Sorry, you need to enable JavaScript to visit this website.

കള്ളിന് വീര്യം കൂട്ടാൻ കഞ്ചാവ്; കേസിൽ അന്വേഷണം ഇഴയുന്നു

പട്ടാമ്പി- കള്ളിന്റെ വീര്യം കൂട്ടാൻ കഞ്ചാവ് കലർത്തിയ കേസിൽ അന്വേഷണം ഇഴയുന്നു. കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് തൃത്താല മേഖലയിലെ മുഴുവൻ കള്ള്ഷാപ്പുകളും അടച്ചു പൂട്ടിയെങ്കിലും കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കള്ളിൽ മായം ചേർക്കുന്നതിനിടയിൽ പിടിക്കപ്പെട്ട സ്പിരിറ്റ് കടത്ത് വാഹനത്തിന്റെ ഡ്രൈവർ ഡ്രൈവർ സുൽത്താൻ ബത്തേരി സ്വദേശി ഹംസക്കെതിരേ അബ്കാരി ചട്ടപ്രകാരം കേസെടുത്തത് മാത്രമാണ് ഇതുവരെ ഉണ്ടായ നടപടി. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ഊർജിതമായ നടപടികളിലേക്ക് അധികൃതർ നീങ്ങാതിരിക്കുന്നത് ഉന്നതതല ഇടപെടൽ മൂലമാണെന്ന ആരോപണം ഉയരുന്നുണ്ട്.


പരിശോധനക്കെടുത്ത കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തൃത്താല മേഖലയിലെ 41 കള്ളു ഷാപ്പുകൾ എക്‌സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം അടച്ചു പൂട്ടിയത്. ഏഴു ഗ്രൂപ്പുകളിലായി എട്ട് ലൈസൻസികൾക്ക് എതിരേയായിരുന്നു നടപടി. ഫലത്തി ൽ തൃത്താല മേഖലയിൽ കള്ളുകച്ചവടം സ്തംഭിച്ചിരിക്കുകയാണ്. 
കഴിഞ്ഞ കൊല്ലം മെയ് 29 ന് കൂറ്റനാട് വാവന്നുരിലെ കള്ള് ഡിപ്പോക്കു സമീപം നിർത്തിയിട്ടിരുന്ന വാനിൽ നിന്ന് സ്പിരിറ്റ് പിടികൂടിയതോടെയാണ് കേസിന്റെ തുടക്കം. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ 1500 ലിറ്റർ കള്ളും കണ്ടെത്തി. കള്ളിൽ കലർത്തുന്നതിനാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത് എന്ന് അറസ്റ്റിലായ ഡ്രൈവർ മൊഴി നൽകുകയും ചെയ്തു. അന്ന് പരിശോധനക്ക് എടുത്ത കള്ളിന്റെ അഞ്ച് സാമ്പിളുകൾ കാക്കനാട്ടെ പരിശോധനാ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ഫെബ്രുവരിയിൽ പരിശോധനാഫലം പുറത്തു വന്നപ്പോഴാണ് കള്ളിൽ കഞ്ചാവ് കലർത്തിയതായി വ്യക്തമാവുന്നത്. കഞ്ചാവിന് ലഹരി പകരുന്ന രാസപദാർത്ഥമായ കന്നാ ബിനോയ്ഡിന്റെ അംശമാണ് കണ്ടെത്തിയത്. ഈ രാസവസ്തുവിന്റെ അംശം എത്രത്തോളമുണ്ടെന്ന് നിർണയിക്കുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്. 


കള്ളിന്റെ വീര്യം കൂട്ടുന്നതിന് പല നാടൻ പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. അതിലൊന്നാണ് കഞ്ചാവ് കിഴി കെട്ടിയിടൽ. അറസ്റ്റിലായ ഡ്രൈവർ ഇക്കാര്യത്തിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ തുടരന്വേഷണത്തിന്റെ ഭാഗമായി ഷാപ്പ് ലൈസൻസിന് എടുത്തവരെ വിശദമായി ചോദ്യം ചെയ്യുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല. അബ്കാരി കേസുകളിൽ പ്രതി ചേർക്കപ്പെടുന്നർക്ക് മദ്യവിൽപന നടത്തുന്നതിനുള്ള മറ്റു സ്ഥാപനങ്ങൾ നടത്താൻ അനുമതി നൽകാറില്ല. എന്നാൽ തൃത്താലയിൽ നടപടിക്ക് വിധേയനായ ഒരു വ്യക്തിയുടെ ചെർെപ്പുളശ്ശേരിയിലെ ബാർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. തൃത്താലയിലെ കള്ള് ഷാപ്പുകൾ അടച്ചു പൂട്ടിയെങ്കിലും ഈ സ്ഥാപനങ്ങളിലേക്ക് വേണ്ടി കള്ള് ചെത്തുന്നതിന് പെർമിറ്റ് ഉള്ള ചിറ്റൂരിലെ മൂന്ന് തെങ്ങിൻ തോപ്പുകളിൽ ഇപ്പോഴും കള്ള് ചെത്തൽ തുടരുകയാണ്. 
 

Latest News