റിയാദ് - സ്വദേശികൾക്കും വിദേശികൾക്കും സേവനം നൽകുന്നതിന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് വീഡിയോ കോൺഫറൻസ് സേവനം ആരംഭിച്ചു. എല്ലാ പ്രവിശ്യകളിലെയും ജവാസാത്ത് ശാഖകളിൽ പുതിയ സേവനം ലഭ്യമാണ്. തന്റെ പ്രശ്‌നത്തിന് പരിഹാരം തേടുന്ന സൗദി പൗരനെ വീഡിയോ കോൺഫറൻസ് സംവിധാനം വഴി സ്വീകരിച്ച് മദീന പ്രവിശ്യ ജവാസാത്ത് പുതിയ സേവനം ഉദ്ഘാടനം ചെയ്തു. സൗദി ജവാസാത്ത് മേധാവിയുമായി വീഡിയോ കോൺഫറൻസ് സംവിധാനത്തിൽ നേരിട്ട് സംസാരിച്ച് തന്റെ പ്രശ്‌നം അവതരിപ്പിച്ചാണ് സൗദി പൗരൻ പരിഹാരം തേടിയത്.
പ്രശ്‌ന പരിഹാരത്തിന് റിയാദിൽ ജവാസാത്ത് മെയിൻ ആസ്ഥാനത്ത് നേരിട്ട് എത്തുന്നതിനുള്ള പ്രയാസം ഇല്ലാതാക്കി, സൗദി പൗരന്മാർക്കും വിദേശികൾക്കും എളുപ്പത്തിൽ സേവനം നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് മദീന പ്രവിശ്യ ജവാസാത്തിലെ റിലേഷൻസ്, മീഡിയ വിഭാഗം മേധാവി ലെഫ്. കേണൽ സുലൈമാൻ അൽഹർബി പറഞ്ഞു. പ്രവിശ്യയിലെ ജവാസാത്ത് റിലേഷൻസ്, മീഡിയ വിഭാഗത്തെ നേരിട്ട് സമീപിച്ചോ ഇ-മെയിൽ വഴിയോ ഏകോപനം നടത്തിയാണ് വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ റിയാദ് ജവാസാത്ത് ഡയറക്ടറേറ്റ് മെയിൻ ആസ്ഥാനവുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് സ്വദേശികളും വിദേശികളും ശ്രമിക്കേണ്ടതെന്നും ലെഫ്. കേണൽ സുലൈമാൻ അൽഹർബി പറഞ്ഞു.