ദോഹ - ലോകം കൊറോണ ഭീഷണി നേരിടുന്ന പശ്ചാതലത്തിൽ ഭീതിയല്ല വേണ്ടത് മുൻ കരുതലാണ് എന്ന സന്ദേശത്തിൽ കൾച്ചറൽ ഫോറം മീഡിയ വിംഗ് പുറത്തിറക്കിയ ' കോവിഡ് 19, ബി കോഷ്യസ്, ഡോന്റ് പാനിക് ' എന്ന ഫീച്ചർ ഫിലിം ശ്രദ്ധേയമാകുന്നു.
ഫിലിം പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിനാളുകളാണ് യൂട്യൂബിൽ ഫിലിം കണ്ടത്. മലയാളത്തിലുള്ള ഫീച്ചർ ഫിലിമിന് ഇംഗ്ലീഷ് സബ്‌ടൈറ്റിലുമുണ്ട്. റഹീപ് മീഡിയ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവയാണ് ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചത്. ഐ.സി.ബി.എഫ് പ്രസിഡന്റ് പി.എൻ ബാബുരാജ് മുഖ്യാഥിതി ആയിരുന്നു. കൾച്ചറൽ ഫോറം സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കമ്മിറ്റി അംഗം അനീസ് റഹ്മാൻ മാള, മീഡിയ കൺവീനർ വാഹിദ സുബി, ടീം അംഗം ഫൗസിയ ജൗഹർ, റഹീപ് മീഡിയ ഡയറക്ടർ മുഹമ്മദ് ഷാഫി, അഭിനേതാക്കളായ ചിത്ര, ലത്തീഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
കൊറോണ ഭീതി ആളുകളിൽ നിലനിൽക്കുന്ന ഘട്ടത്തിൽ തന്നെ ലളിതവും വ്യക്തവുമായി ബോധവത്കരണവും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശവും സാമൂഹിക പ്രതിബദ്ധതയും കാണിക്കുന്നതാണ് ചിത്രമെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
റഹീപ് മീഡിയയുമായി സഹകരിച്ച് നിർമിച്ച ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് കൾച്ചറൽ ഫോറം മീഡിയ ഗ്രൂപ്പ് അംഗം ഷാനു തേഞ്ഞിപ്പലവും സഹ സംവിധാനം ഫൗസിയ ജൗഹറും അനസ് വാടാനപ്പള്ളിയുമാണ്. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മുനീഷ് എ.സിയാണ് നിർമാതാവ്.
വാഹിദ സുബി കഥയും റിയാസ് കുട്ടൻ ക്യാമറയും സാലിം വേളം സാങ്കേതിക സഹായവും നൽകി. മിൻഹ അനസ്, ചിത്ര, ലത്തീഫ് വടക്കേകാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു കുടുംബ പാശ്ച്ചാതലത്തിൽ ചിത്രീകരിച്ച ഫീച്ചർ ഫിലും കൊറോണയെ കുറിച്ച് പേടിക്കുകയല്ല മറിച്ച് ശുചിത്വ കാര്യത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുകയും രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളെ കുറിച്ചുമാണ് പ്രേഷകരോട് സംവദിക്കുന്നത്.
ഫീച്ചർ ഫിലിം കൾച്ചറൽ ഫോറം ഖത്തർ യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്