തിരുവനന്തപുരം- രാഷ്ട്രീയത്തിൽ ഒരു വടി കിട്ടിയാൽ അത് നല്ലവണ്ണം പ്രയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ആരും പഠിപ്പിക്കേണ്ടതില്ല. അതിനി കോവിഡല്ല അതിനപ്പുറമുള്ളതായാലും കാര്യമില്ല. മുസ്‌ലിം ലീഗ് അംഗം കെ.എൻ.എ. ഖാദർ നൽകിയ കത്തായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ കൈയിൽ യഥാസമയം കിട്ടിയത്.
കോവിഡിന്റെ പേരിൽ നിയമസഭാ ദിനങ്ങൾ വെട്ടിച്ചുരുക്കുന്നന്നതിനെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സർക്കാറിനെതിരെ വിവിധ രീതിയിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കേയായിരുന്നു മുഖ്യമന്ത്രി, കോവിഡ് സാഹചര്യത്തിൽ നിയമ സഭ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.എൻ.എ. ഖാദർ കൊടുത്ത കത്ത് രേഖയാക്കിയത്. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ഖാദർ സഭയിലുണ്ടായിരുന്നില്ല. സഭ നിർത്തിവെക്കണമെന്ന് ഖാദറിന് പിന്നാലെ പ്രസംഗത്തിൽ ആവശ്യപ്പെട്ടത് പി.സി. ജോർജായിരുന്നു. സർവതന്ത്ര സ്വതന്ത്രനായ ജോർജിന് അഭിപ്രായം പറയാനും നിലപാടെടുക്കാനും ആരോടും ചോദിക്കേണ്ടതില്ല. ഒരു ഘട്ടത്തിൽ ജോർജിന്റെ നിയമസഭാ നിലപാട് മാത്രമല്ല വേഷവും സംഘിപക്ഷം ചേർന്ന് ഒ.രാജഗോപാലിന്റെതു പോലെയായിരുന്നു- കറുപ്പ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കനം തൂങ്ങുന്നത് പിണറായി സൈഡിലേക്കാണ്.
കെ.എൻ.എ. ഖാദറിന്റെ നിലപാട് അങ്ങനെയൊക്കെയാണെങ്കിലും ലീഗ് നിയമാസഭാ കക്ഷി നേതാവ് ഡോ.എം.കെ.മുനീറിന്റെ കോവിഡ്19 വിഷയത്തിലെ നിലപാടിൽ അതൊന്നും നിഴലിച്ചു കണ്ടേയില്ല.
കോവിഡ്19 മായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുവെന്നും ജനങ്ങളിലുണ്ടായ ഭീതിയും ആശങ്കയും പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തര പ്രമേയ ചർച്ചക്ക് തുടക്കമിട്ട ഡോ.മുനീർ ആരോഗ്യ മന്ത്രി കാര്യങ്ങളെ വൈകാരികമായി എടുക്കരുതെന്ന് ഓർമിപ്പിച്ചു. മനഃസാക്ഷിക്ക് നിരക്കുന്നത് പറയും. പ്രതിപക്ഷം വിഷയം ഉന്നയിക്കുമ്പോൾ ദോഷൈകദൃക്ക് എന്ന് പറയുന്നത് ശരിയല്ല. വൈറസ് ബാധയെ ആരോഗ്യ വകുപ്പിന് മാത്രം നിയന്ത്രിക്കാനാവില്ല. പ്രതിപക്ഷവും ജനങ്ങളും ഒരുമിച്ചാൽ മാത്രമേ തടയാനാകൂവെന്ന് മുനീർ സർക്കാറിന് തിരുത്ത് പറഞ്ഞു. വിഷയ വിവരവും അവതരണ രീതിയും കൊണ്ട് മുനീർ കോവിഡ്19 നേരിടുന്ന വിഷയത്തിൽ സർക്കാറിന്റെ വീഴ്ചകൾ എടുത്തുകാണിച്ചു. പ്രതിപക്ഷം ഈ വിഷയത്തിൽ ഒരു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് എന്തിനായിരുന്നുവെന്ന് ഇതു സംബന്ധിച്ച ചർച്ച പുരോഗമിക്കവേ മനസ്സിലായി. വൈദ്യശാസ്ത്രത്തെക്കുറിച്ച് അറിയാവുന്നയാൾ എന്ന നിലക്ക് മുനീറിന് വിഷയാവതരണം കാര്യക്ഷമമാക്കാൻ അൽപം പോലും അധ്വാനിക്കേണ്ടതില്ല. അനുവദിച്ച സമയം തീർന്നു തുടങ്ങിയപ്പോൾ ലീഗിൽ നിന്ന് പ്രസംഗിക്കേണ്ടിയിരുന്ന അഡ്വ.എം.ഉമ്മറിന്റെ സമയം കൂടി മുനീറിന് അനുവദിച്ചു നൽകി.
