റിയാദ്- കൊറോണ ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ജുമുഅ നമസ്‌കാരം ഒഴിവാക്കാമെന്ന് സൗദി പണ്ഡിത സമതി അറയിച്ചു.
സമിതിയുടെ 24 ാമത് അസാധാരണ യോഗമാണ് കൊറോണ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ജുമുഅ നമസ്‌കാരത്തിലെ പങ്കാളിത്തം ചര്‍ച്ച ചെയ്തത്.
കൊറോണ രോഗം ബാധിച്ചവര്‍ ജുമുഅ നമസ്‌കാരത്തിനോ മറ്റു നമസ്‌കാരങ്ങള്‍ക്കോ പള്ളിയില്‍ പോകുന്നത് നിഷിദ്ധമാണ്.
നിരീക്ഷണത്തിലും ഐസൊലേഷനിലുമാക്കിയവരും പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിനും മറ്റു നമസ്‌കാരങ്ങള്‍ക്കും പോകരുത്. ഇത്തരക്കാര്‍ വീടുകളിലും ഐസൊലേഷന്‍ കേന്ദ്രങ്ങളിലുമാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്.
രോഗം ബാധിക്കുമെന്നോ മറ്റുള്ളവര്‍ക്ക് രോഗം പകരാനിടയുണ്ടെന്നോ സംശയിക്കുന്നവര്‍ ജുമുഅ നമസ്‌കാരത്തിനോ മറ്റു നമസ്‌കാരങ്ങള്‍ക്കോ പള്ളികളില്‍ പോകേണ്ടതില്ല. ഇതിന് അവര്‍ക്ക് അനുവാദമുണ്ട്.
ജുമുഅ നമസ്‌കാരത്തിനു പോകാത്തവര്‍ വീടുകളില്‍ നാല് റക്അത്ത് ദുഹര്‍ നമസ്‌കാരം നിര്‍വഹിക്കുകയാണ് വേണ്ടതെന്നും സമിതി അറിയിച്ചു. അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പണ്ഡിത സമിതി അഭ്യര്‍ഥിച്ചു.
വലിയ പള്ളികള്‍ക്കു സമീപമുള്ള ചെറിയ പള്ളികളിലും ജുമുഅ നടത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.