മലപ്പുറം-കോവിഡ് 19 ഭീഷണി നിലനിൽക്കെ മലപ്പുറം ജില്ലയിൽ രണ്ടു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ജിദ്ദയിൽ നിന്നെത്തിയ രണ്ടു സ്ത്രീകൾക്കാണ് വൈറസ് ബാധ. ഇരുവരും മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ടുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
മാർച്ച് ഒമ്പതിന് ജിദ്ദയിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യയുടെ 960 നമ്പർ വിമാനത്തിൽ വന്നിറങ്ങിയ വണ്ടൂർ വാണിയമ്പലം സ്വദേശിനിക്കും മാർച്ച് 12ന് നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യയുടെ 964 നമ്പർ വിമാനത്തിലെത്തിയ അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വിമാനങ്ങളിൽ എത്തിയ യാത്രക്കാരും വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം.
വണ്ടൂർ വാണിയമ്പലം സ്വദേശിനി മാർച്ച് ഒമ്പതിനു രാവിലെ 7.30നാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ഇവിടെ സ്വീകരിക്കാനെത്തിയവർക്കൊപ്പം പത്തംഗ സംഘമായി വാഹനത്തിൽ 10.45ന് ഷാപ്പിൻകുന്നിലെ ബന്ധുവീടിനടുത്തെത്തി. നാലു ബന്ധുക്കളുമായി സമ്പർക്കം പുലർത്തിയ ശേഷം ഉച്ചയ്ക്ക് 12ന് മാട്ടക്കുളത്തെ തറവാട് വീട്ടിൽ സന്ദർശനം നടത്തി. തുടർന്ന് ശാന്തി നഗറിലെ ബന്ധുവീട്ടിൽ സന്ദർശിച്ച ശേഷം വൈകുന്നേരം നാലുമണിക്കാണ് ഇവർ വണ്ടൂർ വാണിയമ്പലത്തെ സ്വന്തം വീട്ടിലെത്തിയത്.
മാർച്ച് 12ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അരീക്കോട് സ്വദേശിനി രാവിലെ 7.30ന് വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് ബെൻസി ട്രാവൽസിന്റെ ബസിൽ 40 പേർക്കൊപ്പം യാത്ര ചെയ്ത് ഉച്ചക്ക് 2.30ന് കരിപ്പൂർ ഹജ്ജ് ഹൗസിനടുത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി. തുടർന്ന് സ്വന്തം കാറിൽ യാത്ര ചെയ്താണ് അരീക്കോട് ചെമ്രക്കാട്ടൂരിലെ സ്വന്തം വീട്ടിലെത്തിയത്. കോവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടതോടെ ഇരുവരും മാർച്ച് 13ന് മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുകയുമാണ്.
വൈറസ്ബാധ സ്ഥിരീകരിച്ചയുടൻ ജില്ലാ കളക്ടർ ജാഫർ മലിക്കിന്റെ നേതൃത്വത്തിൽ ജില്ലാതല മുഖ്യസമിതി പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉംറ തീർഥാടനത്തിനു ശേഷം മടങ്ങിയ ഇരുവരും നേരിട്ടു ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ പേരിലേക്കു വൈറസ് പടരാതിരിക്കാനുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണെന്നും കളക്ടർ അറിയിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ചവർ സഞ്ചരിച്ച വിമാനങ്ങളിൽ യാത്ര ചെയ്തവരും നേരിട്ടു സമ്പർക്കം പുലർത്തിയവരും ജില്ലാതല കൺട്രോൾ സെല്ലുമായി ഫോണിൽ ബന്ധപ്പെടണം. കൺട്രോൾ സെൽ നമ്പർ 0483 2737858, 0483 2737857, 0483 2733251, 0483 2733252, 0483 2733253. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും കളക്ടർ ആവശ്യപ്പെട്ടു.
ജില്ലാ പോലീസ് മേധാവി് യു. അബ്ദുൾ കരീം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.എൻ. പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. മുഹമ്മദ് ഇസ്മയിൽ, മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.