Sorry, you need to enable JavaScript to visit this website.

ജനം വീടുകളിൽ; ആളൊഴിഞ്ഞ് ഷറഫിയ

ഷറഫിയ്യ (ഫയൽ ചിത്രം)

ജിദ്ദ - കൊറോണ ജാഗ്രതാ നിർദേശങ്ങളുടെ ഭാഗമായി ജനം അധികപേരും അവരുടെ താമസ കേന്ദ്രങ്ങളിൽ തന്നെ കഴിയാൻ തുടങ്ങിയതോടെ വ്യാപാര കേന്ദ്രങ്ങളും റോഡുകളും പാർക്കുകളും കളിസ്ഥലങ്ങളുമൊക്കെ ആളൊഴിഞ്ഞ നിലയിലായി. 
മലയാളികളുടെ കേന്ദ്രമായ ഷറഫിയയിൽ വെള്ളിയാഴ്ചകളിൽ ഉത്സവാന്തരീക്ഷമാണ് ഉണ്ടാവാറുള്ളത്. റോഡുകളിലും കടകളിലുമെല്ലാം നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഹോട്ടലുകളിലെ ഓഡിറ്റോറിയങ്ങളിലും ഹാളുകളിലുമെല്ലാം കൂട്ടായ്മകളുടെ യോഗങ്ങളും കലാപരിപാടികളും അരങ്ങേറാറുണ്ട്. എന്നാൽ ഇതൊന്നും ഇല്ലാത്ത ഒരു വെള്ളിയാഴ്ചയാണ് കഴിഞ്ഞ ദിവസം കടന്നു പോയത്. വ്യാഴം, വെള്ളി ദിവസങ്ങളിലെ സായാഹ്നങ്ങൾ അടിച്ചു പൊളിക്കുന്നവരെല്ലാം അതിനു മുതിരാതെ അവരവരുടെ താമസകേന്ദ്രങ്ങിൽ തന്നെ കഴിച്ചുകൂട്ടി. ഓടിനടന്ന് പരിപാടികളിൽ പങ്കെടുക്കാറുള്ള സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർക്കെല്ലാം കഴിഞ്ഞ ദിവസം വിശ്രമമായിരുന്നു. 


വിവിധ ഹോട്ടലുകളെ കേന്ദ്രീകരിച്ച്  ഒട്ടേറെ മയ്യിത്ത് നമസ്‌കാരങ്ങളും പ്രാർഥനകളും  ഉണ്ടാകാറുണ്ട്. എന്നാൽ അതുകൂടി ഒഴിവാക്കപ്പെട്ടു. അധികം ആളുകളെ കൂട്ടാതെ അവരവരുടെ സങ്കേതങ്ങളിൽ ചെറിയ തോതിലാണ് മയ്യിത്ത് നമസ്‌കാരങ്ങളും പ്രാർഥനകളും നടന്നത്. പള്ളികളിലേക്കു പോകുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 
വെള്ളിയാഴ്ച ജിദ്ദയിലും പരിസരത്തും മക്കയിലുമെല്ലാം മഴ പെയ്തതും അധികപേരെയും വീട്ടിൽതന്നെ കൂടാൻ പ്രേരിപ്പിച്ചു. അതുകൊണ്ട് കച്ചവട സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും കച്ചവടം തീരെ കുറവായിരുന്നു. അതേസമയം ഓൺലൈൻ വ്യാപാരം കൂടുകയും ചെയ്തു. നഗര കേന്ദ്രങ്ങളായ ഷറഫിയ, ബലദ് എന്നിവിടങ്ങളിലെല്ലാം ആളനക്കമില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ മഴ മാറി ആകാശം തെളിഞ്ഞതോടെ വൈകുന്നേരം കോർണിഷ് ഭാഗത്ത് നല്ല തിരക്ക് അനുഭവപ്പെട്ടു. 


ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം കഴിഞ്ഞ കുറെ നാളുകളായി വൻ പ്രതിസന്ധിയാണ് നേരിടുന്നത്. കച്ചവടം കുറഞ്ഞതും ചെലവ് വർധിച്ചതും പലർക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഒരുക്കിയത്. ഇതിനിടെ കൊറോണ കൂടി കടന്നുവന്നതോടെ കൂനിൻമേൽ കുരുപോലെയായി. ഒരു നിലക്കും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണെന്ന് ഷറഫിയയിലെ വ്യാപാരികൾ പറയുന്നു. 
ഇന്ത്യൻ സ്‌കൂളുകളിൽ പരീക്ഷക്കാലമായതിനാൽ കഴിഞ്ഞ മാസം മുതലെ കച്ചവടവും സംഗമങ്ങളുമെല്ലാം കുറയാൻ തുടങ്ങിയിരുന്നു.

പരീക്ഷകൾ കഴിഞ്ഞാലുടൻ സംഗമങ്ങളും സാംസ്‌കാരിക പരിപാടികളും മറ്റും നടത്താൻ ഒട്ടേറെ മലയാളി സംഘടനകൾ തീരുമാനിച്ചിരുന്നു. എന്നാൽ കൊറോണ ഭീതിയുടെ സാഹചര്യത്തിൽ അതെല്ലാം മാറ്റിവെച്ചു. പരീക്ഷ തീർന്ന് നാട്ടിൽ പോകാൻ പദ്ധതിയിട്ടിരുന്ന കുടുംബങ്ങളും അവതാളത്തിലായി. പരീക്ഷകൾ തീരുന്നതിനു മുമ്പെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതും സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചതുമെല്ലാം കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  പോളിക്ലിനിക്കുകളിലും ഇപ്പോൾ തിരക്ക് കുറവാണ്. ചെറിയ അസുഖം ഉള്ളവർപോലും ചികിത്സ തേടാൻ മടിക്കുന്നു. എന്തെങ്കിലും കാരണവശാൽ കൊറോണയുടെ ലക്ഷണങ്ങളായി കരുതി ആശുപത്രികൾ വിധിയെഴുതിയാൽ ക്വാറന്റൈനുകളിലകപ്പെടുമെന്ന ഭീതി പലരെയും പതിവു ചികിത്സക്കു പോലും പോളിക്ലിനിക്കുകളെ സമീപിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നു. 


ജനം പുറത്തിറങ്ങാൻ മടിക്കുന്നതിനാൽ ടാക്‌സികൾക്കും ഓട്ടം കുറഞ്ഞു. റോഡിൽ ആളില്ലെങ്കിൽ പിന്നെ ഓടിയിട്ടെന്തു കാര്യമെന്നാണ് ടാക്‌സി ഡ്രൈവർമാർ ചോദിക്കുന്നത്. ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയ മേഖലകളും ആളുകളില്ലാത്തതിനാൽ വൻ പ്രതിസന്ധയിലാണ്. വൻകിട ഹോട്ടലുകളും മറ്റും ജീവക്കാർക്ക് അവധി കൊടുക്കാൻ തയാറാണെങ്കിലും നാട്ടിലും സ്ഥിതി പന്തിയല്ലാത്തതിനാലും വിമാന സർവീസുകൾ ഇല്ലാത്തതും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കാൻ പലരേയും പ്രേരിപ്പിച്ചു. വാർഷിക അവധിക്കു പോകേണ്ടവർ പോലും അവധി റദ്ദാക്കി ജോലിയിൽ തുടരുകയാണ്. അവധിക്കു പോയാൽ സ്ഥിതിയെന്താകുമെന്ന ആശങ്കയാണ് ഇതിനു കാരണം. 

 

 

Latest News