കൊച്ചി- സിനിമാ പ്രവർത്തകരുടെ പേരില്‍ വ്യാജപ്രൊഫൈല്‍ നിർമിച്ച് നിരവധിപേരെ വഞ്ചിച്ച യുവാവ് അറസ്റ്റില്‍.
സംവിധായിക അഞ്ജലി മേനോന്‍ ഉള്‍പ്പെടെ നിരവധി പേരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈല്‍ നിര്‍മിക്കുകയും സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധിപേരെ വഞ്ചിക്കുകയും ചെയ്ത കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ ജയചന്ദ്രന്റെ മകന്‍ ദിവിനെ(32)യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ആള്‍മാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇന്റര്‍നെറ്റ് കോളുകള്‍ വഴിയാണ് പ്രതി ആളുകളെ കബളിപ്പിച്ചത്.
പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.