കൊച്ചി- കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പൗരനെയും സംഘത്തെയും ഒഴിവാക്കി ദുബായ് വിമാനം യാത്ര പുറപ്പെട്ടു. മൂന്നാറില്‍ നിരീക്ഷണത്തിലിരിക്കെ നിന്ന് അധികൃതരെ അറിയിക്കാതെ മുങ്ങിയ യുവാവിനെയാണ് എയര്‍പോര്‍ട്ടില്‍ അധികൃതര്‍ പിടികൂടിയത്.
270 പേരായിരുന്നു നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ യാത്രികര്‍. രോഗബാധിതനായ ബ്രിട്ടീഷ് പൗരനെയും ഭാര്യയെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
മൂന്നാറിലെത്തിയ ഇയാള്‍ക്ക് കൊറോണ പരിശോധനയുടെ ആദ്യഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാംഫലം വരുംവരെ രാജ്യം വിടരുതെന്ന നിര്‍ദേശം അവഗണിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. രണ്ടാം ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് പൗരനെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ നാടുവിടുന്നതായി മനസിലായത്. ഇയാളും ഭാര്യയും വിമാനത്തില്‍ കയറിയതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനത്താവളം അണുവിമുക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു.