ദമാം - നഈരിയയിൽ മരുഭൂ പ്രദേശത്തു വെച്ച് സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം വാഹനത്തിനകത്തിട്ട് കത്തിച്ച് രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു. മുൻവൈരാഗ്യത്തെ തുടർന്നാണ് പ്രതി കൊലപാതകം നടത്തിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സൗദി പൗരന്റെ ശിരസ്സിലും ശരീര ഭാഗങ്ങളിലും മർദിച്ച പ്രതി പിന്നീട് ഇരയെ അകത്ത് അടച്ചിട്ട് വാഹനം അഗ്നിക്കിരയാക്കി സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, അൽഹസയിൽ മുൻ സഹപ്രവർത്തകനെ വെടിവെച്ചു പരിക്കേൽപിച്ച സൗദി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ സഹപ്രവർത്തകന്റെ തുടക്കാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഭദ്രമാണ്. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി കിഴക്കൻ പ്രവിശ്യ പോലീസ് അറിയിച്ചു.