ദോഹ- കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണംമൂലം ഖത്തര്‍ തീരത്ത് കണ്ണൂര്‍ സ്വദേശിയായ അജയന്‍ പുതിയകുന്നത്ത് കപ്പലില്‍ കുടുങ്ങി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ തുമാമ കപ്പലിലാണ് ഇദ്ദേഹം ഇപ്പോള്‍ ഉള്ളത്. രണ്ട് മലയാളികളും 13 ഇന്ത്യക്കാരും ഉള്‍പ്പെടെ 29 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടെങ്കിലും അജയന്റെ കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണുള്ളത്.
കപ്പലില്‍ ചീഫ് എന്‍ജിനീയറായ അജയന്‍ ഒക്ടോബറില്‍ ഖത്തറില്‍നിന്നാണു ജോലിക്ക് കയറിയത്. മൂന്നുമാസത്തെ കരാറായിരുന്നു അജയന്റേത്. കരാര്‍ കാലാവധി ജനുവരി 15ന് കഴിഞ്ഞെങ്കിലും പകരക്കാരനെ സമയത്ത് കിട്ടാത്തതിനാല്‍ കപ്പലില്‍ തന്നെ തുടരുകയായിരുന്നു. ഈ മാസം അഞ്ചാം തീയതി പകരക്കാരന്‍ വന്നെങ്കിലും കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണം കാരണം ഖത്തറില്‍ ഇറങ്ങി വിമാനത്താവളത്തിലേക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് അജയന്‍ പറഞ്ഞു.
എട്ടാം തിയതി തനിക്ക് നാട്ടിലേക്ക് പോകാനുള്ള വിസയും ടിക്കറ്റും കമ്പനി നല്‍കിയതായിരുന്നുവെന്ന് അജയന്‍ പറഞ്ഞു. ഖത്തറില്‍ ഇറങ്ങാന്‍ സാധിക്കില്ലെങ്കില്‍ യൂറോപ്പിലേക്കുള്ള കപ്പലിന്റെ യാത്രാമധ്യേ ഒമാനിലോ സൂയസിലോ ഇറങ്ങി നാട്ടിലേക്കു പോകാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൊറോണ നിയന്ത്രണം കാരണം കപ്പലിന്റെ യാത്രാ തീയതി മാറ്റി. മാര്‍ച്ച് 15ന് യൂറോപ്പിലെ സീബ്രുവിലേക്ക് പോവുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ കപ്പലില്‍ ലോഡിംഗ് അടക്കമുള്ളവ പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല, എവിടേക്കാണ് ഇനി കപ്പല്‍ പോവുക എന്നതിലും വ്യക്തതയില്ല. നിലവിലെ സാഹചര്യത്തില്‍ ഒമാനിലോ യൂറോപ്പിലോ ഇറങ്ങി നാട്ടിലേക്കു പോവാനാവില്ല. ജപ്പാന്‍, സൗത്ത് കൊറിയ, ചൈന എന്നിവിടങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. കരാര്‍ കാലാവധി കഴിഞ്ഞെങ്കിലും കപ്പില്‍നിന്ന് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുകയാണ് അജയന്‍. നാട്ടിലേക്കു മടങ്ങാന്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള സഹായം തേടുകയാണ് അദ്ദേഹം. ബ്രിട്ടനിലെ എന്‍വൈകെ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിക്കു വേണ്ടിയാണ് അജയന്‍ ജോലി ചെയ്യുന്നത്.