Sorry, you need to enable JavaScript to visit this website.

ഗോഗോയ്: സ്വരാജിന്റെ പഴയ  ഫേസ്ബുക്ക് പോസ്റ്റ്  വൈറല്‍ 

കൊച്ചി-വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?134 വര്‍ഷം നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍, സി.പി.എം എം.എല്‍.എ എം സ്വരാജ് നടത്തിയ പ്രതികരണമാണിത്. സ്വരാജ് അന്നിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് ശരിക്കും വൈറലായത്.
അയോദ്ധ്യ കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി ബഞ്ചിന്റെ തലവനായ രഞ്ജന്‍ ഗോഗോയ് രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ഘട്ടത്തില്‍ ഈ പോസ്റ്റിനും ഏറെ പ്രസക്തിയുണ്ട്.
സുപ്രിംകോടതി വിധിക്കെതിരെ പരമോന്നത കോടതിയിലെ മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് എ.കെ ഗാംഗുലിയും മുന്‍പ് പരസ്യമായി രംഗത്ത് വന്നിരുന്നു. വിധി കേട്ട് അങ്ങേയറ്റം ഞെട്ടിയെന്നും യുക്തിക്ക് നിരക്കാത്ത വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നുമാണ് അദ്ദേഹവും തുറന്നടിച്ചിരുന്നത്.
18 വര്‍ഷത്തെ തന്റെ ന്യായാധിപ ജീവിതത്തില്‍ ഒരു ജഡ്ജ്‌മെന്റിന് അനുബന്ധമുള്ളതായി ഇതുവരെ കണ്ടിട്ടില്ല. വിധിപ്പകര്‍പ്പ് വായിച്ച ശേഷം വിധിയുടെ തീര്‍പ്പിലേക്ക് എത്തിയതിന്റെ യുക്തികളും മനസ്സിലായില്ല. മാത്രമല്ല, അത് നിഷേധാത്മകവുമായിരുന്നു ഇതായിരുന്നു ജസ്റ്റീസ് ഗാംഗുലിയുടെ പ്രതികരണം.
അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു കക്ഷികള്‍ക്ക് രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു കൊടുക്കണമെന്നതായിരുന്നു സുപ്രിംകോടതിയുടെ വിധി. മുസ്ലിംകള്‍ക്ക് പള്ളി പണിയാന്‍ അയോദ്ധ്യയില്‍ അഞ്ചേക്കര്‍ നല്‍കണമെന്നും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. പള്ളിയില്‍ വിഗ്രഹം കൊണ്ടുവച്ചതും പള്ളി പൊളിച്ചതും തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ്, സ്ഥലം ഹിന്ദു കക്ഷികള്‍ക്ക് വിട്ടു കൊടുക്കാന്‍ കോടതി തീരുമാനിച്ചിരുന്നത്. ഇതിലെ പൊരുത്തക്കേടുകള്‍ നിരവധി പേരാണ് ചൂണ്ടിക്കാണിച്ചിരുന്നത്.

Latest News