പാലക്കാട്- ബി.ജെ.പിയുടെ അഞ്ച് സവിശേഷതകൾ വിവരിക്കാൻ ആവശ്യപ്പെട്ട് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലെ ചോദ്യത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ഫെയ്‌സ്ബുക്കിലാണ് ബൽറാമിന്റെ വിമർശനം.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
ഭാരതീയ ജനതാ പാർട്ടിയുടെ അഞ്ച് സവിശേഷതകൾ പറയുക (സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യപേപ്പർ)
എന്റെ ഉത്തരം:
1) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവർക്കർ സൃഷ്ടിച്ച 'ഹിന്ദുത്വം' എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാർട്ടി.
2) നേരിട്ടും അല്ലാതെയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങളിൽ പങ്കെടുത്ത, അതിന്റെ പേരിൽ നിരവധി തവണ നിരോധിക്കപ്പെട്ട, ആർഎസ്എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപം.
3) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാർട്ടി. വൻകിട കോർപ്പറേറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ സംഭാവന സ്വീകരിക്കുന്ന പാർട്ടി.
4) ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂർ അടക്കമുള്ള നിരവധി കൊടും വർഗീയ വാദികളെ പാർലമെന്റംഗങ്ങളാക്കുന്ന പാർട്ടി.
5) ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാർട്ടി.
6).......... (നിങ്ങൾക്ക് പൂരിപ്പിക്കാം. അഡീഷണൽ മാർക്ക് കിട്ടും)