വേനൽക്കാലം മലയാളികൾക്ക് ആരോഗ്യ മേഖലയിൽ താരതമ്യേന സുരക്ഷിതമായ കാലമാണ്. കോളറ, മഞ്ഞപ്പിത്തം പോലുള്ള ചികിൽസ ലഭ്യമാകുന്നതും മാരകമല്ലാത്തതുമായ രോഗങ്ങളെ മാറ്റിനിർത്തിയാൽ മഴക്കാലത്തെ അപേക്ഷിച്ച് രോഗാതുരമല്ലാത്ത കാലം. ഉയർന്ന ചൂടിൽ രോഗാണുക്കൾ നിലനിൽക്കില്ല എന്ന സാമാന്യ തത്വത്തിൽ വേനൽക്കാലത്തെ, മഴക്കാലത്തെ അപേക്ഷിച്ച് സുരക്ഷിത കാലമായാണ് കേരളം ഗണിച്ചു പോരുന്നത്. എന്നാൽ ഇത്തവണ പ്രകൃതിയുടെ ആ തത്വങ്ങളെല്ലാം അട്ടിമറിച്ച് രോഗങ്ങളുടെ കടന്നാക്രമണമാണ് നടക്കുന്നത്.
മലബാർ മേഖലയിൽ വ്യത്യസ്തമായ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങളുടെ ജീവിതം ഭീതി നിറഞ്ഞതായിരിക്കുന്നു.
ലോകത്താകമാനം കോവിഡ് 19 എന്ന മുമ്പു കേട്ടുകേൾവിയില്ലാത്ത രോഗം പടർന്നു പിടിക്കുമ്പോൾ മലബാർ മേഖലയിൽ ഈ രോഗഭീതിക്കൊപ്പം പക്ഷിപ്പനിയും കുരുങ്ങുപനിയും നിലനിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലില്ലായ്മയിലും അസ്വസ്ഥരായി ജീവിക്കുന്ന ജനങ്ങളിലേക്ക് പല വിധത്തിലുള്ള രോഗങ്ങളാണ് പടർന്നു വരുന്നത്. മേഖലയിലെങ്ങും ആശങ്കയുടെയും നിസ്സാഹയതയുടെയും ദീർഘ നിശ്വാസങ്ങളാണ്.
കഴിഞ്ഞ വർഷം നിപ വൈറസിന്റെ താണ്ഡവത്തിൽ മലബാർ മേഖല ആടിയുലയുകയായിരുന്നു. ഇത്തവണ കോവിഡ് 19 ന്റെ ആക്രമണം മേഖലയിൽ കുറവാണെങ്കിലും ഗൾഫ് നാടുകളുമായുള്ള ബന്ധം മലബാറിന് ആശങ്കയുടെ നാളുകളാണ് സമ്മാനിക്കുന്നത്. അതിവേഗം
വളരുന്ന ചങ്ങലയെന്ന നിലയിൽ ലോകത്തിന്റെ ഏത് മൂലയിലും കോവിഡിന്റെ ഭീഷണി ഒരേ രീതിയിൽ ഉയർന്നതാണ്. രോഗ വ്യാപനത്തോടൊപ്പം അത് ജനങ്ങളുടെ സാമ്പത്തിക നിലയിലും മാനസികാരോഗ്യത്തിലും ഉണ്ടാക്കുന്ന തളർച്ച ചെറുതല്ല.
ഗൾഫ് കുടുംബങ്ങൾ ഏറെയുള്ള മലബാർ മേഖലയിൽ, ലോകത്തെ പുതിയ ആരോഗ്യ അടിയന്തരാവസ്ഥയെ തുടർന്നുള്ള അസ്വസ്ഥതകൾ ഏറെ നാളുകളായി നിലനിൽക്കുന്നു. പ്രവാസികളുടെ സാമൂഹ്യ ജീവിതത്തെ പാടെ അട്ടിമറിച്ചാണ് കോവിഡ് എത്തിയിട്ടുള്ളത്.
മധ്യവേനൽ അവധിക്കാലത്ത് മലബാറിൽ നിന്നുള്ള കുടുംബങ്ങൾ ഗൾഫിലുള്ള കുടുംബാംഗങ്ങളുടെ അടുത്തേക്ക് പോകുന്നത് സാധാരണമാണ്. ഇത്തവണ ആ യാത്രകളിലേറെയും റദ്ദാക്കേണ്ടി വന്നു. നാട്ടിൽ അവധിക്കാലത്ത് നിശ്ചയിച്ച വിവാഹമുൾപ്പെടെയുള്ള കുടുംബ സംഗമങ്ങളിൽ പങ്കെടുക്കാനെത്താനാവാത്ത അവസ്ഥയിലാണ് പ്രവാസികളിലേറെയും. ലീവിൽ നാട്ടിലെത്തി വിസ തീരും മുമ്പേ തിരിച്ച് ഗൾഫിലെത്താൻ കഴിയാതെ ആശങ്കയിലായ നിരവധി പേർ. പല ഗൾഫ് രാജ്യങ്ങളിലെയും വിമാനത്താവളങ്ങൾ അടച്ചതോടെ തിരിച്ചു പോകാനാകാത്തവർ ജോലി തന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്.
