റിയാദ്- കോവിഡ് 19 ഏല്‍പിക്കുന്ന മാനുഷിക, സാമ്പത്തിക ആഘാതങ്ങള്‍ ചർച്ച ചെയ്യാനും ഏകോപിത നടപടികള്‍ സ്വീകരിക്കാനും ജി20 രാജ്യങ്ങളുടെ അടിയന്തര വിർച്വല്‍ യോഗം അടുത്തയാഴ്ച ചേരുമെന്ന് അധ്യക്ഷ സ്ഥാനത്തുള്ള സൗദി അറേബ്യ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള അസാധാരണ യോഗം ചേരുന്നതു സംബന്ധിച്ച അറിയിപ്പ് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിന്‍റെ ആഘാതം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ അന്താരഷ്ട്ര സംഘടനകളുമായി ചേർന്ന് ജി20 സ്വീകരിക്കും. ജനങ്ങളുടെ ജീവനുകളും ആഗോള സമ്പദ്ഘടനയും രക്ഷിക്കുന്നതിനുള്ള ഏകോപിത നയങ്ങള്‍ ജി20 മുന്നോട്ടുവെക്കും. ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും മുതിർന്ന ആരോഗ്യ, വ്യാപാര, വിദേശകാര്യ ഉദ്യോഗസ്ഥരും കൈക്കൊള്ളുന്ന നടപടികള്‍ വിർച്വല്‍ ഉച്ചകോടി ശക്തിപ്പെടുത്തും.
മനുഷ്യർക്കും സാമ്പത്തിക മേഖലയിലും മഹാമാരി ഏല്‍പിച്ചിരിക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ജി20 അധ്യക്ഷ രാജ്യമെന്ന നിലയില്‍ സൗദി അറേബ്യ എല്ലാ പിന്തുണയും നല്‍കും.