- അറാംകോക്ക് കൂടുതൽ ഓർഡറുകൾ
- ക്രൂഡ് വില ബാരലിന് 33.3 ഡോളർ
റിയാദ് - വിലയിടിവ് തടയുന്നതിനായി ഉൽപാദനം വെട്ടിക്കുറക്കാനുള്ള കരാർ പൊളിഞ്ഞതോടെ ആഗോള എണ്ണ വിപണിയിൽ റഷ്യയുടെ വിഹിതം സ്വന്തമാക്കുന്നതിന് സൗദി അറേബ്യ ശ്രമങ്ങൾ ഊർജിതമാക്കുന്നു. കുറഞ്ഞ നിരക്കിൽ എണ്ണ വാഗ്ദാനം ചെയ്ത് പ്രധാന വിപണികളിൽനിന്ന് റഷ്യൻ എണ്ണയെ പുറത്താക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് എണ്ണ മേഖലാ വൃത്തങ്ങൾ പറഞ്ഞു. യൂറോപ്പ് മുതൽ ഇന്ത്യ വരെ ലോകത്തെങ്ങുമുള്ള വിപണികളിൽ റഷ്യൻ ക്രൂഡ് ഓയിൽ വിഹിതം സ്വന്തമാക്കാനാണ് സൗദി അറാംകോ ശ്രമിക്കുന്നത്.
ഫ്രഞ്ച് കമ്പനിയായ ടോട്ടൽ, ഇറ്റാലിയൻ കമ്പനിയായ ഇനി, അസർബൈജാൻ കമ്പനിയായ സോകാർ, ഫിൻലാന്റ് കമ്പനിയായ നെസ്റ്റെ ഓയിൽ, സ്വീഡിഷ് കമ്പനിയായ പ്രൈം ഓയിൽ ആന്റ് ഗ്യാസ് എന്നിവ അടക്കം യൂറോപ്പിൽ റഷ്യൻ എണ്ണ വാങ്ങുന്ന വൻകിട റിഫൈനറികളുമായി സൗദി അറാംകോ ചർച്ചകൾ നടത്തിവരികയാണ്. വളരെ ആകർഷകമായ നിരക്കിൽ അടുത്ത മാസം ലോഡ് ചെയ്യുന്നതിന് റിഫൈനറി കമ്പനികൾ കൂടുതൽ സൗദി ക്രൂഡ് ഓയിലിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ആഗോള വിപണിയിൽ മൂന്നാഴ്ചക്കിടെ എണ്ണ വില 45 ശതമാനം തോതിൽ ഇടിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 20 ന് ഒരു ബാരൽ എണ്ണക്ക് 59.3 ഡോളറായിരുന്നു വില. വ്യാഴാഴ്ചയോടെ ഇത് 33.3 ഡോളറായി കുറഞ്ഞു.
കൊറോണ വ്യാപനം ആഗോള സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച ഭീതിയും ഇത് എണ്ണയാവശ്യത്തിൽ കുറവുണ്ടാക്കിയേക്കുമെന്ന കണക്കുകൂട്ടലുകളുമാണ് എണ്ണ വില കുത്തനെ കുറയാൻ കാരണം. ഉൽപാദനം വെട്ടിക്കുറക്കാനുള്ള കരാർ പൊളിച്ച റഷ്യക്കുള്ള തിരിച്ചടിയെന്നോണം അടുത്ത മാസം മുതൽ പ്രതിദിനം 12.3 ദശലക്ഷം ബാരൽ തോതിൽ എണ്ണ വിതരണം ചെയ്യുമെന്ന സൗദി അറാംകോ പ്രഖ്യാപനം ഈയാഴ്ച എണ്ണ വില കൂടുതൽ ഇടിയുന്നതിന് ഇടയാക്കി.
ഇപ്പോഴത്തേതിനേക്കാൾ 25 ശതമാനം അധികം ക്രൂഡോയിൽ അടുത്ത മാസം മുതൽ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. പ്രതിദിനം ശരാശരി 98 ലക്ഷം ബാരൽ തോതിലാണ് കമ്പനിയുടെ നിലവിലെ ഉൽപാദനം. പരമാവധി പ്രതിദിന സുസ്ഥിര ഉൽപാദന ശേഷി 12 ദശലക്ഷം ബാരലിൽനിന്ന് 13 ദശലക്ഷം ബാരലായി ഉയർത്തുന്നതിന് ഊർജ മന്ത്രാലയത്തിൽ നിന്ന് തങ്ങൾക്ക് നിർദേശം ലഭിച്ചതായി സൗദി അറാംകോ അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ അടുത്ത മാസം മുതൽ പ്രതിദിന ഉൽപാദനം 40 ലക്ഷം ബാരലിലേക്ക് ഉയർത്താൻ ആലോചിക്കുന്നതായി യു.എ.ഇയും അറിയിച്ചു.
പ്രതിദിന ഉൽപാദനത്തിൽ 15 ലക്ഷം ബാരലിന്റെ അധിക കുറവ് വരുത്തുന്നതിന് റഷ്യ വിസമ്മതിച്ചതോടെയാണ് സൗദി അറേബ്യ അടക്കമുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെയും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരെയും ചേർത്ത് രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പ് കരാർ പൊളിഞ്ഞത്. ഇതോടെ ഉൽപാദനം വലിയ തോതിൽ ഉയർത്താൻ സൗദി അറേബ്യയും യു.എ.ഇയും തീരുമാനിക്കുകയായിരുന്നു. യൂറോപ്പിലേക്ക് അമേരിക്ക യാത്രാ വിലക്കേർപ്പെടുത്തിയത് കൊറോണയുടെ പ്രത്യാഘാതത്തെ കുറിച്ച ഭീതി വർധിപ്പിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കിടെ മാർച്ച് രണ്ടിനും പത്തിനും മാത്രമാണ് എണ്ണ വില ഉയർന്നത്. മാർച്ച് രണ്ടിന് മൂന്നു ശതമാനവും പത്തിന് എട്ടു ശതമാനവും ഉയർന്നു. കഴിഞ്ഞ തിങ്കളാഴ്ച എണ്ണ വില 24 ശതമാനം ഇടിഞ്ഞ് 34.3 ഡോളറിലെത്തിയിരുന്നു. 1991 ജനുവരി 17 നു ശേഷം ആദ്യമായാണ് എണ്ണ വില ഒരു ദിവസത്തിനിടെ ഇത്രയും ഇടിയുന്നത്. രണ്ടാം ഗൾഫ് യുദ്ധം എന്ന പേരിൽ അറിയപ്പെടുന്ന കുവൈത്ത് വിമോചന യുദ്ധത്തിന് തുടക്കമായ 1991 ജനുവരി 17 ന് എണ്ണ വില 35 ശതമാനം ഇടിഞ്ഞിരുന്നു.