Sorry, you need to enable JavaScript to visit this website.

മാവേലിയെ തിരിച്ചുപിടിക്കേണ്ട കാലം

സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമായി മലയാളി കാണുന്ന മഹാബലിക്കെതിരെ അടുത്ത കാലത്തായി സംഘപരിവാർ ശക്തികൾ സജീവമായി രംഗത്തുവരുന്ന കാഴ്ചയാണ് കാണുന്നത്. മഹാബലിയെ ഒരു വശത്ത് സവർണനും മറുവശത്ത് കോമാളിയുമായി ചിത്രീകരിച്ചിരുന്ന രീതിക്കെതിരെ അദ്ദേഹത്തിന്റെ അസുരസ്വത്വം ഉയർത്തിപിടിക്കുന്ന ചർച്ചകൾ അടുത്ത കാലത്തായി കേരളത്തിൽ സജീവമായിട്ടുണ്ട്. അത്തരത്തിലുള്ള മാവേലിയുടെ ചിത്രങ്ങളും പ്രചാരത്തിലായിട്ടുണ്ട്.  മഹാബലിയുടെ രൂപത്തെ വികൃതമാക്കിയ നീക്കത്തിനെതിരേ നടപടി വേണമെന്നും അസുര ചക്രവർത്തിക്കു ചേർന്ന രൂപം നൽകാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ചില ദളിത് സംഘടനകൾ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നിവേദനവും നൽകിയിരുന്നു. 
ഈ സാഹചര്യത്തിലാണ് സംഘപരിവാർ ശക്തികൾ രംഗത്തുവരാനാരംഭിച്ചതെന്നത് കേവലം യാദൃച്ഛികമല്ല. കഴിഞ്ഞ വർഷം ഓണം മാവേലി സ്മരണയല്ല, വാമന സ്മരണയാണെന്ന വാദം ഉയർത്തി കൊണ്ടുവന്നിരുന്നു. സാക്ഷാൽ അമിത് ഷാ തന്നെ അത്തരത്തിൽ അഭിപ്രായപ്പെട്ടു. ആർ.എസ്.എസിന്റെ മുഖമാസികയായ കേസരിയിൽ ഓണം വാമനജയന്തിയാണെന്നു ലേഖനവും പ്രസിദ്ധീകരിച്ചു.അതിന്റെ തുടർച്ചയായ ഒരു സംഭവമാണ് ഇപ്പോൾ തൃക്കാക്കരയിൽ അരങ്ങേറുന്നത്. 
തൃക്കാക്കര വാമനക്ഷേത്രത്തിൽ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുകയാണ്. ക്ഷേത്രത്തിൽ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് നിർത്തിവെക്കണമെന്നാണ് അവരുടെ ആവശ്യം. കാരണം മറ്റൊന്നുമല്ല, അസുര ഗണത്തിൽപ്പെടുന്ന മാവേലി ദേവഗണത്തിൽ പെടുന്ന വാമനമൂർത്തിയുടെ ക്ഷേത്രത്തിൽ പാടില്ല! ഈയാവശ്യമുന്നയിച്ച് ഹിന്ദു ഐക്യവേദി കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കോടതിയാകട്ടെ കൊച്ചി ദേവസ്വം ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 
വാസ്തവത്തിൽ ആരായിരുന്നു മഹാബലി? മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ... എന്ന വരികൾ പാടാത്ത മുതിർന്ന മലയാളികൾ ആരുമുണ്ടാവില്ല. എന്നാൽ സഹോദരൻ അയ്യപ്പൻ രചിച്ച ഈ ഓണപ്പാട്ടിന്റെ ബാക്കി വരികൾ ആരും പാടാറില്ല. ആ വരികൾ ആരാണ് മാവേലി എന്നു വ്യക്തമാക്കും.

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി
ഭൂതി കെടുക്കാനവർ തുനിഞ്ഞു
കൗശലമാർന്നൊരു വാമനനെ 
വിട്ടു ചതിച്ചവർ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ 
ശീർഷം ചവിട്ടിയാ യാചകനും
അന്നുതൊട്ടിന്ത്യയധഃപതിച്ചു 
മന്നിലധർമ്മം സ്ഥലം പിടിച്ചു.

