റിയാദ്-ജീവനക്കാർക്ക് പതിനാലു ദിവസം നിർബന്ധിത രോഗാവധി നൽകണമെന്ന തീരുമാനം സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ പാലിക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.
ഗർഭിണികൾ, ശ്വാസകോശ രോഗങ്ങൾ ബാധിച്ചവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, രോഗപ്രതിരോധ മരുന്നുകൾ കഴിക്കുന്നവർ, ട്യൂമർ ചികിത്സയിൽ കഴിയുന്നവർ, പ്രമേഹവും രക്തസമ്മർദവും പോലെ മാറാരോഗങ്ങൾ ബാധിച്ചവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് അനുവദിക്കുന്ന നിർബന്ധിത രോഗാവധി നിയമാനുസൃത ലീവിൽ ഉൾപ്പെടുത്തി കണക്കാക്കാൻ പാടില്ല.
വിദേശ യാത്ര കഴിഞ്ഞുവരുന്ന ജീവനക്കാർക്ക് പതിനാലു ദിവസം വീടുകളിൽ ഐസൊലേഷൻ ബാധകമാക്കണം. ഐസൊലേഷൻ കാലാവധി കഴിയാതെ ഇവരെ ജോലിയിൽ പുനഃപ്രവേശിക്കാൻ അനുവദിക്കരുത്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കണം.
അന്താരാഷ്ട്ര സർവീസുകൾ രണ്ടാഴ്ചക്കാലം നിർത്തിവെച്ചതു മൂലം സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത സൗദി, വിദേശ ജീവനക്കാർക്കും സൗദിയിൽ തിരിച്ചെത്തിയ ശേഷം ആശുപത്രികളിലും വീടുകളിലും ഹെൽത്ത് ക്വാറന്റൈനും ഐസൊലേഷനും ബാധകമാക്കിയവർക്കും ഇക്കാലം ഔദ്യോഗിക അവധിയായി കണക്കാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.