കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതം പോലൊരു കഥ പറയാനുണ്ട് മലപ്പുറത്ത്‌നിന്ന്. പാടിപ്പാടി തീരാത്ത മെഹ്ഫിൽ പോലെ സുന്ദരമായ സൗഹാർദ്ദത്തിന്റെ കഥ. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഈ നിറകൺകാഴ്ച്ചകളെ പറ്റി ആരുമധികം പറഞ്ഞിട്ടില്ല. മണ്ണിന്റെ ഗന്ധമുള്ള സഹിഷ്ണുതയുടെ കഥകൾ പൊടിതട്ടിയെടുക്കേണ്ട നേരമാണിത്. മനുഷ്യത്വത്തിന്റെ പേരിൽ നീട്ടുന്ന കരുണയുടെ കൈകളെ അപഹസിക്കുന്ന കാലത്ത് പ്രത്യേകിച്ചും. വർണവൈവിധ്യങ്ങളെ തച്ചുടച്ച് ഒരു കുപ്പിയിലൊതുക്കാൻ ശ്രമിക്കുന്നവർക്ക് സൗഹാർദ്ദത്തിന്റെ ഈ കഥകളോട് പുച്ഛമായിരിക്കും. ഇതൊക്കെ എത്രമേൽ നിസാരമെന്ന് പറഞ്ഞ് മുഖം തിരിച്ച് തിരിഞ്ഞുനടക്കാനാകുമവർക്കിഷ്ടം. മറ്റിടങ്ങളിലും ഇത്തരം സഹിഷ്ണുതയുടെ എമ്പാടും കഥകളുണ്ട്. പക്ഷെ, മലപ്പുറത്ത്‌നിന്നുയരുന്ന ഈ കഥകൾക്ക് അതിനും മേലെയാണ് സ്ഥാനം. മലപ്പുറത്തിന്റെ കാണാക്കാഴ്ച്ചകളിലേക്ക് വെളിച്ചം വീശുന്ന മലപ്പുറം, കഥകൾക്കുമപ്പുറം എന്ന ഡോക്യുമെന്ററി പറയുന്നത് മലപ്പുറത്തിന്റെ സൗഹാർദ്ദകാഴ്ച്ചകളിലേക്കാണ്. വയനാട് കൽപ്പറ്റ സ്വദേശിയും പത്രപ്രവർത്തകനുമായിരുന്ന ഷാജഹാൻ തോപ്പിലാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. കോട്ടക്കലിലെ കിക്ക് ഓഫ് മീഡിയ നിർമ്മിച്ച ചിത്രം മലപ്പുറത്തിന്റെ സൗഹാർദ്ദത്തിന്റെ കാണാക്കാഴ്ച്ചകളാൽ സമ്പന്നമാണ്.
പിറവിയുടെ നാൾ മുതൽ മലപ്പുറത്തിന് നേരെ കൂരമ്പുകളുണ്ട്. കുട്ടിപാക്കിസ്ഥാനെന്ന വിളിപ്പേര് ആദ്യം ലഭിച്ചു. അവിടം മുതൽ തുടങ്ങിയതാണ് മലപ്പുറത്തിന് നേരെയുള്ള നെറ്റിചുളിച്ചുള്ള നോട്ടങ്ങൾ. അരയിൽ മലപ്പുറം കത്തിയും തലയിൽ കെട്ടുമായി നടക്കുന്ന ഭീകരരൂപങ്ങളുടെ നാടെന്ന വിളിപ്പേര് പിന്നാലെയെത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന ജില്ലകളിലൊന്നായ മലപ്പുറം അങ്ങിനെ തെറ്റിദ്ധാരണകളുടെ ദേശം കൂടിയായി. മനുഷ്യനെ മതമായി കാണാതെ മനുഷ്യനായി തന്നെ കാണുന്ന ചില വർത്തമാനങ്ങളിലേക്കുള്ള സഞ്ചാരമാണ് ഈ ഡോക്യുമെന്ററി.
