ദമാം - ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരായ സൗദി വനിതക്കും സിറിയക്കാരനും ദമാം ക്രിമിനൽ കോടതി 60,000 റിയാൽ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ദമാമിൽ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റ് നടത്തിയ സിറിയക്കാരൻ മുഹമ്മദ് ബിൻ ഖാസിം അൽഖിസ്തി, ഇതിനു കൂട്ടുനിന്ന സൗദി വനിത മൈസാ ബിൻത് ഇബ്രാഹിം മുസ്തഫ ഖതൂശ് എന്നിവർക്കാണ് ശിക്ഷ.
ബിനാമി സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും വിധിയുണ്ട്. ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽനിന്ന് സൗദി വനിതക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുന്ന സിറിയക്കാരന് പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കുമേർപ്പെടുത്തി. സൗദി വനിതയുടെയും സിറിയക്കാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
ദമാമിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റ് സിറിയക്കാരൻ സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. തന്റെ നാലു മക്കളെ സിറിയക്കാരൻ സ്ഥാപനത്തിൽ ജോലിക്കു വെച്ചിരുന്നു. മറ്റു ജോലിക്കാരെ നിയമിക്കുന്നതും പിരിച്ചുവിടുന്നതും വേതനം വിതരണം ചെയ്യുന്നതുമെല്ലാം സിറിയക്കാരൻ തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിദേശത്തു കഴിയുന്ന സ്വന്തം നാട്ടുകാരനായ പാർട്ണർക്ക് സിറിയക്കാരൻ ലാഭവിഹിതം പതിവായി അയച്ചുകൊടുക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.