ഈരാറ്റുപേട്ട - കൊറോണ വ്യാപകമായി പടർന്നു പിടിച്ച സാഹചര്യത്തിൽ ആകസ്മികമായി വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ കുട്ടികളുടെ നഷ്ടപ്പെട്ട പാഠഭാഗങ്ങൾ വാട്‌സാപ്പിലൂടെ പറഞ്ഞു കൊടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് അധ്യാപകർ ഫെയ്‌സുബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലായി. പൂഞ്ഞാർ ഗവണ്മെന്റ് എൽ.പി സ്‌കൂളിലെ ഒന്നാം ക്ലാസ് അധ്യാപകരായ സജിദ ടീച്ചറും ലക്ഷ്മി ടീച്ചറും കുട്ടികൾക്കായി നടത്തുന്ന ഓൺലൈൻ പഠനത്തിന്റെ വിവരങ്ങളാണ് ലക്ഷ്മി ടീച്ചർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.
ഒന്നും രണ്ടും ക്ലാസുകൾ ഒരു യൂനിറ്റായി കണക്കാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസിലെ മുഴുവൻ പഠന നേട്ടങ്ങളും കൈവരിക്കാൻ പറ്റിയില്ലെങ്കിൽ രണ്ടാം ക്ലാസിൽ കുട്ടികൾക്ക് പ്രയാസം നേരിടുമല്ലോ എന്ന ആശങ്കയിൽ നിന്നാണ് ഈ ഓൺലൈൻ പഠനത്തെക്കുറിച്ച് അധ്യാപകർ ആലോചിച്ചത്. അതാത് ദിവസത്തെ പഠന പ്രവർത്തനങ്ങളും നോട്ടുകളും രക്ഷകർത്താക്കളുടെ സംശയങ്ങളുമൊക്കെ ദുരീകരിക്കുന്നതിനായി നിലവിൽ ഒന്നാം ക്ലാസുകൾക്ക് ഒരു വാട്‌സ്ആപ് ഗ്രൂപ്പ് ഉള്ളതുകൊണ്ട് അധ്യാപകർക്ക് അവരുടെ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്നുണ്ട്. രക്ഷാകർത്താക്കളുടെ പൂർണമായ സഹകരണത്തെക്കുറിച്ചും അധ്യാപകർ കുറിപ്പിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
മധ്യവേനലവധിക്കാലം മുഴുവൻ കുട്ടികൾ ടെലിവിഷന്റെ മുന്നിലും മൊബൈലിലും കഴിച്ചുകൂട്ടാതിരിക്കാൻ വേണ്ടി ഇവർ കുട്ടികൾക്ക് അവധിക്കാല പ്രവർത്തന പാക്കേജുകൾ തയ്യാറാക്കി നൽകുകയും പ്രവർത്തനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്യാറുണ്ട്.
കുട്ടികളുടെ പഠന മികവിനെ ലക്ഷ്യത്തിലെത്തിക്കാനുള്ള ഈ അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഈ സ്‌കൂളിലെ മറ്റു ക്ലാസുകളിലും ഇത്തരത്തിലുള്ള ആകർഷണീയമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നത് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാണ് എന്നതിന് ഉത്തമ ഉദാഹരണമാണ്.
ലക്ഷ്മി ജയകൃഷ്ണന്‍റെ ഫേസ് ബുക്ക് പോസ്റ്റ്
പെട്ടന്ന് ഒരു ദിവസം സ്കൂൾ അടയ്ക്കുമ്പോൾ ഞങ്ങൾ ആകെ ശൂന്യരായി. പാതി വഴിയിൽ എല്ലാം. യാത്ര പോലും പറയാതെ മക്കളൊക്കെ ഇറങ്ങിപ്പോയി. പക്ഷേ തോറ്റ് പിന്മാറാൻ ഞങ്ങൾ തയ്യാറല്ല. കൂടെ നിൽക്കാൻ തണലാവാൻ Sajida A Khader എന്ന വന്മരം ഉള്ളപ്പോൾ എന്തിന് നിരാശ. ഞങ്ങൾ ഓൺലൈൻ ക്ലാസുകൾ തുടങ്ങി. കുഞ്ഞി കുഞ്ഞി നോട്ടുകൾ വർക്ക് ഷീറ്റുകൾ ഒക്കെ whatsap ഗ്രൂപ്പിൽ ഇട്ടു. രക്ഷകർത്താക്കളുടെ പൂർണ സഹകരണം ഉണ്ടെങ്കിൽ മാത്രേ വിജയിക്കൂ. ഞങ്ങളെ അവർ പിന്തുണക്കാതിരിക്കില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു. വിശ്വസിച്ചപോലെ അതിനുമപ്പുറം അവർ കൂടെ നിന്നു. എല്ലാവർക്കും ഒരുപാടു നന്ദി