അന്ന് തൊട്ട് ഇന്ത്യ അധഃപതിച്ചെന്നും മന്നിലധർമ്മം സ്ഥലം പിടിച്ചു എന്നുമാണ് കവി പറയുന്നത്. കൂടാതെ തുടർന്ന് ശക്തമായ, ചാതുർവർണ്യത്തിലധിഷ്ഠിതമായ മതത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:

ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം
കൊല്ലുന്ന ക്രൂര മതവുമെത്തി
വർണവിഭാഗ വ്യവസ്ഥ വന്നു 
മന്നിടം തന്നെ നരകമാക്കി
മർത്യനെ മർത്യനശുദ്ധനാക്കും
മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലിൽകേറി 
തന്നിലിഷ്ടന്റൊലു താങ്ങും
സ്നേഹവും നാണവും കെട്ടരീതി
മാനവർക്കേകമാം ധർമമായി...
ബ്രാഹ്മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
ഇത്തരമൊരു മതത്തെ വെടിയണമെന്നും പറയുന്ന സഹോദരൻ അയ്യപ്പൻ യഥാർത്ഥ മതത്തെ കുറിച്ചും ചൂണ്ടികാട്ടുന്നു:

നമ്മളെത്തമ്മിലകറ്റും മതം
നമ്മൾ വെടിയണം നന്മ വരാൻ
സത്യവും ധർമ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദർശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം...

