ക്രൈസ്റ്റ് ചര്‍ച്ച്- ന്യൂസിലാന്‍ഡില്‍ രണ്ട് മുസ്‌ലിം പള്ളികള്‍ക്കുനേരെ നടന്ന ആക്രമണത്തിന്റെ ഒന്നാംവാര്‍ഷികം പിന്നിടുമ്പോഴും ഭീതിയുടെ നിഴല്‍ വിട്ടൊഴിയാതെ രാജ്യത്തെ മുസ്‌ലിം ജനത. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15ന് അല്‍നൂര്‍ പള്ളിയിലും ലിന്‍വുഡ് ഇസ്്‌ലാമിക് സെന്ററിലും ജുമുഅ നമസ്‌കാരത്തിനിടെ നടന്ന വെടിവെപ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
പ്രതിയായ 29കാരനും ഓസ്‌ട്രേലിയന്‍ പൗരനുമായ ബ്രണ്‍ടന്‍ ടോറന്റിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ലോകത്തെ ഞെട്ടിച്ച ഈ ആക്രമണത്തിന് ശേഷം രാജ്യത്ത് തോക്ക് നിമയങ്ങളും സോഷ്യല്‍മീഡിയാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു.
എന്നിരുന്നാലും വലതുപക്ഷ വംശീയ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് ഇപ്പോഴും സജീവമാണെന്ന് പുതിയ വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു. മാര്‍ച്ച് 15ന് ആക്രമണത്തിന്റെ ഒന്നാംവാര്‍ഷിക ദിനത്തില്‍ പള്ളികളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന വിധത്തില്‍ ഭീഷണി സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിച്ചു. മുസ്‌ലിം സമൂഹത്തിനു നേരെ വീണ്ടും വിദ്വേഷ പ്രചരണങ്ങള്‍ ശക്തമായിരിക്കയാണ്.
ഇതേതുടര്‍ന്ന് രാജ്യത്തെ മുസ്‌ലിം സമൂഹം ഭീതിയിലും ആശങ്കയിലുമാണ്. അല്‍നൂര്‍ പള്ളിക്ക് മുമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ തോക്കിന്റെ ചിത്രമുള്ള മങ്കി ക്യാപ് ധരിച്ചിരിക്കുന്ന ഒരാളുടെ ചിത്രം മൊബൈല്‍ ആപ്പിലൂടെ പ്രചരിപ്പിച്ച 19കാരനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ മുസ്‌ലിം സമൂഹം ഇപ്പോഴും ഈ വിധത്തിലുള്ള ഓണ്‍ലൈന്‍ വിദ്വേഷങ്ങള്‍ക്ക് ഇരയാകുന്നുവെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ പറഞ്ഞു.
മുസ്‌ലിം സമുദായത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ ഒന്നാംവാര്‍ഷികത്തിലും ഇത്തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാകുന്നതില്‍ ഭയം തോന്നുന്നുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. കൊറോണ ജാഗ്രതയുടെ ഭാഗമായി വിപുലമായ അനു്‌സമരണ ചടങ്ങുകള്‍ രാജ്യത്ത് ഒഴിവാക്കിയിരുന്നു.