തിരൂര്‍- കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി ബിബിന്റെ കൊലപാതകം ബിപി അങ്ങാടിയും പരിസര പ്രദേശങ്ങളും വീണ്ടും അശാന്തിയുടെ കാര്‍മേഘം പരത്തിയിരിക്കുന്നു. പ്രകോപനമുണ്ടായാല്‍ വെടിവയ്ക്കാന്‍ പോലീസിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 1998-ലെ യാസിര്‍ വധവും തുടര്‍ന്ന് 2007-ലുണ്ടായ പ്രതികാരക്കൊലപാതങ്ങളും പ്രദേശവാസികളിലുണ്ടാക്കിയ ആശങ്കകള്‍ക്കു സമാനമാണ് വ്യാഴാഴ്ച ബിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍. 1998 ഓഗസ്റ്റ് 18-നാണ് ഇസ്ലാം സ്വീകരിച്ചതിന് യാസിറിനെ ആര്‍ എസ് എസുകാര്‍ ബിപി അങ്ങാടിയിലിട്ടു വെട്ടിക്കൊന്നത്. 2016 നവംബറില്‍ ഫൈസലിനെ വധിച്ചതും ഇതേ കാരണത്താലായിരുന്നു.
യാസിര്‍ വധക്കേസിലെ ഒന്നാം പ്രതിയായ ആര്‍ എസ് എസ് തിരൂര്‍ താലൂക്ക് സഹകാര്യവാഹക മഠത്തില്‍ നാരായണന്‍ ഉള്‍പ്പെടെ മുഴുന്‍ പ്രതികളേയും 2005-ല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഇതിനു ശേഷം 2007-ല്‍ ഈ കേസിലുള്‍പ്പെട്ട പ്രതികളിലൊരാളായ തിരുനിലത്തുകണ്ടി രവിയെ എന്‍ ഡി എഫുകാര്‍ ബിപി അങ്ങാടിയിട്ടു വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് ആര്‍ എസ് എസും എന്‍ ഡി എഫും പരസ്പരം നടത്തിയ പ്രതികാരക്കൊലപാതകങ്ങളില്‍ മുതൂരിലെ മുഹമ്മദലിയും ഒവുങ്ങലിലെ ലക്ഷമണനും ജീവന്‍ നഷ്ടമായി. ഒരു പതിറ്റാണ്ടിനു ശേഷം തൃപ്പങ്ങോട് ശാഖാ മുഖ്യ ശിക്ഷകായ ബിബിന്‍ കൊലപ്പെട്ടതോടെ വീണ്ടും സമാനമായ ആശങ്കകളാണ് പ്രദേശത്ത് പടര്‍ന്നിരിക്കുന്നത്. തിരൂരിന്റെ വിവിധ ഭാഗങ്ങളില്‍ സായുധ പോലീസ് സാന്നിധ്യം ശക്തമാണ്. തിരൂര്‍ മുനിസിപാലിറ്റിയുടെ ഏതാനും ഭാഗങ്ങളിലും സമീപത്തെ തലക്കാട്, തൃപ്പങ്ങോട് പഞ്ചായത്തുകളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നു.
ബിബിന്റെ കൊലപാതകവും പ്രതികാരക്കൊല തന്നെയാണെന്നാണ് സൂചനകള്‍. കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസില്‍ നേരിട്ടു പങ്കുള്ളയാളായിരുന്നു ബിബിന്‍. 2016 നവംബര്‍ 19-ന് പുലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസലിനെ ഓട്ടോ തടഞ്ഞ് പിടികൂടി വധിച്ച നാലംഗ സംഘത്തില്‍ ഒരാള്‍. ഫൈസലിന്റെ അടിവയറില്‍ കഠാര കൊണ്ട് കുത്തിയെന്ന് ബിബിന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. ഈ ആയുധം പിന്നീട് തിരൂരില്‍ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഫൈസല്‍ വധക്കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായ ബിബിന്‍ ഏപ്രിലില്‍ ഉപാധികളോടെ ജാമ്യത്തിലിറങ്ങിയതായിരുന്നു. ചില കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണിയുള്ളതിനാല്‍ സൂക്ഷിക്കണമെന്ന് പോലീസ് ബിബിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഫൈസല്‍ വധത്തിനു പ്രതികാരം ചെയ്യാന്‍ ചില തീവ്ര മതസംഘടനകള്‍ ഒരുങ്ങുന്നതായി നേരത്തെ തന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു.
യാസില്‍ വധക്കേസിലെ മുഴുവന്‍ പ്രതികളേയും കോടതി വെറുതെ വിടാന്‍ കാരണമായ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള പാളിച്ചകള്‍ കൊലയാളികള്‍ക്ക് ധൈര്യം പകര്‍ന്നുവെന്ന വിലയിരുത്തല്‍ ശരിവയ്ക്കുന്നതാണ് പിന്നീടുണ്ടായ കൊലപാതകങ്ങള്‍. പോലീസ് അന്വേഷണത്തിലെ വീഴ്ചകളും ഇതിനു വളംവെച്ചുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്.
യാസര്‍ വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന മഠത്തില്‍ നാരായണന്‍ തന്നെയാണ് ഫൈസല്‍ വധക്കേസിലും ഒന്നാം പ്രതിയായത്. യാസിര്‍ വധക്കേസില്‍ 2005-ല്‍ വെറുതെ വിട്ട സെഷന്‍സ് കോടതി വിധി 2009-ല്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും പിന്നീട് സുപ്രീം കോടതിയെ ഇവര്‍ സമീപിച്ചു. 2016 ജൂലൈയില്‍ സുപ്രിം കോടതി യാസര്‍ വധക്കേസിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കുകയായിരുന്നു. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മഠത്തില്‍ നാരായണനും സംഘവും ചേര്‍ന്ന് ഫൈസലിനെ കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രൊസിക്യൂഷന്റെ പരാജയം കൊലപാതകികള്‍ക്ക് ധൈര്യം പകരുകയാണ് ചെയ്തതെന്ന് തിരൂരിലെ ഒരു അഭിഭാഷകന്‍ പറയുന്നു.
ബിബിന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും പിടികൂടിയിട്ടില്ല. അതേസമയം ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. കേസുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല. അതേസമയം, സംശയത്തിന്റെ നിഴലിലുള്ള ആറു പേര്‍ സംഭവ സമയത്ത് എവിടെയായിരുന്നെന്ന് സ്ഥിരീകരിക്കുന്നതിന് മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.