തിരുവനന്തപുരം-കൊറോണയുടെ തീവ്രത പോലും മനസിലാക്കാതെയാണ് പലരും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. കുടുംബത്തിലെ പല ആളുകളും സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ ചിതറികിടക്കുമ്പോളാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ഓരോ ആളുകളേയും എത്രമാത്രം വിഷമത്തിലാക്കുന്നെന്ന് വാര്‍ത്തകള്‍ ചമച്ച് വിടുന്നവര്‍ക്ക് അറിയില്ല.
എന്നാല്‍ ഇത്തരക്കാര്‍ക്ക് തക്ക ശിക്ഷ ലഭിക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തുള്ളവര്‍ നേരത്തെ മുതല്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ഇതാ ഡിജിപി ലോക് നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കുകയാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇനി ജാമ്യം പോലും കിട്ടില്ല. ഡിജിപി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളും വീതം രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയതായി കണ്ണൂരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിന് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് ഇതുവരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് അറസ്റ്റിലായത് 8 പേരാണ്. 11 കേസുകളും നിലവില്‍ വിവധ സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വ്യാജ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ മാത്രമല്ല അത് ഷെയര്‍ ചെയ്യുന്നവര്‍ക്കും എട്ടിന്റെ പണി വരുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ സംസ്ഥാനത്തെ ഓരോ സ്‌റ്റേഷന്‍ പരിധിയിലും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയ നിരീക്ഷിക്കും. വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാന്‍ സൈബര്‍ ഡോമിന്റെ സഹായം തേടും.