താനൂരിലെ ശോഭാപറമ്പിലേക്കൊന്ന് പോകാം. ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ പൂജ നടത്തുന്നതിനുള്ള പ്രധാന കാർമികനെ നിശ്ചയിക്കുന്നത് താനൂരിലെ പഴയകത്ത് തറവാട്ടിൽനിന്നാണ്. കാർമ്മികന് ആവേൻ എന്നാണ് പേര്. ഏഴു കൊല്ലം മുമ്പാണ് പഴയകത്ത് തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ബാപ്പു ഹാജി എന്ന മുഹമ്മദ് കുട്ടി ഹാജി ആവേൻ വിളി നടത്തിയത്. നാലു പേരെയാണ് ആവേനായി വിളിച്ചത്. ബാപ്പുഹാജിയുടെ ബാപ്പ 58 കൊല്ലം മുമ്പ് മൂന്നു പേർക്ക് ആവേൻ സ്ഥാനം നൽകിയിരുന്നു. 800 കൊല്ലം പഴക്കമുള്ള തറവാടാണിത്. നൂറ്റാണ്ട് പലത് പിന്നിട്ടിട്ടും പാരമ്പര്യത്തിന്റെ ഇഴ പൊട്ടാതെ കാത്തുപോന്നിട്ടുണ്ട് ഈ ദേശം. ആവേൻ സ്ഥാനം ലഭിച്ചവർക്ക് മാത്രമേ ഈ ക്ഷേത്രത്തിൽ വെളിച്ചപെടാൻ കഴിയൂ. തിരുഉഴിച്ചിലും പാട്ട് എന്ന ചടങ്ങോടെയാണ് ആവേൻ വിളി നടക്കാറുള്ളത്. പഴയകത്ത് തറവാട്ടിൽനിന്ന് ലഭിക്കുന്ന സ്ഥാനപ്പേര് ഏറെ സന്തോഷം നൽകുന്നതാണെന്ന് ഇപ്പോഴത്തെ പൂജാരി രാജീവിന്റെ സാക്ഷ്യം.
കേരളത്തിലെ ഒട്ടുമിക്ക അമ്പലങ്ങളിലേക്കുള്ള ദേവദാസി പൂക്കൾ വിരിയുന്നത് തിരുന്നാവായയിലാണ്. ഇവിടുത്തെ ഏക്കർകണക്കിന് വരുന്ന താമരപ്പാടത്ത് വിരിയുന്നത് വെറും താമരമാത്രമല്ല. സൗഹാർദ്ദത്തിന്റെ മുല്ലപ്പൂമണം കൂടിയാണ് ഇവിടെ വിരിയുന്നത്.
മുസ്തഫ എന്ന കൃഷിക്കാരനാണ് താമര കൃഷിയുടെ പ്രധാനി. അമ്പലത്തിലേക്ക് താമര കൊണ്ടുപോകുമ്പോൾ മനസിന് ഉന്മേഷമാണെന്ന് മുസ്തഫ പറയുന്നു. അമ്പലത്തിലേക്കുള്ള താമരക്ക് മുസ്തഫ അധികം പണം ഈടാക്കാറില്ലന്ന് കാടാമ്പുഴ ക്ഷേത്രത്തിലെ പ്രകാശൻ നമ്പൂതിരിയും. താമര, നെയ്‌വിളക്ക്, പാൽപ്പായസം എന്നിവയാണ് കാടാമ്പുഴ ക്ഷേത്രത്തിലെ പ്രധാന നിവേദ്യങ്ങൾ. കാടാമ്പുഴക്ക് പുറമെ, ഗുരുവായൂർ അമ്പലം, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം തുടങ്ങി മറ്റ് നിരവധി ക്ഷേത്രങ്ങളിലും മുസ്തഫയുടെയും കൂട്ടുകാരുടെയും നട്ടുവളർത്തിയ താമരപ്പൂക്കളാണ് അർച്ചനക്കായി ഉപയോഗിക്കുന്നത്. കേരളത്തിനുപുറമെ, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലേക്കാണ് പ്രധാനമായും ഇവിടെനിന്നും താമരപ്പൂവുകൾ കയറ്റി അയക്കുന്നത്. തിരുന്നാവായ പഞ്ചായത്തിലെ തിരുന്നാവായ, വലിയ പറപ്പൂർ, പല്ലാറ്റ്, കൊടക്കൽ കായൽ, വാവൂർ എന്നിവിടങ്ങളിലാണ് താമരകൃഷി പ്രധാനമായും നടക്കുന്നത്. അതിജീവനത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സുഗന്ധത്തിന്റെ കഥയാണ് ഈ താമരക്കുളങ്ങൾ പറയുന്നത്.
