുതി), യർഹമുകല്ലാഹ് (അല്ലാഹു താങ്കൾക്ക് അനുഗ്രഹം ചൊരിയട്ടെ), യഹ്ദീകുമുല്ലാഹ് വാ യുസ്ലിഹ് ബാലകും (അല്ലാഹു താങ്കൾക്ക് നേർവഴി കാണിക്കുകയും താങ്കളുടെ അവസ്ഥ നന്നാക്കി തീർക്കുകയും ചെയ്യട്ടെ) എന്നീ പ്രാർത്ഥനകൾ നമുക്ക് പഠിപ്പിച്ചു തന്നതിൽ വലിയ അർത്ഥങ്ങളുണ്ടെന്ന കാര്യം ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം.  


പകർച്ചവ്യാധികൾ ഒരു പ്രദേശത്ത് വ്യാപകമായാൽ അവയെ അവിടെ തന്നെ പ്രതിരോധിക്കുകയും രോഗം ബാധിച്ചവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയുമാണ് വേണ്ടതെന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്.  രോഗമില്ലാത്ത പ്രദേശത്തേക്കും  രോഗമുള്ള സ്ഥലത്തേക്കും യാത്രയും പാടില്ല എന്ന ഇസ്ലാമിക നിർദേശം രോഗവ്യാപനത്തെ തടയുന്നതിന് വേണ്ടിയാണ്. 
മനുഷ്യർ തമ്മിലുള്ള ഉദാത്തമായ സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയാണ് മനുഷ്യർ ചേർന്ന് നിൽക്കുന്നത്.  ആലിംഗനം ചെയ്യുന്നതും ഹസ്തദാനം ചെയ്യുന്നതും നമസ്‌കാരവേളകളിൽ തോളോട് തോൾ ചേർന്ന് നിൽക്കുന്നതും സമരവേളകളിൽ ഒരുമിച്ച് അണിയണിയായി പങ്കെടുക്കുന്നതുമെല്ലാം.  എന്നാൽ മനുഷ്യർ തമ്മിലുള്ള ഈ ബന്ധങ്ങൾ പകർച്ചവ്യാധി കാലങ്ങളിൽ ഒരിക്കലും ഭൂഷണമാവില്ല.  പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു പാട് കാര്യങ്ങൾക്ക് പകർച്ചവ്യാധിയുടെ കാലങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടാകും.  ഇസ്ലാം പ്രകൃതി മതമാണ്.  പ്രകൃതി നിയമങ്ങൾക്ക് അതീതമായി സഞ്ചരിക്കാൻ അത് ആവശ്യപ്പെടുന്നില്ല.


നിർബന്ധ നമസ്‌കാരങ്ങൾ പള്ളികളിൽ  വെച്ച്  നിർവഹിക്കപ്പെടുമ്പോൾ  സ്വാഭാവികമായും  സാമൂഹിക  അകലം  പാലിക്കാൻ  കഴിയില്ല.  മാത്രവുമല്ല  പള്ളികളിലെ  മുസല്ലകൾ  വളരെ  പെട്ടെന്ന്  വൈറസ്  ബാധിതമാകാനും  കാരണമാകും.  ഇത്തരം  കാരണങ്ങളാൽ  പള്ളികൾ  വൈറസുകളുടെ  വ്യാപനങ്ങൾക്ക്  കാരണമായേക്കാം.  ശുദ്ധിയും  ആരോഗ്യവും  ദൈവ സാമീപ്യവുമെല്ലാം ഉയർത്തിക്കാണിക്കുന്ന  നമസ്‌കാരം ഇത്തരം വേളകളിൽ നേർവിപരീത ഫലം  ഉണ്ടാക്കുകയും  ചെയ്യുന്നു. പകർച്ചവ്യാധിയോടൊപ്പം ജനങ്ങളിൽ ഭീതിയും ഭയപ്പാടും അത് വർധിപ്പിക്കുകയും ചെയ്യുന്നു.   ജമാഅത്ത് നമസ്‌കാരങ്ങളുടെയും ജുമുഅയുടെയും ഉദ്ദേശ്യലക്ഷ്യങ്ങളിൽ പ്രധാനമായ നിർഭയത്വത്തിന് വിരുദ്ധമായി അത് കലാശിക്കുകയും ചെയ്യും.  ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പള്ളികളിൽ നിന്നും ബാങ്ക് വിളിക്കുകയും ബാങ്കിൽ നിങ്ങൾ നിങ്ങളുടെ വീടുകളിൽ നമസ്‌കരിക്കുക (സ്വല്ലൂ ഫീ റിഹാലികും) എന്ന് വിളിച്ചു പറയുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക മാതൃക.  പള്ളികൾ നമസ്‌കാരത്തിനായി തുറന്നുകൊടുക്കാതെ താൽക്കാലികമായി വീടുകളിൽ നമസ്‌കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള സൗദി  പണ്ഡിത സഭയുടെയും ഇസ്ലാമിക മന്ത്രാലയത്തിന്റെയും തീരുമാനം ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇറാനിലും മലേഷ്യയിലും ഇന്തോനേഷ്യയിലും ഇസ്ലാമിന്റെ പേരിൽ രൂപം കൊണ്ട വലിയ ആൾക്കൂട്ടങ്ങളായിരുന്നു കോവിഡ് അവിടങ്ങളിൽ പടരാൻ കാരണമായതെന്ന കാര്യം മറന്നുപോവരുത്. രോഗം വ്യാപിച്ചു കഴിഞ്ഞതിനു ശേഷമല്ല, അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെയാണ് മുൻകരുതലുകൾ സ്വീകരിക്കേണ്ടത്.  മുൻകരുതലുകൾ സ്വീകരിക്കാതെ രോഗം പടരാനുള്ള വാതായനങ്ങൾ തുറന്നിടുന്നത് മാനവകുലത്തോടുള്ള കടുത്ത അപരാധമായിരിക്കുമെന്നതിൽ സംശയമില്ല. നിങ്ങൾ നിങ്ങളെ തന്നെ നാശത്തിലേക്ക് തള്ളിയിടരുതെന്ന ഖുർആനിക വചനം നാം ഓർക്കുക.


 

Latest News