Sorry, you need to enable JavaScript to visit this website.

നിയന്ത്രണങ്ങൾക്കിടയിലും  പത്താം ക്ലാസ് പരീക്ഷ; ആശങ്ക വ്യാപകം

കോട്ടയം - കോവിഡ് 19 അതീവജാഗ്രതയിൽ രാജ്യത്തെ എല്ലാ പരീക്ഷകളും നീട്ടിെവച്ചപ്പോഴും ലക്ഷക്കണക്കിന് വിദ്യാർഥികളെ മുൾമുനയിൽ നിർത്തിയുളള എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷ തുടരുന്നതിനെതിരെ ആശങ്ക വ്യാപകം. രാജ്യമാകെ സർവകലാശാല പരീക്ഷകൾ പോലും മാറ്റി കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുമ്പോഴാണ് കേരളത്തിലെ ഈ ആരോഗ്യ പരീക്ഷണം. ബസുകളിൽ സഞ്ചരിച്ചാണ് ഭൂരിപക്ഷം കുട്ടികളും സ്‌കൂളുകളിലെത്തുന്നത്. കൂടാതെ മിക്ക സ്‌കൂളുകളിലും കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന മുൻ കരുതലുകളും കുറവാണ്. 
സംസ്ഥാനത്ത് ഈ വർഷം 13.74 ലക്ഷം കുട്ടികളാണ് എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷയെഴുതുന്നത്.  കൈ കഴുകി കൊറോണയെ പ്രതിരോധിക്കാനുളള സന്ദേശമോ, അതിനുസരിച്ചുളള ക്രമീകരണമോ പരീക്ഷാ കേന്ദ്രങ്ങളിൽ ഇല്ലെന്ന് പരാതിയുണ്ട്.   ആരോഗ്യ വകുപ്പോ സന്നദ്ധ സംഘടനകളോ പരീക്ഷ നടക്കുന്ന സ്‌കൂളുകളിൽ എത്താറുമില്ല. കോവിഡ് ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലാണ് ഇവർ. ഇവർക്ക് സ്‌കൂളുകളിൽ എത്താൻ സമയവുമില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് മറ്റു കഌസ് പരീക്ഷകൾ മാറ്റിെവച്ചു. കൂടാതെ കേന്ദ്രസർക്കാർ പരീക്ഷകൾ മാറ്റണമെന്ന നിർദേശം നൽകിയതിനെ തുടർന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന സി.ബി.എസ്.ഇ- ഐ.സി.എസ്.ഇ പരീക്ഷകളും മാറ്റി. എന്നാൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ നിർദേശത്തിന് ചെവികൊടുത്തില്ല.


പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേകിച്ച് സുരക്ഷാ മുൻകരുതൽ ഒന്നും ഇല്ലാത്തതിനാൽ റിസ്‌ക് അധികമാണെന്ന് അധ്യാപകരും സമ്മതിക്കുന്നു. പക്ഷേ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പിടിവാശി എന്ന പോലെ മുന്നോട്ടുപോകുകയാണെന്നാണ് വിമർശനം. പൊതുസമ്പർക്കം ഒഴിവാക്കണമെന്നും മിനിമം ദൂരം പാലിച്ചേ സഞ്ചരിക്കാവൂ എന്നും ആരോഗ്യ കരുതൽ നിർദേശമുണ്ട്. പക്ഷേ കുട്ടികൾ കൂട്ടമായി തന്നെയാണ് സഞ്ചരിക്കുന്നത്. ഇവരെ ബോധവൽക്കരിക്കുന്നതുമില്ല. പല കുട്ടികളും കൊറോണ നിരീക്ഷണ മേഖലകളിൽ നിന്നാണ് വരുന്നത്. അതും കണക്കിലെടുക്കുന്നില്ല. ചില അധ്യാപക സംഘടനകൾ സാനിറ്റെസറും മറ്റും വിതരണം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും പര്യാപ്തമല്ല.  ഈ മാസം 26 വരെയാണ് എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷകൾ. തുടർന്ന് എട്ട് ഒൻപത് ക്ലാസുകളിലെ പരീക്ഷയും മുറപോലെ നടത്താനാണ് തീരുമാനം. ഇതര സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജ് വാർഷിക പരീക്ഷവരെ മാറ്റുമ്പോഴാണ് ഇവിടെ വിദ്യാർഥികളുടെ ആരോഗ്യ പരീക്ഷണം നടത്തുന്നത്.


 

Latest News