ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് വയസുകാരന് ഏഴു കോടിയിലേറെ രൂപ (10 ലക്ഷം യു.എസ് ഡോളര്‍) സമ്മാനം. അജ്മാനില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കനകരാജ് മകന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി കപില്‍രാജിന്റെ പേരിലെടുത്ത 317 സീരീസിലെ 4234 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ഫെബ്രുവരി 21നാണ് ടിക്കറ്റെടുത്തത്.
27 വര്‍ഷമായി അജ്മാനില്‍ താമസിക്കുന്ന കനകരാജും കുടുംബവും ഫര്‍ണിച്ചര്‍ ബിസിനസ് നടത്തുകയാണ്. ബിസിനസ് കൂടുതല്‍ വിപുലീകരിക്കാനും മകന്റെ വിദ്യാഭ്യാസത്തിനും സമ്മാനത്തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് ഭാഗ്യ പരീക്ഷണത്തിന് മുതിര്‍ന്നത്. ചെന്നൈയിലേക്ക് ബിസിനസ് യാത്രക്കിടെ അവസാന നിമിഷമാണ് മകന്റെ പേരില്‍ ടിക്കറ്റെടുത്തത്. അതു ഭാഗ്യം കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചതേയല്ല- അദ്ദേഹം പറഞ്ഞു.