തിരുന്നാവായയിൽനിന്ന് തിരൂർ കാട്ടിലങ്ങാടിയിലേക്ക് അധികം ദൂരമില്ല. കാട്ടിലങ്ങാടി ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് പ്ലോട്ടുകളൊരുക്കുന്നത് 29 കൊല്ലമായി ഇഖ്ബാലാണ്. ശ്രീകൃഷ്ണന്റെ ജീവിതത്തിലെ മുഴുവൻ സംഭവങ്ങളും പ്ലോട്ടിലൂടെ ഇഖ്ബാൽ ആവിഷ്‌കരിച്ചുകഴിഞ്ഞു. എന്ത് തിരക്കുകളുണ്ടെങ്കിലും ശോഭായാത്രയുടെ പ്ലോട്ടൊരുക്കുന്നതിൽ ഇഖ്ബാൽ വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്ന് ബാലഗോകുലം പ്രവർത്തകർ.
കോട്ടക്കൽ പാലപ്പുറ ജുമമസ്ജിദിലെ മിമ്പറിനുമുണ്ട് സൗഹാർദ്ദത്തിന്റെയൊരു കഥ പറയാൻ. കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ പി.എസ് വാരിയരാണ് ഈ മിമ്പർ സംഭാവന നൽകിയത്. പള്ളിക്ക് എന്താണ് ആവശ്യമുള്ളതെന്ന് ചോദിച്ചെത്തിയ വാരിയരോട് മിമ്പർ കിട്ടിയാൽ തരക്കേടില്ലെന്നായിരുന്നു നാട്ടുകാരുടെ മറുപടി. മിമ്പർ തേടി നാടായനാടൊക്കെ വാരിയർ അലഞ്ഞു. അവസാനം പൊന്നാനി പള്ളിയിലെ മിമ്പർ കണ്ടു. അതുപോലെ ഒരെണ്ണം പാലപ്പുറ ജുമാഅത്ത് പള്ളിക്ക് നൽകുകയായിരുന്നു. മുഴുവനായി മരത്തിൽ തീർത്ത ഈ മിമ്പർ പഴയകാല പ്രൗഢിയിൽ ഇപ്പോഴും നിലനിൽക്കുന്നു.
മൂന്നാക്കൽ പള്ളിയുടെ പരിധിയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകൾക്കും അരിക്ക് പണം ചെലവഴിക്കേണ്ട കാര്യമുണ്ടാകാറില്ല. പള്ളിയിൽ രണ്ടാഴ്ച്ച കൂടുമ്പോഴുള്ള അരി വിതരണത്തിൽ ജാതിയോ മതമോ നോക്കാറില്ല. മഹല്ലിന്റെ പരിധിയിൽ താമസിക്കുന്നവർക്ക് പതിനാറ് കിലോയും പുറത്തുള്ളവർക്ക് എട്ടു മുതൽ 12 കിലോ അരിയുമാണ് വിതരണം ചെയ്യാറുള്ളത്. കാലങ്ങളായി തുടരുന്ന രീതി ഇപ്പോഴും ഇഴ പൊട്ടാതെ പ്രൗഢി മങ്ങാതെ മുന്നോട്ടുപോകുന്നു.
