കൊച്ചി- ബാറുടമകളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന സംഭവത്തിൽ മൂന്നു എക്സൈസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെന്റു ചെയ്തു. കുന്നത്ത് നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി കെ സജികുമാർ, പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഓഫിസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രൻ,പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഓഫിസ് പ്രിവന്റീവ് ഓഫിസർ വി ആർ പ്രതാപൻ എന്നിവരെയാണ് എക്സൈസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തത്.ബാർ ഹോട്ടലുകളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്ന് എക്സൈസി(വിജിലൻസ്)ന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിൽ വാങ്ങിയ കൈക്കൂലിപ്പണം ഉദ്യോഗസ്ഥർ ബാറുടമകൾക്ക് തിരികെ നൽകിയിരുന്നു. സംഭവത്തിൽ വിജിലൻസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. എക്സൈസ് വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്നു ഉദ്യോഗസ്ഥരും ഗൗരവമായ വിധത്തിൽ കൃത്യവിലോപം കാട്ടിയതായും ഇവർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ മൂവരെയും സ്ഥലം മാറ്റിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് മൂവരെയും സർവീസിൽ നിന്നും സസ്പെന്റു ചെയ്തിരിക്കുന്നത്.
ആറര ലക്ഷം രൂപ കൈക്കൂലി നൽകിയതായി ശ്രദ്ധയിൽപ്പെട്ടതോടെ നിയമനടപടിയിലേക്ക് കടക്കുമെന്ന് ബാറുടകളുടെ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ ഈ തുക മുഴുവൻ ബാറുടമകൾക്ക് തിരികെ നൽകിയതത്രെ. കൈക്കൂലി നൽകാത്തതിൻെറ പേരിൽ മദ്യ സ്റ്റോക്കുകൾ പിടിച്ചുവയ്ക്കുകയും ക്ലിയറൻസ് നൽകുന്നതിന് മനപ്പൂർവം കാലതാമസം വരുത്തുകയും ചെയ്യുന്നുവെന്നാണ് ബാറുടമകൾ നൽകിയ പരാതി. ആരോപണ വിധേയരായ ഇരുപത് ഉദ്യോഗസ്ഥരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറിന്റെ പരാതിയിലാണു മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നു ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവർ പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ അസോസിയേഷൻ സമ്മേളനം നടന്നപ്പോഴാണു പെരുമ്പാവൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നതായി ചില ബാർ ഉടമകൾ പറഞ്ഞത്. തുടർന്നു പെരുമ്പാവൂരിലെ ബാർ ഉടമകളുടെ യോഗം അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേർന്നു മാസപ്പടി നൽകേണ്ടതില്ലെന്നു തീരുമാനിച്ചു. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനു പരാതിയും നൽകി. ആ പരാതിയിലാണ് എക്‌സൈസ് വിജിലൻസ് എസ്പിയുടെ അന്വേഷണം തുടങ്ങിയത്.
തുടർന്നു 3 മാസം മാസപ്പടി വാങ്ങാതിരുന്ന ഇവർ ഇടനിലക്കാർ വഴി വീണ്ടും ബാർ ഉടമകളെ സമീപിച്ചു. 3 മാസത്തെ കുടിശിക അടക്കം വാങ്ങി. ഇക്കാര്യമറിഞ്ഞ അസോസിയേഷൻ നേതൃത്വമാണു മുഖ്യമന്ത്രിയെ സമീപിച്ചത്. ഇതോടെയാണ് ഉദ്യോഗസ്ഥർ മാസപ്പടി മടക്കി നൽകി.
പെരുമ്പാവൂർ എക്‌സൈസ് സർക്കിൾ ഏരിയയിൽ വരുന്ന ഉദ്യോഗസ്ഥർ 18 ഹോട്ടലുകളിൽ നിന്ന് 35,000 രൂപ വീതം വർഷം 15 പ്രാവശ്യം വാങ്ങി. 12 മാസപ്പടിയും 3 ഫെസ്റ്റിവൽ അലവൻസും. കുടിശിക വരുത്തിയ 3 മാസം 20,000 രൂപ വീതമാണു വാങ്ങിയത്. വിഷു, ഓണം, ലൈസൻസ് പുതുക്കൽ എന്നീ സമയങ്ങളിൽ ഓരോ ഹോട്ടൽ ഉടമയും റേഞ്ച് ഓഫിസിൽ 48 പൈന്റ് മദ്യവും സർക്കിൾ ഓഫിസിൽ 15 ഫുള്ളും നൽകിയതായി സുനിൽ കുമാർ മൊഴി നൽകിയിരുന്നു.