കേരളത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളെല്ലാം മഹാവ്യാധിയെ നേരിടാനും പ്രതിരോധിക്കാനും നാടിനെ കോർത്തുപിടിച്ച് യുദ്ധത്തിലേർപ്പെട്ടിരിക്കെ രാഷ്ട്രീയമാഘോഷിക്കുന്നത് പൗരബോധമായി കാണാനാവില്ല. കുറവ് നികത്താനും കരുതൽ കൂട്ടാനും രാഷ്ട്രീയം മറന്ന് ഒപ്പം നിൽക്കുന്നതാണ് കാലഘട്ടത്തിന്റെ ഉത്തരവാദിത്തം. ഒരു കൂട്ടർ ഭയന്ന് വീടുകളിലേക്ക് ചുരുങ്ങുന്നു. മറ്റൊരു കൂട്ടർ നിയമങ്ങളും നിർദേശങ്ങളും കാറ്റിൽ പറത്തി നാടു ചുറ്റുന്നു. ഭരണകൂടം ശേഷിക്കുന്നവരുടെ രക്ഷയ്ക്കായി സാഹസിക പ്രവർത്തനങ്ങളിലും. എല്ലാ ഭാരവും ഒരു തോളിലേക്ക് ചുമത്തി കൈകഴുകിയാൽ ഒഴിയുന്നതല്ല ഈ വ്യാധി, പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനത്ത്. വലിപ്പം കൊണ്ട് ലോകം കൊച്ചുകേരളം എന്ന വിശേഷണം ചാർത്തിയിട്ടുണ്ടെങ്കിലും നമ്മുടെ സംസ്ഥാനം അത്ര കൊച്ചൊന്നുമല്ല.
സംസ്‌കാര സമ്പന്നതയാലും ആരോഗ്യ, വിദ്യാഭ്യാസ മേന്മ കൊണ്ടും തൊഴിൽ ശേഷിയുടെ കാര്യത്തിലുമെല്ലാം കേരളത്തോളം വരില്ല മറ്റൊരിടവും. അതുകൊണ്ടു തന്നെ ലോകത്തെവിടെയും മലയാളികളുടെ സാന്നിധ്യം ഉണ്ടുതാനും. കേരളത്തെ കാണാനും ആസ്വദിക്കാനും ഇവിടേയ്‌ക്കെത്തുന്നവരുടെ എണ്ണവും നിസ്സാരമല്ല. നിലവിൽ 5150 വിദേശീയർ കേരളത്തിന്റെ വിവിധ ഇടങ്ങളിലായുണ്ടെന്നാണ് വിവരം. അതിന്റെ സ്ഥിതിവിവരക്കണക്കുകൾ ആഭ്യന്തര വകുപ്പും റവന്യു വകുപ്പും ശേഖരിച്ചുവരികയാണ്. അവരെ നിരീക്ഷണത്തിലാക്കി സംരക്ഷിക്കുന്നതിനുള്ള തയാറെടുപ്പ് ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും തുടരുന്നു.
വിദേശങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളോടെയും അല്ലാതെയും ജന്മനാടെന്ന നിലയിൽ കേരളത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരാനും അവരെ സംരക്ഷിച്ച് രോഗമുക്തരാക്കാനുമുള്ള പ്രവൃത്തികളിലാണ് സംസ്ഥാന സർക്കാർ. മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിച്ച് സുരക്ഷിതമായി നിരീക്ഷിച്ചുവരുന്നു. ഇനിയും നിരവധി പേരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും തുടരുന്നു. വളരെ ശ്രമകരമായ ദൗത്യമാണിതെല്ലാം. രോഗലക്ഷണങ്ങളുള്ള വിദേശ വിനോദ സഞ്ചാരികളെയും രോഗഭീതിയിൽ നാട്ടിലേക്ക് മടങ്ങിവരുന്ന മലയാളികളെയും തിരിച്ചെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചാൽ അവരുമായി ബന്ധം പുലർത്തിയവരെയും അവർ സഞ്ചരിച്ചിടങ്ങളിൽ ഇതൊന്നുമറിയാതെ വന്നുചേർന്നവരെയും ഒരേസമയം സംരക്ഷിക്കേണ്ട കടമ നിറവേറ്റുകയാണ് കേരളം. ഇത്തരം പ്രവർത്തനങ്ങളിൽ മാതൃകയാണ് കേരളത്തിന്റെ ഭരണകൂടം. നിപ വ്യാപകമായ സമയത്ത് എങ്ങനെയാണോ ജനങ്ങളെയും സന്നദ്ധ സംഘടനകളെയും കോർത്തിണക്കി പ്രതിരോധം തീർത്തത്, അതിനേക്കാൾ മികവോടെയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടങ്ങളും തദ്ദേക സ്വയംഭരണ സ്ഥാപനങ്ങളും കൊറോണയ്‌ക്കെതിരെ പൊരുതുന്നത്. ജനങ്ങളേറെ ബോധവാന്മാരാണ്. എങ്കിലും ചില കോണുകളിൽ വന്നുപോകുന്ന പാകപ്പിഴവുകൾ വലിയ നഷ്ടങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുകയും വിവരങ്ങൾ മറച്ചുവെച്ച് നാടുനീളെ സഞ്ചരിച്ച് രോഗവാഹകരാവുന്നതും മാരകവും മാരണവുമാണ്. ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ട ജില്ലയെ ആകെ ഭയത്തിലാഴ്ത്തിയ കുടുംബത്തെ 'സ്മരിക്കാത്ത' കേരളീയരില്ല. തൊട്ടുപിറകെ തൃശൂരിലെയും കണ്ണൂരിലെയും രണ്ടു പ്രവാസികളും സമാന സഞ്ചാരം നടത്തി. ഇവരുമായി സമ്പർക്കം പുലർത്തിയവരടക്കം ജീവൽഭയത്തിലായി.
വിനോദ സഞ്ചാരത്തിനെത്തിയ കൊറോണ ബാധിതനടക്കം 19 അംഗ വിദേശ സംഘം മൂന്നാറിൽ നിന്ന് നിർദേശം മറികടന്ന് കൊച്ചിയിലെത്തി വിമാനത്തിൽ കയറിയത് വീണ്ടും ഭീതിയുണ്ടാക്കി. 270 ഓളം പേരുടെ യാത്രയെപ്പോലും പ്രതിസന്ധിയിലാക്കിയ ബ്രിട്ടീഷ് പൗരനെ പിടികൂടി ഐേെസാലേഷൻ വാർഡിലാക്കാനായത് ആശ്വാസം തന്നെ. ഇതിന്റെ തുടർ നടപടികളും മറ്റും തീരുമാനിച്ച് മന്ത്രിയും കലക്ടറുമടക്കം ഉന്നതർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ രാത്രിയിലാണ് 'കൊറോണയെ പേടിയില്ലെന്നും മനസ്സിന് ശുദ്ധിയില്ലാത്തവരിലാണ് കൊറോണ വരുന്നതെന്നും' വിളിച്ചു കൂവി ടെലിവിഷൻ താരം വിഡ്ഢിവേഷമാടിയത്. നിയന്ത്രണങ്ങളേർപ്പെടുത്തിയ വിമാനത്താവളത്തിലേക്ക് ആരാധകരെ ക്ഷണിച്ചുവരുത്തിയ ഇയാളെ കണ്ടെത്തി കർശന ശിക്ഷാനടപടിക്ക് വിധേയനാക്കണം. ഏറ്റവുമൊടുവിൽ ഏറെ ഭീതിയിലാക്കിയാണ് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടർമാരുടെ ചെയ്തികൾ വാർത്തയായിരിക്കുന്നത്. സ്‌പെയിനിലെ പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തിയ ചില ഡോക്ടർമാർ കാൻസർ ബാധിതരുടെ ചികിത്സകളിൽ ഏർപ്പെട്ടുവെന്നതാണ് ഗൗരവമേറിയ വസ്തുത. പുറം രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം നിർബന്ധമായും കരുതൽ നിരീക്ഷണത്തിലേർപ്പെടണം എന്ന കർശന നിർദേശമാണ് ഇവർ ലംഘിച്ചത്.