മാവേലി യാഥാർത്ഥ്യമായിരുന്നിരിക്കാം, മിത്തായിരുന്നിരിക്കാം. പക്ഷെ അക്കാലം മുന്നോട്ടുവെച്ച മനോഹരമായ സമത്വസങ്കൽപ്പമാണ് വാമനന്റെ വരവോടെ തകർന്നടിഞ്ഞത് എന്നർത്ഥം. വാസ്തവത്തിൽ ഓണത്തിനു നാം പൂജിക്കുന്ന തൃക്കാക്കരയപ്പൻ വാമനസങ്കൽപ്പം തന്നെയാണെന്നു പറയാറുണ്ട്. തൃപ്പൂണുത്തറയിലെ ഗംഭീരമായ ഓണാഘോഷത്തിലേയും നായകൻ വാമനൻ തന്നെ. അപ്പോഴും മാവേലിയുടെ അപദാനങ്ങൾ തന്നെയാണ് നാം പാടാറുള്ളത്. അതാണ് ഇപ്പോൾ മാറ്റാൻ ശ്രമിക്കുന്നത്.  ഓണം മാവേലിയിൽ നിന്ന് വാമനിലേക്ക് ഹൈജാക്ക് ചെയ്യപ്പെടുകയാണ് എന്നർത്ഥം. 
ഓണം മലയാളികളുടെ മൊത്തം ആഘോഷമായിരുന്നു എന്നതിൽ സംശയമില്ല. വിവിധ സമൂഹങ്ങളിൽ ആഘോഷരീതികളിൽ വലിയ അന്തരങ്ങൾ ഉണ്ടായിരുന്നെങ്കിലും. കാർഷിക ജീവിതവും പ്രാദേശിക പുതുവർഷവും ഒക്കെയാണു അതിനെ ആഘോഷമാക്കി മാറ്റിയിട്ടുള്ളത്. കാലാവസ്ഥയുടേയും ഭൂമിശാസ്ത്രത്തിന്റെയും കാർഷികവൃത്തിയുടേയും പ്രാദേശിക മിത്തിന്റെയുമൊക്കെ സ്വാധീനം ഓണത്തിനുണ്ട്.  ആ മിത്തിനെ രാഷ്ട്രീയ താല്പര്യത്തിനായി വികലമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. മാവേലി കേരളരാജാവായിരുന്നില്ലെന്നും വടക്കുനിന്ന് അക്രമിച്ചുവരികയാണുണ്ടായതാണെന്നും അത്തരത്തിലുള്ള വിദേശരാജാവിൽ നിന്ന് നാടിനെ രക്ഷിക്കുകയാണ് വാമനൻ ചെയ്തതെന്നുവരെ പോലും വാദങ്ങൾ എത്തിയിരിക്കുന്നു. 
തീർച്ചയായും മാവേലി ഒരു അവർണ്ണരാജാവാണെന്നു അനുമാനിക്കാം. അതാണല്ലോ മാവേലി ഭരണത്തിൽ അസൂയാലുക്കളായ ദേവന്മാർ ആ ഭരണത്തെ തകർക്കാൻ തീരുമാനിക്കുന്നത്. ആദ്യകാലങ്ങളിലെ ഓണാഘോഷങ്ങളിലെ പ്രകടമായ അവർണ്ണ ആധിപത്യം ഇതേകുറിച്ചു പഠിച്ചവർ ചൂണ്ടികാട്ടുന്നുമുണ്ട്. ഇതേകുറിച്ച് ഗവേഷണം നടത്തിയ ഡോ പി രൺജിത് രചിച്ച മലയാളിയുടെ ഭൂതകാലങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നതിങ്ങനെ. 'പാണർ, കുറിച്യർ തുടങ്ങിയ പഴം തമിഴ് വംശക്കാരുടെ കലാപ്രകടനങ്ങളിലും പില്ക്കാലത്ത് ഹൈന്ദവസമൂഹത്തിലെ സവർണ്ണരും അവർണ്ണരുമായ പല ജാതി സമുദായക്കാരുടെ അനുഷ്ഠാനങ്ങളിലും ആരാധനകളിലും പ്രത്യക്ഷപ്പെട്ട് ആധുനിക ദശയിൽ കേരളീയരുടെ ദേശീയാഘോഷമായി മാറിയതാണ് ഓണമെന്ന പ്രതിഭാസം.' പാണരുടേയും വേലരുടേയും മലയരുടേയും മറ്റും സമാഹരിക്കപ്പെട്ട ഫോക്ലോറിന്റെ പുനർവായനയിലൂടെ കോളനി പൂർവ്വ സമൂഹത്തിൽ അവർ രേഖപ്പെടുത്തുന്ന വ്യത്യസ്തത മനസ്സിലാക്കാൻ രൺജിത് ശ്രമിക്കുന്നു. അദ്ദേഹം പറയുന്നു. 
'പാണൻ, വണ്ണാൻ, മണ്ണാൻ, വേലൻ, പറയർ, പുലയർ, കണക്കർ, ചെറുമർ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളിൽ വലിയ പങ്കും പാടി നടന്നിരുന്നത്. ഇവർക്കൊന്നും ഓണത്തിനു കാര്യമായ അനുഷ്ഠാന ചടങ്ങുകളില്ലായിരുന്നു. എന്നാൽ അതിസമ്പന്നമായ ഇവരുടെ ആഖ്യാനപാരമ്പര്യം വ്യക്തമാക്കുന്നത് ഓണം അവരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു എന്നു തന്നെയാണ്. ഇവരുടെ പാട്ടുകളിലെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മാവേലിയുണ്ട്. കുറിച്യരുടെ മരമായപാട്ടിൽ അത് മാവോതിയാണ്. പാക്കനാർ പാട്ടിലും ഭദ്രകാളിപ്പാട്ടിലുമെല്ലാം മാവേലി കടന്നു വരുന്നു. ഓണം ദളിതരും ആഘോഷിച്ചിരുന്നു. 1810-1821 കാലഘട്ടത്തിൽ കേരളത്തിൽ സർവ്വേ നടത്തിയ വാർഡും കോണറും രേഖപ്പെടുത്തിയത് ഓണക്കാലം, ഏറ്റവും നികൃഷ്ടരായി പരിഗണിച്ചിരുന്ന പുലയർക്കുപോലും വിശ്രമത്തിന്റേയും സന്തോഷത്തിന്റേയും കാലമായിരുന്നു എന്നാണ്. അതവർക്ക് ജന്മിയുടെ ഔദാര്യമായിരുന്നില്ല, അവകാശമായിരുന്നു. എന്നാലവ അനുഷ്ഠാനങ്ങൾ വളരെ കുറഞ്ഞ വൈവിധ്യങ്ങൾ നിറഞ്ഞ 'ഓണങ്ങൾ' ആയിരുന്നു.' ഈയൊരവസ്ഥയുടെ ഓർമ്മകൾ പോലും മായ്ച്ചു കളയാനാണ് ഇപ്പോൾ സംഘടിതശ്രമം നടക്കുന്നത്. അതിന്റെ പ്രകടമായ തെളിവാണ് തൃക്കാക്കരയിൽ 'മഹാബലിയെ കോടതിയിൽ കയറ്റിയിരിക്കുന്ന' സംഭവം. അതിനെതിരെ ജാഗ്രരൂകരാകേണ്ട കാലമാണ് ഈ ഓണക്കാലം. അല്ലാതെ അർത്ഥരഹിതമായ ഗൃഹാതുരത്വം ആഘോഷിക്കുകയല്ല, വേണ്ടത്. 
 

Latest News