മലപ്പുറം- കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് തങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി കൊല്ലപ്പെട്ട്ടുവെന്നത് ഏറെ നടുക്കത്തോടെയാണ് കേൾക്കാൻ സാധിച്ചത്ഈ നിയമ വിരുദ്ധ പ്രവർത്തിയെ ശക്തമായി അപലപിക്കുന്നു. ഇതിനു പിന്നിൽ ആരാണെങ്കിലും സൗഹാർദ്ദാന്തരീക്ഷം തകർക്കുക മാത്രമാണവരുടെലക്ഷ്യം. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുൻപിൽ കൊണ്ടു വരണം. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുത്. പ്രദേശത്ത് സമാധാനം നിലനിർത്താൻ മുഴുവൻ സഹോദരങ്ങളും ഒന്നായ് രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. മുനവ്വറലി തങ്ങള്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി ബിപിനെ തിരൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. തിരൂരില്‍ ബിജെപി-ആര്‍എസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി എട്ടു മണിവരെയാണ് ഹര്‍ത്താലാചരിക്കുകയെന്ന് ബിജെപി അറിയിച്ചു.
ഫൈസല്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിബിനെ ഫെബ്രുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഏപ്രിലില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങി. സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഫൈസല്‍ എന്ന അനില്‍ കുമാര്‍ ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ ആര്‍ എസ് എസ് തിരൂര്‍ താലൂക്ക് സഹകാര്യവാഹ് മഠത്തില്‍ നാരായണന്‍ ഉള്‍പ്പെടെ 14 ആര്‍ എസ് എസ്, ബിജെപി, വിഎച്ച്പി പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.