തിരുവനന്തപുരം - സംസ്ഥാനത്ത് മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി മന്ത്രി കെ. രാജു നിയമസഭയെ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ മേഖലകളിലെ മുഴുവൻ പക്ഷികളെയും കൊന്നൊടുക്കി രോഗം പകരാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. ഇതിനായി പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചു. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പക്ഷിപ്പനിയുടെ പ്രധാന വാഹകർ ദേശാടനപക്ഷികളാണ്. തിരുവനന്തപുരത്ത് എം.എൽ.എ ഹോസ്റ്റലിനടുത്ത് കൊക്കുകൾ ചത്തത് പക്ഷിപ്പനി കാരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇവയിലൊന്നിന്റെ കാലിൽ പട്ടത്തിന്റെ നൂൽ ചുറ്റിയിരുന്നു. മാത്രമല്ല ഇവ ചത്തിട്ട് നാല് ദിവസമായെന്നും മന്ത്രി പറഞ്ഞു. മൃഗ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ കുടപ്പനക്കുന്നിൽ അത്യാധുനിക സൗകര്യമുള്ള മൾട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി പ്രവർത്തിക്കുന്നുണ്ട്. മൃഗ സംരക്ഷണ വകുപ്പിനെ കാലോചിതമായി പരിഷ്‌കരിക്കുന്നതിന് സമഗ്ര പദ്ധതി ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 120 ഡയറി ഫാം ഇൻസ്ട്രക്ടർമാരെ നിയമിക്കും. പശുക്കളിൽ അടുത്തിടെയുണ്ടായ ലംബി ത്വക്ക് രോഗം കാരണം പാലുൽപാദനം കുറഞ്ഞിട്ടുണ്ട്. രൂക്ഷമായ വരൾച്ചയും ഇതിന് കാരണമായിട്ടുണ്ട്. പ്രതിദിനം 41,000 ലിറ്ററിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ലംബി ത്വക്ക് രോഗത്തിനുള്ള പ്രതിരോധ മരുന്ന് ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും ഗീതാ ഗോപി, മുല്ലക്കര രത്‌നാകരൻ, ഇ.കെ. വിജയൻ, എൽദോ എബ്രഹാം, സി.കെ. ശശീന്ദ്രൻ, വി. ജോയി, പി.ജെ. ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാട് കയറ്റുന്നതിന് സ്‌പെഷ്യൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്‌സിനെയും വനം വകുപ്പ് ജീവനക്കാരെയും താൽക്കാലിക വാച്ചർമാരെയും ഉൾപ്പെടുത്തി എലിഫന്റ് ആന്റി ഡിപ്രഡേഷൻ സ്‌ക്വാഡുകളെയും സജ്ജ മാക്കിയിട്ടുണ്ടെന്നും മന്ത്രി കെ. രാജു ഐ.വി. സതീഷ്, ആന്റണി ജോൺ, സി.കെ. ശശീന്ദ്രൻ, രാജു എബ്രഹാം എന്നിവരെ അറിയിച്ചു.
മുത്തൂറ്റ് ശാഖകളിലെ 166 തൊഴിലാളികളെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ഒരു നിയമത്തെയും അംഗീകരിക്കില്ലെന്ന മാനേജ്‌മെന്റ് നിലപാട് സ്വീകാര്യമല്ല. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. സമാധാനപരമായ ഒത്തുതീർപ്പിന് സർക്കാർ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും തോട്ടം മേഖലയിലെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്ലാന്റേഷൻ വർക്കേഴ്‌സ് റിലീഫ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഇ.എസ്. ബിജിമോൾ, ഇ.ടി. ടൈസൺ, വി.ആർ. സുനിൽ കുമാർ, കെ. രാജൻ, വി.ടി. ബൽറാം, അൻവർ സാദത്ത്, എം. സ്വരാജ് എന്നിവരെ മന്ത്രി അറിയിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇക്കഴിഞ്ഞ ജനുവരി വരെ 43,842 പേർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നൽകി. പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 1,45,943 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അധിക മാർക്ക് മോഡറേഷനിലൂടെ നാല് വിദ്യാർഥികൾക്ക് ഇതിനകം ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി കെ.ടി ജലീൽ അറിയിച്ചു. സംസ്ഥാനത്ത് നിയമ സർവകലാശാല രൂപീകരിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും എന്നാൽ നിയമ വിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിക്കുന്നത് പരിശോധിക്കുമെന്നും ഷാനിമോൾ ഉസ്മാൻ, എ.പി അനിൽ കുമാർ, വി.ടി. ബൽറാം, അനിൽ അക്കര, മോൻസ് ജോസഫ് എന്നിവരെ മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൂടുതൽ കുപ്പിവെള്ള പ്ലാന്റുകൾ ആരംഭിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ആലുവ, കോഴിക്കോട്, കാട്ടാക്കട എന്നിവിടങ്ങളിലാണ് പുതിയ പ്ലാന്റുകൾ പരിഗണനയിലുള്ളത്. അരുവിക്കര പ്ലാന്റിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
തൊടുപുഴ പ്ലാന്റിൽ നിന്നും 50,000 ലിറ്റർ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്നുണ്ട്. കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കിഡ്ക്) പദ്ധതികളുടെ ചുമതലയെന്നും കെ. ദാസനെ മന്ത്രി അറിയിച്ചു.
മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കിയതിനെത്തുടർന്ന് റോഡ് അപകട മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. കഴിഞ്ഞ വർഷം ജനുവരിയിൽ മരണസംഖ്യ 459 ആയിരുന്നത് ഈ വർഷം 387 ആയി കുറഞ്ഞു. 2018 ഡിസംബറിൽ 436 ആയിരുന്നത് 360 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം 41,111 വാഹനാപകടങ്ങളും അപകടങ്ങളിൽ 4440 മരണങ്ങളുമുണ്ടായി. 46055 പേർക്ക് പരിക്കേറ്റുവെന്നും പാറക്കൽ അബ്ദുല്ലയെ മന്ത്രി അറിയിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 296 സർക്കാർ ഐ.ടി കമ്പനികളിലായി 22710 പ്രത്യക്ഷമായും അതിന്റെ മൂന്നിരട്ടി പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജു എബ്രഹാമിനെ അറിയിച്ചു.