കോവിഡ് 19 വായുവിൽ കൂടി പകരുന്ന രോഗമായിരുന്നുവെങ്കിൽ എന്താകുമായിരുന്നു ലോകത്തിന്റെ അവസ്ഥയെന്ന് ഗൗരവപ്പെട്ട മുനീർ അങ്ങനെ സംഭവിക്കാത്തതിന് പ്രപഞ്ചനാഥനെ ഓർത്തു. കേരളവും ഇന്ത്യയുമൊക്കെ ഇതു പോലുള്ള വൈറസിനെ അതിജീവിക്കുന്നതിന് കാരണവും മുനീർ പറഞ്ഞു- നാട്ടിന്റെ അന്തരീക്ഷത്തിലെ അതിരൂക്ഷമായ മാലിന്യാവസ്ഥ. മാലിന്യാവസ്ഥയിൽ ജീവിച്ച്, ജീവിച്ച് നമുക്ക് അസാധാരണമായ പ്രതിരോധ ശേഷി നേടാനായിരിക്കുന്നു.
ഇറ്റലിയിൽ നിന്നും വരുന്നവരെ നിരീക്ഷിക്കാൻ 26 ന് തന്നെ കേന്ദ്രം നിർദേശം നൽകിയിരുന്നുവെന്ന കാര്യത്തിന് മുനീർ രേഖ നിരത്തി. രണ്ട് മൂന്ന് വിഷയത്തിൽ പാളിച്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം.
മാർച്ച് നാലിനാണ് കർശന നിർദേശം ലഭിച്ചതെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ വിശദീകരണം. കോവിഡ് വ്യാപനത്തിന് മുഖ്യ കാരണമായ ഈ വിഷയത്തിൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല പിന്നീട് വാർത്താസമ്മേളനത്തിലും ആരോഗ്യ മന്ത്രിയെ കടന്നാക്രമിക്കുകയുണ്ടായി.
രാഷ്ട്രീയ നേതൃത്വത്തിനൊപ്പം ജനങ്ങളും അണിചേർന്നാൽ മാത്രമേ ഇതു പോലുള്ള പ്രതിസന്ധികളെ അതിജീവിക്കാനാവുകയുള്ളൂ -മുനീർ പ്രസംഗിച്ചു നിൽക്കേ ഭരണ ബെഞ്ചുകളിൽ നിന്ന് ഉയർന്നു കേട്ട എതിർ ശബ്ദം സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇടക്കിടെ ഇടപെട്ട് അവസാനിപ്പിക്കുന്നത് കാണാമായിരുന്നു.
ഇങ്ങനെയൊരു ചർച്ച നടക്കാനും കോവിഡ് 19 നേരിടുന്നതിൽ ഉണ്ടായ പാളിച്ചകൾ തുറന്നു കാണിക്കാനും ഇടയായത് രമേശ് ചെന്നിത്തല കൊണ്ടുവന്ന ഒരു ഉപക്ഷേപമാണെന്ന് കോൺഗസിലെ അനിൽ അക്കര വിഷത്തിലെ രാഷ്ട്രീയം തൊട്ടു.
ഭരണ നിരയിൽ നിന്ന് സംസാരിച്ച ചിറ്റയം ഗോപകുമാർ, കെ.വി.അബ്ദുൽ ഖാദർ, മത്യു ടി. തോമസ്, രാജു എബ്രഹാം എന്നിവർ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നവരുടെ രാഷ്ട്രീയ ലാക്ക് എടുത്തു കാണിച്ചു. കോവിഡ് കേരളത്തിലെത്തിച്ചവരെന്ന് രാജു എബ്രഹാം ആവർത്തിച്ചു കുറ്റപ്പെടുത്തുന്ന ഇറ്റലി പ്രവാസികളെ ഇന്നലെയും കോന്നി അംഗം അതേ അവസ്ഥയിൽ തന്നെ നിർത്തി. ഇവരിൽ ഒരാൾ തനിക്കൊപ്പം സംഘടനയിൽ പ്രവർത്തിച്ചയാളാണെന്നും രാജു എബ്രഹാമിന്റെ ആവർത്തിച്ചുള്ള സാക്ഷ്യം. സാധാരണ ജലദോഷം പോലും സംശയത്തോടെ കാണുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തില്ലേ എന്ന് കേരള കോൺഗ്രസിലെ മോൻസ് ജോസഫിന് സംശയം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ താൻ പറഞ്ഞതിൽ നിന്ന് തെല്ലും പിറകോട്ടില്ലെന്ന് പ്രമേയ ചർച്ചയിലും ആവർത്തിച്ചു.
