Sorry, you need to enable JavaScript to visit this website.

വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം

റീജ വധക്കേസിലെ പ്രതി അൻസാറിനെ ജയിലേക്ക് കൊണ്ടു പോകുന്നു. ഇൻസെറ്റിൽ: കൊല്ലപ്പെട്ട റീജ 

തലശ്ശേരി- പെരിങ്ങത്തൂർ കരിയാടിൽ മത്സ്യം വാങ്ങാൻ പോകുകയായിരുന്ന വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് തലശ്ശേരി  അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)  ജഡ്ജി പി.എൻ വിനോദ് ഇരട്ട ജീവപര്യന്തം കഠിന തടവു കൂടാതെ പത്ത് വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയുമടയ്ക്കാൻ ശിക്ഷിച്ചു.  
കരിയാട് സേട്ടുമുക്കിലെ ചാക്കേരി താഴെ കുനിയിൽ ഹൗസിൽ ഗോപിയുടെ ഭാര്യ സി.കെ റീജ (39) കൊല്ലപ്പെട്ട കേസിലെ പ്രതി സമീപവാസിയായ   പെരിങ്ങത്തൂർ പുളിനമ്പ്രം വലിയകാട്ടിൽ ഹൗസിൽ കെ.വി അൻസാറി (27)നെയാണ് ശിക്ഷിച്ചത.് 


ബലാൽസംഗ കുറ്റമായ 376 എ പ്രകാരം പ്രതിയെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. കൊലപാതക കുറ്റമായ ഐ.പി.സി 302 പ്രകാരം പ്രതിയെ ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി ഇരയുടെ സ്വർണണ്ണാഭരണങ്ങൾ മോഷ്ടിച്ചെന്ന കുറ്റത്തിന് പത്ത് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. 


പിഴയടച്ചില്ലെങ്കെിൽ യഥാക്രമം ഒരു വർഷവും ആറ് മാസവും അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ കൊല്ലപ്പെട്ട റീജയുടെ ആശ്രിതർക്ക് നൽകണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. മോഷണ കുറ്റത്തിനുള്ള പത്ത് വർഷം കഠിന  തടവ് ആദ്യം അനുഭവിക്കണമെന്നും അതിന ശേഷം ഇരട്ട ജീവപര്യന്തം തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഇന്നലെ കാലത്ത് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.കെ രാമചന്ദ്രൻ വാദം നിരത്തി. സമാന രീതിയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പഞ്ചാബ് കോടതിയുടെ വിധിയെ ഉദ്ധരിച്ചാണ് പ്രോസിക്യൂഷൻ ഈ വാദം നടത്തിയത്. 


2017 ഓഗസ്ത് 14 ന് ഉച്ചക്ക് പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കരിയാട് കേളോത്ത് താഴെ വയൽ എന്ന സ്ഥലത്തെ തോടിന് കുറുകെ സ്ഥാപിച്ച സ്ലാബിന് സമീപം വെച്ചാണ് സംഭവം. വീട്ടിൽനിന്ന് മത്സ്യം വാങ്ങാനായി പോകുകയായിരുന്ന റീജയെ പ്രതി അൻസാർ കടന്നു പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ചെറുത്തു തോൽപിക്കാൻ ശ്രമിച്ച റീജയുടെ വായും മുഖവും പൊത്തിപ്പിടിക്കുകയും ശ്വാസം നഷ്ടപ്പെട്ട റീജയെ പ്രതി സമീപത്തെ തോട്ടിൽ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് റീജയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ താലിയുടെ 9 ഗ്രാം കഷ്ണവും കൈ വിരലിലെ മോതിരവും പ്രതി കൈക്കലാക്കി. പിന്നീട് റീജയെ തോട്ടിലെ  വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.


വിധി പ്രഖ്യാപനം കേൾക്കാൻ കൊല്ലപ്പെട്ട റീജയുടെ ഭർത്താവ് ഗോപി, മകൾ സ്വാതി ഉൾപ്പെടെയുള്ള ബന്ധുക്കളും ഒട്ടേറെ നാട്ടുകാരും കാലത്ത് തന്നെ കോടതിയിലെത്തിയിരുന്നു. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ടോടെ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. സംഭവത്തിന് ശേഷം പ്രതിയെ ജാമ്യത്തിലെടുക്കാൻ ബന്ധുക്കളോ മറ്റോ എത്താത്തതിനെ തുടർന്ന് പ്രതി ശിക്ഷാ വിധി വരെ ജയിലിൽ തന്നെയായിരുന്നു. 

 

 

Latest News