കുവൈത്ത് സിറ്റി -അറബ് വംശജരായ ചില രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതാണ് കുവൈത്തില്‍ സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റിവെക്കാനിടയാക്കിയത് എന്നറിയുന്നു. നൂറുകണക്കിന് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ തീരുമാനം. സൗദിയിലും സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചതില്‍ വിദ്യാര്‍ഥികള്‍ ആശങ്കാകുലരാണ്.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പൊതു അവധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകളും മാറ്റിയത്. നേരത്തെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും ബോര്‍ഡ് പരീക്ഷ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു. അന്ന് ഏതാനും പരീക്ഷകള്‍ തടസമില്ലാതെ നടത്തിയിരുന്നു. പൊതുഅവധി പ്രാബല്യത്തില്‍ വന്ന വ്യാഴാഴ്ച 10 ലെ കണക്ക് പരീക്ഷയും നടന്നു.
സി.ബി.എസ്.ഇ തീരുമാനിക്കുന്നതിനനുസരിച്ചാകും ഇനി പരീക്ഷാ തിയതി. വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് പരീക്ഷ മാറ്റിവച്ച ദല്‍ഹിയില്‍ 21 മുതല്‍ 30 വരെ പരീക്ഷാ തിയതി നിശ്ചയിച്ചിട്ടുണ്ട്. കുവൈത്തില്‍ കോവിഡ്19നെതിരായ മുന്‍കരുതലിന്റെ ഭാഗമായി 29 വരെ അവധിയാണ്. സാഹചര്യം മെച്ചപ്പെട്ടാല്‍ മാത്രമേ ഇനി വിദ്യാലയങ്ങള്‍ തുറക്കൂ.
തുടര്‍പഠനം നാട്ടിലാക്കാന്‍ ആഗ്രഹിക്കുന്ന പത്താം ക്ലാസ്സുകാരും പ്രവേശന പരീക്ഷകള്‍ക്ക് ഒരുങ്ങുന്ന പന്ത്രണ്ടാം ക്ലാസ്സുകാരും ഇതിലൂടെ പ്രതിസന്ധിയിലായിരിക്കുകയാണ്. മെയ് മൂന്നിന് നീറ്റ് പരീക്ഷയാണ്. ഇത് നീട്ടിവെക്കുമെന്ന പ്രതീക്ഷയിലാണ് പല രക്ഷിതാക്കളും.