സർക്കാറിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷത്തിന്റെ പണി. പതിറ്റാണ്ടുകളായി കേരള ജനത ആരോഗ്യ മേഖലയിൽ ശ്രദ്ധിക്കുന്നവരാണ്. അവസാന ഉരുളക്കല്ല വയറ് നിറയുന്നത് എന്ന് ഓർക്കണം. സർക്കാറിന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി പ്രവർത്തിക്കുന്ന ജോലിയല്ല പ്രതിപക്ഷത്തിനുള്ളത്- കോവിഡ് 19 രോഗവ്യാപനത്തിന്റെ പേരിൽ നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോരിന്റെ ബാക്കി പത്രമായി പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ. ആരോഗ്യ മന്ത്രിക്ക് മീഡിയ മാനിയ ആണെന്ന പ്രതിപക്ഷത്തിന്റെ പരാമർശം സഭക്ക് പുറത്ത് സാമൂഹ്യ മാധ്യമങ്ങളിലും വലിയ വിവാദമായി തുടരവേയാണ് പ്രതിപക്ഷ നേതാവ് നിലപാട് ആവർത്തിച്ചിരിക്കുന്നത്. ഭരണ പക്ഷത്തിന്റെ വിമർശനങ്ങൾക്ക് അതേ ഭാഷയിൽ തന്നെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. എത്ര ആക്ഷേപിച്ചിട്ടും കാര്യമില്ല. പറയേണ്ട കാര്യങ്ങൾ പറയുക തന്നെ ചെയ്യും. സഹകരിക്കേണ്ടിടത്ത് സഹകരിക്കും.
സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ ശഫക് ഖാസിം ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന കാര്യം ഇരുചെവി അറിയാതെയിരിക്കുകയായിരുന്നു. സഭയിലെ തൊട്ടടുത്ത സീറ്റുകാരനായ പി.സി.ജോർജ് നാട്ടുകാരെ അറിയിച്ച ഈ വിഷയം ഇന്നലെയും പലരും പരാമർശിച്ചു. യു.പിക്കാരിയായ ഷഫക് ഇറ്റലിയിൽ എം.ഫിൽ ചെയ്യുന്നു. ഇനിയെന്ന് ഇങ്ങോട്ട് വാരാനാകുമെന്ന് ആർക്കും ഒരെത്തും പിടിയുമില്ല. ഇവിടെ വന്നാൽ നമുക്ക് നോക്കാം എന്നാണ് മന്ത്രി ശൈലജ ടീച്ചറുടെ പോലും സാന്ത്വാനം.
കോവിഡ് ചർച്ചക്ക് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ മറുപടി അതിവിനയ ഭാഷയിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ പ്രസംഗം ശ്രദ്ധിക്കാത്തതിന്റെ പേരിൽ സഭയിൽ പറഞ്ഞു പോയ വാക്കുകൾക്ക് അപ്പോൾ തന്നെ പോയി ഖേദം പറഞ്ഞിട്ടുണ്ടെന്ന് ടീച്ചറുടെ വിശദീകരണം. മന്ത്രി എ.കെ. ശശീന്ദ്രനുമായി രമേശ് ചെന്നിത്തല സംസാരിക്കുന്നത് കണ്ടപ്പോഴായിരുന്നു തന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പെരുമാറ്റമുണ്ടായത്. അപ്പോൾ തന്നെ ചെന്നിത്തലയുടെ അടുത്തു പോയി ക്ഷമ ചോദിച്ചിരുന്നു -ശൈലജ ടീച്ചർ തന്റെ വേറിട്ട നിലപാട് സഭയെ അറിയിച്ചു.
കോവിഡ് കാലത്ത് താൻ നടത്തിയ പ്രവർത്തനങ്ങൾ മന്ത്രി അതിവിനയത്തോടെ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷത്ത് ഒരു മനം മാറ്റവും കണ്ടില്ല. ദയവായി പരിഹസിക്കരുത് -ടീച്ചർ പ്രതിപക്ഷത്തോട് അഭ്യർഥിച്ചു.
കോവിഡിന്റെ സാഹചര്യത്തിൽ സഭാ ദിനങ്ങൾ വെട്ടിച്ചുരുക്കാനുള്ള പ്രമേയത്തെ പ്രതിപക്ഷം എതിർത്തെങ്കിലും ഫലമുണ്ടായില്ല. എല്ലാ വകുപ്പുകളിന്മേലുമുള്ള ധനാഭ്യർഥന ചർച്ചയില്ലാതെ പാസാക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിയുമ്പോൾ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തായിരുന്നു. സർക്കാർ നടപടിയെ ഒളിച്ചോട്ടം എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. നിയമസഭയിൽ സ്പീക്കറുടെ കസേര മറിച്ചിടുന്നതുൾപ്പെെടയുള്ള കാര്യങ്ങൾ നടന്നതിന്റെ അഞ്ചാം വാർഷികത്തിൽ ഉണ്ടായ മറ്റൊരു നാണക്കേടെന്നും ഏകാധിപത്യമെന്നും പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച എം.ഉമ്മർ, പി.ടി.തോമസ്, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണ്ൻ എന്നിവരെല്ലാം ഒറ്റക്കെട്ടായപ്പോഴും മുഖ്യമന്ത്രി എടുത്തിട്ട കെ.എൻ.എ. ഖാദറിന്റെ കത്ത് ചോദ്യചിഹ്നമായി അവശേഷിച്ചു. ഇനി നിയമസഭ ആറ് മാസം കഴിഞ്ഞു ചേർന്നാൽ മതി.