വിജയദശമി നാളിൽ കുരുന്നുകളെ എഴുത്തിനിരുത്തുന്ന കേരളത്തിലെ തന്നെ പ്രധാന സ്ഥലങ്ങളിലൊന്നാണ് തിരൂരിലെ തുഞ്ചൻ പറമ്പ്. നാടിന്റെ നാനാദേശങ്ങളിൽനിന്നെത്തുന്ന കുരുന്നുകൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ ഇതരസമുദായക്കാരാണ് മുന്നിൽ. എഴുത്തിനിരുത്തൽ ചടങ്ങിനെത്തുന്നവർക്ക് പാലും വെള്ളവും നൽകിയാണ് സ്വീകരിക്കാറുള്ളത്.
മൂന്നിയൂർ കളിയാട്ടമുക്കിലെ കളിയാട്ടം. മമ്പുറം തങ്ങളുടെ മഖ്ബറ സന്ദർശിച്ച ശേഷം മാത്രമേ കളിയാട്ടത്തിലേക്കുള്ള യാത്ര തുടരാറുള്ളൂ. നാട്ടിന്റെ സൗഹാർദ്ദത്തിനും ചരിത്രത്തിനും ബലം നൽകിയുള്ള ആചാരമാണിത്. നാട്ടിലെ മതമൈത്രിക്ക് മമ്പുറം തങ്ങൻമാർ നൽകിയ സേവനത്തിന്റെ പുതിയകാല കാഴ്ച്ചയാണിത്. കളിയാട്ടക്കാവ് ഭഗവതിക്ഷേത്രത്തിലേക്കുള്ള സഞ്ചാരം തുടങ്ങുന്നത് മമ്പുറം തങ്ങളുടെ ഖബറിടത്തിൽനിന്നാണെന്നത് ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
സൗഹാർദ്ദത്തിന്റെ ഇനിയുമേറെ കഥകളുണ്ട് മലപ്പുറത്തിന് പറയാൻ. മനുഷ്യനേക്കാൾ വലുതല്ല മറ്റൊന്നുമെന്ന് വിളിച്ചുപറയുന്ന കഥകൾ. പരസ്പരം ബഹുമാനിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ. വിദ്വേഷത്തിന്റെ കഥകൾ പാടിപ്പറഞ്ഞുനടക്കുന്നവർ പക്ഷെ ഈ കഥകളെല്ലാം വിസ്മരിക്കും. താൽക്കാലിക വിജയത്തിനപ്പുറത്തേക്ക് മറ്റൊന്നും ലക്ഷ്യമില്ലാത്തവരോട് പറയാൻ പെരിന്തൽമണ്ണ പെരിന്തൽമണ്ണ ടൗൺ ജുമ മസ്ജിദിൽനിന്നൊരു കഥ കൂടിയുണ്ട്.
നോമ്പുകാലത്ത് നോമ്പ് സമയമായെന്നറിയിച്ച് കതിന പൊട്ടിക്കാനെത്തുന്നത് നാൽപത് വർഷമായി പിരിയാണി എന്നയാളാണ്. ആദ്യകാലത്ത് അങ്ങാടിപ്പുറം അമ്പലത്തിൽനിന്നാണ് കതിനക്കുറ്റി പള്ളിക്ക് നൽകിയിരുന്നത്. നോമ്പിന്റെ കാര്യത്തിൽ ഒരു സെക്കന്റ് അങ്ങട്ടും ഇങ്ങട്ടും നിക്കാൻ പാടില്ലെന്ന് പിരിയാണി പറയുമ്പോൾ അത് വെറുമൊരു വാക്കല്ല. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും കാര്യത്തിൽ ഒരിഞ്ച് അങ്ങോട്ടും ഇങ്ങോട്ടും നിക്കാൻ പാടില്ലെന്ന കാലത്തിന്റെ സന്ദേശം കൂടിയാണത്.