തിരൂർ- കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതി ബിബിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരെ പറ്റിയുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ആർഎസ്എസ് പ്രവർത്തകനായ തിരൂർ ആലത്തിയൂർ കുട്ടിച്ചാത്തൻപടി കുണ്ടിൽ ബിപിനെതിരൂർ പുളിഞ്ചോട്ടിൽ വെച്ച് ഇന്നലെ രാവിലെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്പിയുടെ നേതൃത്വത്തിൽ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിമാരെയും ജില്ലയിലെ മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതെന്ന് സംഭവ സ്ഥലം സന്ദർശിച്ച തൃശൂർ റേഞ്ച് ഐജി എം.ആർ അജിത്കുമാർ പറഞ്ഞു.
ബിബിൻ വധത്തിനു ഫൈസൽ വധക്കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഐജി പറഞ്ഞു. സാമുദായിക സംഘർഷവും ക്രമസമാധാന പ്രശ്‌നവും തടയാൻ ആവശ്യമായ മുൻകരുതലെല്ലാം പോലീസ് കൈക്കൊണ്ടതായി ഐ.ജി വ്യക്തമാക്കി. കണ്ണൂർ മുതൽ തൃശൂർ വരെയുള്ള മേഖലകളിൽ നിന്നായി 750 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരൂരിലും പരിസര പ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്. 20 മേഖലകളാക്കി തിരിച്ചാണ് പോലീസിനെ വിന്യസിച്ചിട്ടുള്ളത്. പട്രോളിങ്ങ്, പോലീസ് മൈബൈൽ സ്‌ക്വാഡ്, ക്യുആർടിഎസ് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് പോലീസ് വിന്യാസം. ആവശ്യം വന്നാൽ തോക്ക് ഉപയോഗിക്കാനുള്ള അധികാരം പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയതായി ഐ.ജി അറിയിച്ചു.
പ്രകോപനപരമായ അന്തരീക്ഷമുണ്ടാകാതിരിക്കാൻ പോലീസ് ജാഗ്രതയിലാണെന്നും ഐ.ജി പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരൂർ നഗരസഭാ പരിധിയിലും തൃപ്രങ്ങോട്, തലക്കാട് പഞ്ചായത്തുകളിലും നിരോധനജ്ഞ പുറപ്പെടുവിച്ചു. തിരൂർ പോലീസ് ലൈൻ മുതൽ തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്ത് അതിർത്തി വരെയാണ് ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്റ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങൾ സംഘം ചേരുന്നതിനും ആയുധങ്ങൾ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും മൃതദേഹം പ്രദർശിപ്പിക്കുന്നതിനും ദുരുദേശ്യത്തോടെ ഏതെങ്കിലും വ്യക്തിയെ പൊതുജനമധ്യത്തിൽ നിർത്തുന്നതിനും വിലക്കേർപ്പെടുത്തിയാണ് കൊലപാതകം നടന്ന വ്യാഴാഴ്ച മുതൽ എസ്.പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.