റിയാദ്- പുതിയ കൊറോണ വൈറസ് കോവിഡ്-19 ന്റെ വ്യാപന സാധ്യതകള്‍ ഒഴിവാക്കാന്‍ സൗദിയിലെ എയര്‍പോര്‍ട്ടുകളിലും ടെര്‍മിനലുകളിലും സവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ജി.എ.സി.എ) ശുചീകരണ, അണുനശീകരണ നടപടികള്‍ ഊര്‍ജിതമാക്കി.
ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിയാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പ്രതിരോധ നടപടികള്‍ ജി.എ.സി.എ ശക്തമാക്കിയത്. വരുന്നതും പോകുന്നതും ഉള്‍പ്പെടെയുള്ള എയര്‍പോര്‍ട്ട് ടെര്‍മിനലുകളും വിമാനത്താവളങ്ങളിലുള്ള പൊതു സംവിധാനങ്ങളും അണുവിമുക്തക്കുന്നതിനുള്ള നടപടികളാണ് എല്ലാ ദിവസവും സ്വീകരിക്കുന്നത്.
യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഒരുക്കുന്നതിന് എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആധുനിക ഉപകരണങ്ങള്‍ ഉറപ്പാക്കുന്നതിന് ജി.എ.സി.എ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. പരിസ്ഥിതിക്ക് ഹാനികരമാകാത്ത വസ്തുക്കള്‍ ഉപയോഗിച്ചും ആഗോള സുരക്ഷയ്ക്കും ആരോഗ്യ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായും 24 മണിക്കൂറും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫീല്‍ഡ് സംഘങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നു.
എല്ലാ ടെര്‍മിനല്‍ വാതിലുകളും ചെക്ക് ഇന്‍ കൗണ്ടറുകളും പാസഞ്ചര്‍ ബ്രിഡ്ജുകളും വൃത്തിയാക്കുന്നുണ്ട്. ഇവക്ക് പുറമെ, യാത്രക്കാര്‍ കാത്തിരിക്കുന്ന കസേരകള്‍, സുരക്ഷാ പരിശോധന യന്ത്രങ്ങള്‍, ലഗേജ് കണ്‍വെയര്‍ ബെല്‍റ്റുകള്‍, ലഗേജ് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍, ടോയ്‌ലറ്റുകള്‍ എന്നിവയും അണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.
കൊറോണ വൈറസ് പടരാതിരിക്കാന്‍ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട ജാഗ്രതാ നടപടികളെ കുറിച്ച് ഉച്ചഭാഷണികളില്‍ യാത്രക്കാരെ ഉണര്‍ത്തുന്നുണ്ട്. ടെര്‍മിനലുകള്‍ക്കുള്ളില്‍ നല്‍കുന്ന മെഡിക്കല്‍ മാസ്‌കുകളും അണുവിമുക്തമായ ദ്രാവകങ്ങളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യാത്രക്കാരെ ഉണര്‍ത്തുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ പുതിയ കൊറോണ വൈറസ് തടയാന്‍ ജി.എ.സി.എ നിരവധി നടപടികളാണ് കൈക്കൊണ്ടത്. വൈറസ് വലിയ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കായി വിമാനങ്ങളിലും എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലും നിരവധി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. കൊറോണ സംശയിക്കുന്ന യാത്രക്കാരെ വേര്‍തരിക്കുന്നതിനും മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ പരിശീലനം നല്‍കിയിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന എല്ലാ യാത്രക്കാരേയും പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ നിര്‍ബന്ധിത താപ ക്യാമറകളിലൂടെ കടത്തിവിട്ടാണ് സുരക്ഷ ഉറപ്പാക്കുന്നത്. യാത്രക്കാര്‍ ഇറങ്ങിയതിനുശേഷം വിമാനം അണുവിമുക്തമാക്കുന്നതിനും ആവശ്യമായ മറ്റു മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും എല്ലാ എയര്‍പോര്‍ട്ടുകളിലും ആരോഗ്യ പരിശീലകരും മെഡിക്കല്‍ സംഘങ്ങളുമുണ്ട്.
കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് വലിയ ഭീഷണിയായി തുടരുന്ന രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നടപ്പിലാക്കുന്നതിനായി വിമാന കമ്പനികള്‍ക്ക് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തേക്ക് വരുന്ന വിമാനങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് വിമാന കമ്പനികള്‍ക്ക് നിരവധി സര്‍ക്കുലറകളാണ് ജി.എ.സി.എ ഇതിനകം നല്‍കിയത്.