വയനാട്ടിൽ കാണപ്പെട്ട കുരുങ്ങു പനി ഈ മലയോര ജില്ലയിൽ ആരോഗ്യ ഭീഷണി ഉയർത്തുന്നതോടൊപ്പം ടൂറിസം രംഗത്തും വലിയ ഇടിവാണുണ്ടാക്കിയത്. സാധാരണയായി കാട്ടിനുള്ളിൽ ജീവിക്കുന്ന കുരങ്ങുകളിലാണ് ഈ രോഗം കാണാറുള്ളത്. എന്നാൽ ഇപ്പോൾ ജനവാസ മേഖലയിലുള്ള കുരങ്ങുകൾക്കും പനിബാധയേറ്റതായാണ് കണ്ടെത്തിയിട്ടുള്ളത്. പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ വയനാട്ടിലെ ആരോഗ്യമേഖലയിൽ കടുത്ത ജാഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട്ടിലേക്ക് ടൂറിസ്റ്റുകൾക്ക് നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനങ്ങളിലെത്തുന്നവരെ പരിശോധിക്കുന്നതടക്കമുള്ള മുൻകരുതലുകളും അധികൃതർ എടുത്തു വരുന്നു. ജനങ്ങളുടെ സുഗമമായ യാത്രകളെ ബാധിക്കുന്ന തരത്തിൽ രോഗങ്ങൾ പടർന്നു വരികയാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പക്ഷിപ്പനിയുടെ ഭീതിയും നിലനിൽക്കുന്നു. കോഴിക്കോട് കോർപറേഷൻ പരിധിയിലെ രണ്ട് ഫാമുകളിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മേഖലയിലും കണ്ടെത്തിയ പക്ഷിപ്പനി പ്രതിരോധിക്കുന്ന തിരക്കിലാണ് മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും. പക്ഷികളിലെ പനി മനുഷ്യരിലേക്കെത്തിയിട്ടില്ലെങ്കിലും പകരാനുള്ള സാധ്യത മൂലം ഈ പ്രദേശങ്ങളിൽ ആയിരക്കണിക്കിന് പക്ഷികളെ കൊന്നൊടുക്കുകയാണിപ്പോൾ. പക്ഷിപ്പനി പടർന്നു പിടിച്ചത് ജില്ലയിലെ ഇറച്ചി, ഹോട്ടൽ വ്യാപാര രംഗത്ത് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.
കോഴിയിറച്ചി വാങ്ങാൻ ആളില്ലാതായതോടെ കുറഞ്ഞ വിലക്ക് അവ വിറ്റൊഴിവാക്കാൻ കച്ചവടക്കാർ ശ്രമിക്കുന്നു. ഹോട്ടലുകളിലും കോഴിയിറച്ചി വിഭവങ്ങൾക്ക് ആവശ്യക്കാരില്ലാതായി.
കോവിഡ് മുതൽ പക്ഷിപ്പനി വരെയുള്ള പകർച്ചവ്യാധികൾ ജനജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികൾ യഥാർഥ രീതിയിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്. രോഗങ്ങളിൽ പലതും മനുഷ്യ നിർമിതമെന്നു പറയാനാകില്ലെങ്കിലും അവ പടരുമ്പോൾ നേരിടാനാകാതെ പ്രതിസന്ധിയിലാകുന്നത് മനുഷ്യ ജീവിതങ്ങളാണ്. പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മരുന്ന് എന്ന തത്വം തന്നെയാണ് ഈ ഘട്ടത്തിലും അവലംബിക്കേണ്ടത്.
രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പും മറ്റു സർക്കാർ സംവിധാനങ്ങളും മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾ അനുസരിക്കേണ്ടതുണ്ട്. അതോടൊപ്പം, രോഗ വ്യാപനത്തിന്റെ പേരിൽ ജീവതത്തിൽ പല തരത്തിലുള്ള താളപ്പിഴകളുണ്ടാകുന്ന മനുഷ്യരുണ്ട്. യാത്രാ വിലക്കുകൾ കാരണം വിദേശത്തെ ജോലി നഷ്ടപ്പെടുന്നവരുണ്ടാകാം, കുടുംബത്തിന്റെ വരുമാന മാർഗമായി കണ്ടു വളർത്തുന്ന കോഴികളെ രോഗത്തിന്റെ പേരിൽ കൊന്നൊടുക്കുന്നത് കണ്ടു നിൽക്കേണ്ടി വരുന്നവരുണ്ടാകാം.
കച്ചവട നഷ്ടം വരുന്ന വ്യാപാരികളുണ്ടാകാം. ഇത്തരത്തിൽ പകർച്ചവ്യാധികളുടെ ജീവിക്കുന്ന ഇരകളായി മാറുന്ന പല വിധത്തിലുള്ള ആളുകളുണ്ടാകാം. അവരുടെ ഭാവി ജീവിതത്തെ കുറിച്ചു കൂടി സമൂഹം ചിന്തിക്കേണ്ടതുണ്ട്. രോഗപ്രതിരോധം എന്നത് ആരോഗ്യ സംരക്ഷണത്തിൽ മാത്രമൊതുങ്ങരുത്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും ഉണ്ടാകേണ്ടതുണ്ട്.
പകർച്ചവ്യാധികൾ പത്തി മടക്കി ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോൾ ആരും കാണാത്ത കോണുകളിൽ ഇരുളടഞ്ഞ ഭാവിയിലേക്ക് നോക്കിയിരിക്കുന്ന കുറെ പേരെങ്കിലുമുണ്ടാകും. അവർക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള തണൽ കൂടി സമൂഹം ഒരുക്കേണ്ടതുണ്ട്.