നെടുമ്പാശ്ശേരി - കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി.ടെർമിനൽ ബിൽഡിംഗ് ഏരിയയിലും സന്ദർശക ഗാലറിയിലും ആരെയും പ്രവേശിപ്പിക്കില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.വിമാനത്തിൽ പോകുന്നവരെ യാത്രയാക്കാനായി വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.കൊറോണ ബാധയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ശക്തമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യൂനിവേഴ്സൽ സ്‌ക്രീനിംഗ് സംവിധാനം വഴി പരിശോധനയ്ക്ക് ശേഷമാണ് ഇവിടെയെത്തുന്ന യാത്രക്കാരെ വിമാനത്താവളത്തിനു പുറത്തേക്ക് എത്തിക്കുന്നത്. ഇറ്റലിയിൽ കുടുങ്ങിയ 21 യാത്രക്കാരെ ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. ഇവരെ കൂടുതൽ പരിശോധനയ്ക്കായി ആലുവയിലെ ആശുപത്രിയിലേക്ക് മാറ്റി.