കോഴിക്കോട്- മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ തന്ത്രത്തിൽ വിളിച്ചുവരുത്തി നാലംഗ സംഘം അടിച്ച് കൊന്നു. ചെറുവണ്ണൂർ മുട്ടുംപുറത്ത് ഷാനു എന്ന ഷാനവാസ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി മുള്ളൻപറമ്പത്ത് എം.സുജീഷ് (26), സഹോദരൻ എം.സുജിത്ത് (23), ബേപ്പൂർ നടുവട്ടം സ്വദേശി ചെറുവത്തംകോട്ടിൽ സി.കെ.നിലിൻ (20), രാമനാട്ടുകര പുതുക്കോട് പുളിയമ്പലത്ത് താഴം മുഹമ്മദ് മൻസൂർ (21) എന്നിവരെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി സുജീഷിന്റെ മാല നഷ്ടപ്പെട്ടതിലെ സംശയവും, ചോദ്യം ചെയ്തതിൽ ക്ഷുഭിതനായ ഷാനു അമ്മയെ അസഭ്യം പറഞ്ഞതുമാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് പകയിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
ശനിയാഴ്ച രാത്രി യുവാവിനെ തന്ത്രത്തിൽ വിളിച്ചുവരുത്തി ബന്ധനസ്ഥനാക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിക്കുകയായിരുന്നു. രാമനാട്ടുകര കാലിക്കറ്റ് ഗേറ്റ് ഹോട്ടലിന്റെ പിറക് വശത്തെ ഒഴിഞ്ഞ പറമ്പാണ് ഇതിനായി തെരഞ്ഞെടുത്തത്. പുലർച്ചെ 3.45 ഓടെ നാലു പേരും പട്ടിക കൊണ്ട് തലക്കടിച്ചും കല്ലുകൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം പ്രതികൾ രക്ഷപ്പെട്ടു.
പിന്നീട്, അടിയേറ്റു കിടക്കുന്ന യുവാവിന്റെ ഫോട്ടോ സഹിതം രാമനാട്ടുകരയിലെ കടക്കാരന് വാട്‌സ്ആപ്പ് സന്ദേശം ലഭിക്കുകയായിരുന്നു. ഇവരാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയതും പോലീസിൽ വിവരമറിയിച്ചതും. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സൗത്ത് അസി. കമ്മീഷണർ എ.ജെ ബാബുവിന്റെ നിർദേശ പ്രകാരം ഫറോക്ക് സി.ഐ കെ.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തത്. വാട്‌സ്ആപ്പ് സന്ദേശത്തെ പിന്തുടർന്നുള്ള അന്വേഷണമാണ് പ്രതികളെ എളുപ്പത്തിൽ വലയിലാക്കാൻ സഹായിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതയിൽ ഹാജരാക്കും.