ദോഹ- സമൂഹ ആരാധനാ കര്‍മങ്ങള്‍ കോറോണയുടെ നിഴലില്‍. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലും മുസ്‌ലിം പള്ളികളില്‍ ഇന്ന് നടന്ന് ജുമുഅ നമസ്‌കാരങ്ങള്‍ ഹ്രസ്വമായിരുന്നു. ഖുതുബ ചുരുക്കിയും ചെറിയ അധ്യായങ്ങളില്‍ ഖുര്‍ആന്‍ പാരായണം ഒതുക്കിയും 15-20 മിനിറ്റുകളില്‍ വെള്ളിയാഴ്ച നമസ്‌കാരം പൂര്‍ത്തിയാക്കി.
ഗള്‍ഫിലെ ക്രിസ്ത്യന്‍ പള്ളികളിലും ആരാധനകള്‍ക്ക് നിയന്ത്രണമുണ്ട്. കുര്‍ബാനകളും മറ്റും തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. മറ്റ് പ്രാര്‍ഥനാപരിപാടികളും സണ്‍ഡേ ക്ലാസ്സുകളും നിര്‍ത്തിവെച്ചു.
ദോഹ അബു ഹമൂറിലെ റിലീജിയസ് കോംപ്ലക്‌സിലെ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനയും മറ്റ് പ്രാര്‍ഥനാ പരിപാടികളും 22 വരെ റദ്ദാക്കി. റിലീജിയസ് കോംപ്ലക്‌സിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പള്ളിയിലേക്കുള്ള പ്രവേശനം പുരോഹിതര്‍, പാസ്റ്റര്‍മാര്‍, ഓഫിസ് ഭാരവാഹികള്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
ഖത്തറിലെ എല്ലാ മുസ്‌ലിം പള്ളികളുടെ പ്രവര്‍ത്തനങ്ങളും പരിമിതപ്പെടുത്തി. ഓരോ തവണയും പ്രാര്‍ഥന കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ പള്ളി അടയ്ക്കണമെന്ന് ഔഖാഫ് മന്ത്രാലയത്തിന്റെ നിര്‍ദേശം. രോഗപ്രതിരോധ നടപടികളുടെ ഭാഗമായാണ് കര്‍ശന നിയന്ത്രണം. ബാങ്ക് വിളി കഴിഞ്ഞാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ പ്രാര്‍ഥന ആരംഭിക്കണം. ഈ സമയം ജനാലകള്‍ തുറന്നിട്ട് കൃത്യമായ വായുസഞ്ചാരം ഉറപ്പാക്കണം.
പനി, ചുമ, മൂക്കൊലിപ്പ് എന്നിവയുള്ളവര്‍ പള്ളികളിലെ പ്രാര്‍ഥന ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.