Sorry, you need to enable JavaScript to visit this website.

കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

തിരൂരിൽ സംഘർഷം, നിരോധനാജ്ഞ  അന്വേഷണത്തിനു പ്രത്യേക സംഘം
തിരൂർ- കോളിളക്കം സൃഷ്ടിച്ച കൊടിഞ്ഞി ഫൈസൽ കേസിലെ രണ്ടാം പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബാബുവിന്റെ മകൻ വിപിനാണ് (24) വ്യാഴാഴ്ച രാവിലെ ഏഴരയോടെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട്ട് കൊല്ലപ്പെട്ടത്. നിർമാണ തൊഴിലാളിയായ വിപിൻ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകവേ, ബൈക്കിലെത്തിയ സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വഴിയാത്രക്കാരും പ്രദേശവാസികളും ഓടിയെത്തുംമുമ്പ് മുമ്പ് പ്രതികൾ രക്ഷപ്പെട്ടു. ബിപിനെ ഉടൻ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ശരീരമാസകലം വെട്ടേറ്റുമുറിഞ്ഞ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. 
രാവിലെ മദ്രസയിലേക്കു പോവുകയായിരുന്ന കുട്ടികളും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുമാണ് സംഭവം ആദ്യമറിയുന്നത്. 


ഇസ്‌ലാം മതം സ്വീകരിച്ച കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വധിച്ച കേസിലെ രണ്ടാം പ്രതിയും കൃത്യത്തിൽ നേരിട്ടു പങ്കുള്ളയാളുമാണ് വിപിൻ. റിമാൻഡിലായിരുന്ന വിപിൻ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. വിപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ ബി.ജെ.പി തിരൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചു. 
ഹർത്താലിൽ വിവിധ ഇടങ്ങളിൽ അക്രമ സംഭവങ്ങളുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത് കുമാർ, മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ, തിരൂർ ഡിവൈ.എസ്.പി വി.എ ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരൂർ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. മൂന്നു ബൈക്കുകളിലായി ആറു പേർ കൊലപാതക സംഘത്തിൽ ഉണ്ടായതായാണ് പോലീസ് സംശയിക്കുന്നത്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. സംശയമുള്ള ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേസന്വേഷണത്തിനു മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് രൂപം നൽകി. സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാരെയും ജില്ലയിലെ മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചതെന്ന് ഐ.ജി. എം.ആർ അജിത് കുമാർ പറഞ്ഞു. വിപിൻ വധത്തിനു ഫൈസൽ വധക്കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഐ.ജി പറഞ്ഞു. 
പൊയ്‌ലിശേരി വഴി പ്രതികൾ രക്ഷപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. ഈ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. 
ഈ മാസം രണ്ടിനു ഫൈസൽ വധക്കേസിലെ 14ാം പ്രതി തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി ടി. ലിജീഷിനെ (27) ഒരു സംഘം പരപ്പനങ്ങാടിയിൽ കാറിടിച്ച് വധിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാം പ്രതി വിപിന്റെ കൊലപാതകം. 
ആറു മാസം മുമ്പാണ് കൊടിഞ്ഞിയിൽ മതം മാറിയ ഫാറൂഖ് നഗർ പുല്ലാണി അനന്തകൃഷ്ണൻ നായരുടെ മകൻ അനിൽ കുമാർ എന്ന ഫൈസലി (30)നെ കൊലപ്പെടുത്തിയത്. മങ്കടക്കുറ്റി റോഡിൽ ദാരുണമായി മരിച്ച നിലയിലായിരുന്നു ഫൈസലിന്റെ മൃതദേഹം. ഗൾഫിലെ ജോലി സ്ഥലത്തേക്കു തിരിച്ചു പോകാനിരിക്കേ സംഭവ ദിവസം തിരുവനന്തപുരത്തുനിന്ന് എത്തിയ ഭാര്യാ പിതാവിനെയും കുടുംബാംഗങ്ങളെയും സ്വീകരിക്കാനായി പുലർച്ചെ താനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയുമായി പോകുമ്പോഴാണ് അക്രമികൾ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയത്.  

Latest News